pinarayi-

തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ അത്യുജ്ജ്വല വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വിശിഷ്യ, മുഖ്യമന്ത്രി പിണറായി വിജയനും അങ്ങേയറ്റം അഭിമാനിക്കാൻ വക നൽകുന്നതാണ്. സംസ്ഥാനത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തരത്തിൽ ഒരു മിന്നും വിജയം ഒരുപക്ഷേ ഇടതുമുന്നണിയെ നയിക്കുന്നവർ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അത്രയും കാറുംകോളും മിന്നൽപ്പിണരുകളും നിറഞ്ഞതാണല്ലോ കുറച്ചുനാളായി ഇവിടത്തെ രാഷ്ട്രീയ കാലാവസ്ഥ. വിവാദങ്ങളും ആരോപണങ്ങളും ഒന്നിനുപിറകെ ഒന്നായി ഉയർത്തിവിട്ട് പൊടിപടലങ്ങളിൽ മുങ്ങിപ്പോയ സർക്കാരിന്റെ മുഖം തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തോടെ പഴയ ശോഭ വീണ്ടെടുത്തിരിക്കുകയാണ്. പ്രവചനാതീതമായ ജനമനസുകൾ തങ്ങളോടൊപ്പം വന്ന് പുതുരാഷ്ട്രീയം കുറിക്കുമെന്ന യു.ഡി.എഫിന്റെ പ്രതീക്ഷ പാടേ തെറ്റി. കഴിഞ്ഞ തവണത്തെക്കാൾ ഏറെ മെച്ചപ്പെട്ട ഫലത്തിനായി കാത്തിരുന്ന യു.ഡി.എഫ് നേതൃത്വത്തിന് അങ്ങേയറ്റം മനഃക്ളേശം സൃഷ്ടിക്കുന്നതാണ് തദ്ദേശഫലങ്ങൾ. ഇടതുമുന്നണി സർക്കാരിനെതിരെ നിരന്തരം ഉയർത്തിവിട്ട ആരോപണങ്ങളും എണ്ണമറ്റ സമരമുറകളും ലവലേശം ഏറ്റില്ലെന്നു സംശയലേശമെന്യേ വ്യക്തമാക്കുന്നതാണ് ഈ ഫലങ്ങൾ. തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി അധികാരത്തിലുള്ള ഇടതുമുന്നണി സർക്കാരിനെക്കുറിച്ചുള്ള വിധിയെഴുത്താകുമെന്നായിരുന്നു പ്രതിപക്ഷ നിലപാട്. ജനങ്ങൾ വിധിയെഴുതിക്കഴിഞ്ഞു. അതാകട്ടെ സർക്കാരിന്റെ നയപരിപാടികൾക്ക് പൂർണ അംഗീകാരം നൽകുന്നതുമായി. ഭരണ വിരുദ്ധവികാരം ജനങ്ങൾക്കിടയിൽ പൊതുവേ ഉണ്ടായിട്ടില്ലെന്നതും ഭരണമുന്നണിക്ക് ആശ്വസിക്കാൻ വക നൽകുന്നു.

നിയമനിർമ്മാണ സഭാ തിരഞ്ഞെടുപ്പുകളെക്കാൾ വീറും വാശിയും നിറഞ്ഞതായിരുന്നു തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. മുനിസിപ്പാലിറ്റികളിൽ മാത്രമാണ് യു.ഡി.എഫിന് കുറഞ്ഞൊരു മേൽക്കൈ നേടാനായത്. ആറ് കോർപറേഷനുകളിൽ അഞ്ചെണ്ണത്തിൽ എൽ.ഡി.എഫ് ഭൂരിപക്ഷം നേടി. തൃശൂർ കോർപറേഷനിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. കൊച്ചിയിൽ വിമതനായി മത്സരിച്ചു ജയിച്ചയാൾ ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന സ്ഥിതി വന്നതാണ് അവിടെ എൽ.ഡി.എഫ് ഭരണത്തിന് സാദ്ധ്യത സൃഷ്ടിച്ചത്. 86 മുനിസിപ്പാലിറ്റികളുള്ളതിൽ 45 എണ്ണത്തിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടിയപ്പോൾ 35 എണ്ണമാണ് എൽ.ഡി.എഫിനൊപ്പം പോയത്. പതിന്നാല് ജില്ലാപഞ്ചായത്തുകളുള്ളതിൽ പത്തും ഇടതുപക്ഷത്തിനാണ്. ബ്ളോക്ക് പഞ്ചായത്തുകളാകട്ടെ കൂട്ടത്തോടെ എൽ.ഡി. എഫിനെയാണ് വരിച്ചത്. 152 ബ്ളോക്ക് പഞ്ചായത്തുകളിൽ 108 എണ്ണം എൽ.ഡി.എഫ് നേടിയപ്പോൾ അതിന്റെ മൂന്നിലൊന്നേ യു.ഡി.എഫിന് നേടാനായുള്ളൂ. ജില്ലാ-ബ്ളോക്ക് പഞ്ചായത്തുകളിൽ ഗംഭീര വിജയം കണക്കുകൂട്ടിയിരുന്ന യു.ഡി.എഫിനെ ഏറെ നിരാശരാക്കുന്നതാണ് തിരഞ്ഞെടുപ്പുഫലം. ഗ്രാമപഞ്ചായത്തുകളാണ് നല്ലൊരളവിൽ യു.ഡി.എഫിന്റെ മാനം രക്ഷിച്ചതെന്ന് പറയാം. 941 പഞ്ചായത്തുകളിൽ 370 ലധികം എണ്ണത്തിൽ ഭൂരിപക്ഷം നേടാൻ അവർക്ക് കഴിഞ്ഞു. എന്നാൽ അവിടെയും എൽ.ഡി.എഫിന് തന്നെയാണ് വലിയ മേൽക്കൈ. 515 -ഒാളം പഞ്ചായത്തുകൾ ഭരിക്കാൻ പോകുന്നത് എൽ.ഡി.എഫായിരിക്കും.

എല്ലാ തിരഞ്ഞെടുപ്പിലുമെന്നതുപോലെ ഇൗ തിരഞ്ഞെടുപ്പും ഏറെ രാഷ്ട്രീയ സവിശേഷതകൾ സമ്മാനിച്ചാണ് പൂർത്തിയാകുന്നത്. അതിൽ പ്രധാനം ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് ഇടതുമുന്നണിയിലെത്തിയശേഷം ഇടതുമുന്നണിക്കുണ്ടായ രാഷ്ട്രീയ നേട്ടം തന്നെയാണ്. പാലാ മുനിസിപ്പൽ ഭരണം ഇതാദ്യമായി പിടിച്ചെടുക്കാൻ ഇടതുമുന്നണിക്ക് സഹായകമായത് ഇൗ പുതിയ രാഷ്ട്രീയ ബന്ധമാണ്. പി.ജെ. ജോസഫുമായുള്ള രാഷ്ട്രീയ വടംവലിയിൽ ജോസ് കെ. മാണി അനായാസം വിജയിയാകുന്നതും ഇപ്പോൾ കണ്ടു. തൊടുപുഴയിൽ ജോസഫിന്റെ അഞ്ച് സ്ഥാനാർത്ഥികളെ നിലംപരിശാക്കിയാണ് ജോസ് കെ. മാണി തന്റെ സ്വാധീനം തെളിയിച്ചത്. യശഃശരീരനായ കെ.എം. മാണിയുടെ സ്വാധീന മേഖലകളെ തന്റെയൊപ്പം പൂർണമായും നിലനിറുത്താനും അദ്ദേഹത്തിന് സാധിച്ചു.

കിഴക്കമ്പലത്തെ ട്വന്റി - ട്വന്റി സംഘടന അവിടം കടന്ന് സമീപപ്രദേശങ്ങളിലേക്ക് കൂടി സ്വാധീനമേഖല വിപുലമാക്കിയതാണ് ഈ തിരഞ്ഞെടുപ്പിലെ വലിയ കൗതുകം. ഐക്കര, കുന്നത്തുനാട്, മഴുവന്നൂർ എന്നിവിടങ്ങളിലെ പഞ്ചായത്തുകൾ ഭരിക്കാൻ പോകുന്നത് ട്വന്റി - ട്വന്റി ആയിരിക്കും.

നഗര- ഗ്രാമ വ്യത്യാസമില്ലാതെ ഇടതുമുന്നണി വൻ നേട്ടമുണ്ടാക്കിയപ്പോൾ ബി.ജെ.പിയും ഇരുമുന്നണികളോടും പൊരുതി തിളക്കമാർന്ന വിജയം നേടിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ തവണത്തെപ്പോലെ 35 സീറ്റ് നേടാൻ അവർക്ക് കഴിഞ്ഞു. പാലക്കാട് നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിറുത്തിയ ബി.ജെ.പി ഇതാദ്യമായി പന്തളം നഗരസഭാ ഭരണവും നേടിയിരിക്കുകയാണ്. 24 ഗ്രാമ പഞ്ചായത്തുകളുടെ ഭരണവും അവർക്കാണ്. കൊച്ചി, തൃശൂർ കോർപറേഷനുകളിൽ നിർണായക ശക്തിയാകാനും ബി.ജെ.പി കൗൺസിലർമാർക്ക് കഴിയും. ആർക്കും ഭൂരിപക്ഷം നേടാനാകാത്ത ഏതാനും പഞ്ചായത്തുകളുമുണ്ട്.

അഞ്ചുമാസത്തിനകം നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികൾക്കും ഒരുപാട് ഗൃഹപാഠങ്ങൾ നൽകുന്നതാണ് തദ്ദേശ ഫലങ്ങൾ. നേരിട്ട ഈ കനത്ത തിരിച്ചടിക്ക് യു.ഡി.എഫ് നേതൃത്വം അണികളോടു സമാധാനം പറയേണ്ടിവരുമെന്ന് തീർച്ച. ഒരു സ്വൈര്യവും കൊടുക്കാതെ അധികാരത്തിലിരിക്കുന്ന സർക്കാരിനെ നിരന്തരം വിമർശിക്കുകയും ടൺ കണക്കിന് ആരോപണങ്ങൾ ചൊരിയുകയുമല്ല ജനങ്ങളെ സ്വാധീനിക്കാനുള്ള എളുപ്പവഴിയെന്ന് പ്രതിപക്ഷം തിരിച്ചറിയേണ്ട കാലമായി. അതുപോലെ ആരോപണങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കുന്ന കാര്യങ്ങൾക്കായി സമയം പാഴാക്കാതെ ജനങ്ങൾ അർപ്പിച്ച വിശ്വാസവും പ്രതീക്ഷയും പാലിക്കാനായിരിക്കണം സർക്കാർ ശ്രദ്ധിക്കേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ ഈ വലിയ വിജയം കൂടുതൽ ഉത്തരവാദിത്വങ്ങളാണ് സർക്കാരിൽ അർപ്പിതമാക്കിയിരിക്കുന്നത്.