c

തിരുവനന്തപുരം: കോർപറേഷന്റെ വോട്ടെണ്ണൽ കേന്ദ്രമായ മാർ ഇവാനിയോസ് കാമ്പസിലായിരുന്നു നൂറു വാർഡിലുള്ളവരുടെയും കണ്ണ്. ഒാരോ വിജയ പ്രഖ്യാപനങ്ങളുണ്ടാകുമ്പോഴും കാമ്പസിന്റെ വാതിലിലേക്ക് പ്രവർത്തകർ പാഞ്ഞെത്തും. കൊവിഡ് നിയന്ത്രണമുണ്ട് കൺട്രോൾ ചെയ്യണേ എന്ന അഭ്യർത്ഥനയുമായി പൊലീസ് പിന്നാലെ വന്ന് ഉപദേശിക്കും. പിന്നെ സ്ഥാനാർത്ഥിയെയും വഹിച്ചുകൊണ്ട് സ്വന്തം വാർഡിലേക്കൊരു പോക്കാണ്.

രാവിലെ മുതൽ വ്യക്തമായ ഫലസൂചന നൽകാതെയാണ് വോട്ടെണ്ണൽ പുരോഗമിച്ചത്. പത്തരയോടെ 17 വാർഡുകളുടെ വോട്ടെണ്ണൽ പൂർത്തിയായി. ഏഴു വീതം സീറ്റുകളിൽ എൽ.ഡി.എഫും എൻ.ഡി.എയും മൂന്നു സീറ്റിൽ യു.ഡി.എഫും ജയിച്ചു. എൽ.ഡി.എഫ് - എൻ.ഡി.എ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ആദ്യ സൂചനയായാണ് ഇതിനെ വിലയിരുത്തിയത്.

അഞ്ചു മിനിട്ടിനുള്ളിൽ ഫോർട്ട് വാർഡിന്റെ ഫലം, വിജയിച്ചത് എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർത്ഥി ജാനകി അമ്മാൾ.എൻ.ഡി.എ അണികളിൽ സന്തോഷത്തിന്റെ താമര വിരിഞ്ഞു. എൽ.ഡി.എഫ് പ്രവർത്തകരുടെ മുഖത്ത് ആശങ്ക നിറ‌ഞ്ഞു. അപ്പോൾ മൂന്ന് സീറ്ര് നേടിയിരുന്ന യു.ഡി.എഫ് ഒരു നിമിഷം പോലും കുതിപ്പിന്റെ ലക്ഷണം കാണിച്ചില്ല.

15 മിനിട്ട് കഴിഞ്ഞപ്പോൾ വെങ്ങാനൂർ, എൻ.ഡി.എയിൽ നിന്നും എൽ.ഡി.എഫ് പിടിച്ചെടുത്തു. വാഴോട്ടുകോണവും കഴക്കൂട്ടവും വഴുതക്കാടും നേടിയ എൽഡി.എഫ് 11ലെത്തി. ''കോർപറേഷന്റെ ഇടതു സദ്ഭരണത്തിന് അംഗീകാരം ലഭിക്കും''- വഴുതക്കാട്ടു നിന്നു വിജയിച്ച മുൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ പുറത്തെത്തി പറ‌ഞ്ഞു. കഴിഞ്ഞതവണ ഒരു വോട്ടിന് പരാജയപ്പെട്ട എസ്റ്റേറ്റ് വാർഡിൽ ബി.ജെ.പി ജയിച്ചു. ഒപ്പം കാലടിയിലും മേലാങ്കോടും കൂടി വിജയിച്ചതോടെ വീണ്ടും എൽ.ഡി.എഫിനൊപ്പം എത്തി. അന്തരീക്ഷം ഉദ്വേഗഭരിതം.

മുട്ടത്തറ, ചന്തവിള, കാച്ചാണി എൽ.ഡി.എഫ് നേടി. ആ സമയത്ത് എൻ.ഡി.എക്ക് കിട്ടിയത് പൗഡിക്കോണം മാത്രം. സീറ്റുനില 14-12 എന്നായി.

സമയം 10.56

ഇടവക്കോട് വാർഡിൽ ആദ്യ റൗണ്ടിൽ ലീഡ് നേടിയ ബി.ജെ.പിയിലെ പോങ്ങുംമൂട് വിക്രമനെ അവസാന റൗണ്ടുകളിൽ മറികടന്ന് സി.പി.എമ്മിലെ എൽ.എസ്. സാജു വിജയിച്ചു. ''ബി.ജെ.പിയുടെ മോഹം നടക്കാൻ പോകുന്നില്ല. നഗരസഭയിൽ എൽ.ഡി.എഫ് അധികാരത്തിൽ വരും.'' ആത്മവിശ്വാസത്തോടെ ആ നിമിഷം എൽ.എസ്. സാജു പറഞ്ഞത് അടുത്ത മണിക്കൂറുകളിൽ യാഥാർത്ഥ്യമായി.

11.15

എൽ.ഡി.എഫ് 23, എൻ.ഡി.എ 18, യു.ഡി.എഫ് 5 എന്ന നിലയിലായിരുന്നു ഫലം. മേയർ സ്ഥാനത്തിന് പരിഗണിക്കപ്പെടുന്ന പി. ജമീലയുടെ പേരൂർക്കട നിന്നുള്ള വിജയവും ബി.ജെ.പി പ്രതീക്ഷ പുലർത്തിയിരുന്ന യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ പുഞ്ചക്കരി സീറ്റ് സി.പി.എമ്മിലെ ഡി.ശിവൻകുട്ടി ജയിക്കുകയും കൂടി ചെയ്തതോടെ എൽ.ഡി.എഫ് ക്യാമ്പിൽ പ്രതീക്ഷ തിരിച്ചെത്തി.

12.00

ബി.ജെ.പി സിറ്റിംഗ് സീറ്റായ കമലേശ്വരം ഉൾപ്പെടെ നേടി ആകെ സീറ്റ് 33ൽ എൽ.ഡി.എഫ് എത്തിച്ചു. മുൻ ഡെപ്യൂട്ടി മേയർ ഹാപ്പികുമാറിനെ പരാജയപ്പെടുത്തി പി.ടി.പി നഗർ ഉൾപ്പെടെ പിടിച്ച് എൻ.ഡി.എ 26 സീറ്റിലേക്കും. അപ്പോഴും യു.ഡി.എഫ് ‌അഞ്ചിൽ നിന്നും മുന്നോട്ടു പോയില്ല. ശേഷിക്കുന്ന വാർഡുകളിൽ കൂടുതലും എൻ.ഡി.എക്ക് സാദ്ധ്യതയുണ്ടെന്ന പ്രതീക്ഷയിലായിരുന്നു അണികൾ. എന്നാൽ ഒന്നോടെ ആറ്റുകാൽ ഉൾപ്പെടെ നേടി എൽ.ഡി.എഫ് 43ലെത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പൂജപ്പുരയിൽ നിന്നും വിജയിച്ചതോടെ എൻ.ഡി.എ സീറ്ര് 27 ആയി.

12.15

പുത്തൻപള്ളിയും പട്ടവും നേടി എൽ.ഡി.എഫ് 45 ലെത്തി. കുര്യാത്തിയും ചാലയും നേടി എൻ.ഡി.എ 30ലേക്കും. യു.ഡി.എഫ് സമ്പാദ്യം 8ആയി. അതിലൊന്ന് കഴിഞ്ഞ തവണ ടോസിൽ നഷ്ടപ്പെട്ട മണ്ണന്തലയായിരുന്നു. ഇതോടെ ഫലം വരാനുള്ള 15 സീറ്റുകൾ നിർണായകമായി. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് എൻ.ഡി.എയുടെ മേയർ സ്ഥാനാർത്ഥി സിമി ജ്യോതിഷ് പറഞ്ഞു.

2.22.

ആറന്നൂറിൽ നിന്നും ബിന്ദു മേനോൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എൽ.ഡി.എഫ് 50 തികച്ചു. 15മിനിട്ട് കഴിഞ്ഞപ്പോൾ ഡോ.റീന കെ.എസിലൂടെ എൽ.ഡി.എഫ് കേവലഭൂരിപക്ഷം തികച്ചു. തൃക്കണ്ണാപുരത്ത് ജയലക്ഷ്മി ജയിച്ചതോടെ കഴിഞ്ഞ തവണത്തെ 35 സീറ്റിലേക്ക് എൻ.ഡി.എ എത്തി. ഒരു വോട്ടിന് കവടിയാർ സീറ്റ് നേടിയപ്പോഴാണ് യു.ഡി.എഫ് രണ്ടക്കത്തിലെത്തിയത്.