
തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷനിൽ ഭൂരിപക്ഷമുറപ്പിച്ച് ഇടതുമുന്നണി തിളങ്ങി. തലസ്ഥാന ജില്ലയിലെ പിടിവിടാതെ ഇടതുമുന്നണി വിജയം ആവർത്തിച്ചുവെങ്കിലും മുനിസിപ്പാലിറ്റികളിലെ പതർച്ച മുന്നറിയിപ്പായി. യു.ഡി.എഫ് തളർന്ന ജില്ലയിലെ തിരഞ്ഞെടുപ്പിൽ മുനിസിപ്പാലിറ്റികളിൽ ബി.ജെ.പി.മുന്നേറിയത് മാത്രമാണ് ഇത്തവണ എടുത്തുപറയാവുന്ന മാറ്റം.
തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിക്കുമെന്ന് പറഞ്ഞിരുന്ന ബി.ജെ.പിക്ക് ഇക്കുറി കാര്യമായ മുന്നേറ്റം നടത്താനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച 34സീറ്റിൽ തന്നെ അവരുടെ വളർച്ച ഒതുങ്ങി. എന്നാൽ ഇടതുമുന്നണി 42 ൽ നിന്ന് 51 സീറ്റിലേക്ക് കുതിച്ച് കേവല ഭൂരിപക്ഷം ഉറപ്പാക്കി. യു.ഡി.എഫ് നഗരത്തിൽ ചുരുങ്ങി. 21 ൽ നിന്ന് 10 ആയി.
ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിലും ഭരണം നിലനിറുത്താൻ ഇക്കുറിയും ഇടതുമുന്നണിക്കായി. എന്നാൽ ആറ്റിങ്ങൽ, വർക്കല നഗരസഭയിൽ ബി.ജെ.പി മുന്നേറ്റത്തിൽ ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കിയ കാഴ്ചയാണിത്തവണത്തെ ശ്രദ്ധേയമായ മാറ്റം. നെയ്യാറ്റിൻകരയിൽ ബി.ജെ.പി അഞ്ചിൽ നിന്ന് 9 ആക്കി കൂട്ടിയപ്പോൾ 44 അംഗ സഭയിൽ ഇടതുമുന്നണിക്ക് ഇക്കുറി കേവല ഭൂരിപക്ഷം ഉറപ്പിക്കാനായില്ല.18 സീറ്റാണ് കിട്ടിയത്. വർക്കലയിൽ ബി.ജെ.പി നാലിൽ നിന്ന് 11ലേക്ക്കുതിച്ചു. 33 അംഗ സഭയിൽ 12 സീറ്റുകൾ നേടാനെ ഇടതുമുന്നണിക്കായുള്ളു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 18 സീറ്റുണ്ടായിരുന്നു. നേരത്തെ പത്തുസീറ്റുകളുണ്ടായിരുന്ന യു.ഡി.എഫും ഇവിടെ ഏഴിലേക്ക് താണു.
73 ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫിൽ നിന്ന് രണ്ടു പഞ്ചായത്തുകൾ കൂടി ഇടതുമുന്നണി പിടിച്ചെടുത്തു. ഭരണം 50 ൽ നിന്ന് 52 പഞ്ചായത്തുകളിലേക്ക് വളർന്നു. യു.ഡി.എഫ് 19 ൽ നിന്ന് 17ആയി കുറഞ്ഞു. ബി.ജെ.പി നാലുപഞ്ചായത്തുകളിലെ ഭരണം നിലനിറുത്തി. ബി.ജെ.പിക്ക് ജില്ലാപഞ്ചായത്തിലുണ്ടായിരുന്ന വെങ്ങാനൂർ ഡിവിഷനിലെ ഏക സീറ്റും ഇത്തവണ നഷ്ടമായി. ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് ആറ് സീറ്റ് നിലനിറുത്തി. ഇടതുമുന്നണി ഇക്കുറി ബി.ജെ.പിയിൽ നിന്നുള്ള സീറ്റും കൂടി പിടിച്ചെടുത്ത് 19 ൽ നിന്ന് 20 ആയി.ബ്ളോക്ക് പഞ്ചായത്തിൽ അവർ നേമം ബ്ളോക്കിൽ രണ്ടിൽ നിന്ന് നാലുസീറ്റായി ഉയർത്തി.കൂടാതെ അതിയന്നൂരിൽ രണ്ടുസീറ്റും കരസ്ഥമാക്കി. സീറ്റെണ്ണം രണ്ടിൽ നിന്ന് ആറാക്കി ഉയർത്തി. അതേ സമയം യു.ഡി.എഫ് ആകെയുള്ള 11ബ്ളോക്കുകളിൽ കൈലുണ്ടായിരുന്ന ഒരെണ്ണം നഷ്ടപ്പെട്ട് വെള്ളനാട് മാത്രമായി ചുരുങ്ങി.
#ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ വിജയം (ബ്രാക്കറ്റിൽ കഴിഞ്ഞ വർഷത്തെ ഫലം)
ഗ്രാമപഞ്ചായത്ത്: ആകെ 73, യു.ഡി.എഫ്. 17(19) ഇടതുമുന്നണി 52(50) ബി.ജെ.പി. 4(4)
ബ്ളോക്ക് പഞ്ചായത്ത്: ആകെ 11 യു.ഡി.എഫ്. 1(2) ഇടതുമുന്നണി 10(9)
ജില്ലാ പഞ്ചായത്ത്: ആകെ26, യു.ഡി.എഫ് 6(6) ഇടതുമുന്നണി 20(19) ബി.ജെ.പി 0(1)
മുനിസിപ്പാലിറ്റി: ആകെ 4, യു.ഡി.എഫ്. 0(0) ഇടതുമുന്നണി 4(4)
കോർപറേഷൻ: ആകെ 100, യു.ഡി.എഫ്.10(21) ഇടതുമുന്നണി 51(42) ബി.ജെ.പി.35(35)
#ജില്ലയിലെ പാർട്ടി നില (ബ്രാക്കറ്റിൽ കഴിഞ്ഞ വർഷത്തെ ഫലം)
ആകെ വാർഡുകൾ 1727
ഇടതുമുന്നണി 910 (849)
യു.ഡി.എഫ്. 480 (588)
ബിജെ.പി.263 (209)
മറ്റുള്ളവർ 135 (81)
#തിരുവനന്തപുരം ജില്ലയിലെ വാർഡുകളിലെ വിജയം.
ഗ്രാമപഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി,കോർപറേഷൻ തുടങ്ങിയ ക്രമത്തിൽ, ബ്രാക്കറ്ററിൽ 2015ലെ ജയം
ആകെ. 1299,155,26,,147,100
ഇടതുമുന്നണി 647( 616),117(90),20(19),75(82),51(42)
യു.ഡി.എഫ്. 396(462),30(60),6(6),38(39),10(21)
ബി.ജെ.പി.194(156),6(2),0(1),31(16),34(34)