election-view

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ ചരിത്ര വിജയം മുന്നണിയുടെ തത്വാധിഷ്‌ഠിത രാഷ്ട്രീയ നിലപാടിനും സംസ്ഥാന ഭരണത്തിനും ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.കേന്ദ്ര അന്വേഷണ ഏജൻസികളേയും വലതുപക്ഷ മാദ്ധ്യമങ്ങളേയും ഉപയോഗിച്ച്‌ നടത്തിയ അപവാദ പ്രചാരവേലകൾക്ക്‌ തിരഞ്ഞെടുപ്പിൽ തക്ക മറുപടി നൽകിയതിന്‌ ജനങ്ങളെ പ്രത്യേകം അഭിവാദ്യം ചെയ്യുന്നു. ജനതയെ ഒപ്പം ചേർത്ത്‌ നാട്ടിൽ സമാനതകളില്ലാത്ത വികസനം നടപ്പാക്കിയ പിണറായി സർക്കാരിൽ ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണിത്‌.ഒരു വശത്ത്‌ ബി.ജെ.പിയുമായി രഹസ്യധാരണയും മറുവശത്ത്‌ വെൽഫെയർ പാർട്ടിയുമായി പരസ്യധാരണയുമുണ്ടാക്കിയാണ്‌ യു.ഡി.എഫ്‌ മത്സരിച്ചത്‌. തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ പലയിടത്തും ബി.ജെ.പിക്ക്‌ വേണ്ടി കോൺഗ്രസ് വോട്ട്‌ മറിച്ചു. അതിനൊന്നും എൽ.ഡി.എഫിന്റെ ചരിത്ര വിജയം തടയാൻ കഴിഞ്ഞില്ല. ഹിന്ദു രാഷ്ട്രത്തിനും ഇസ്ലാമിക രാഷ്ട്രത്തിനും വേണ്ടി നിലകൊള്ളുന്നവരെ ഒന്നിപ്പിക്കുന്ന പാലമായി മാറിയ കോൺഗ്രസ്‌ കേരളത്തെ വർഗീയമായി ധ്രുവീകരിക്കാനാണ്‌ ശ്രമിച്ചത്‌. എന്നാൽ കേരള ജനത എൽ.ഡി.എഫിന്റെ മതനിരപേക്ഷ നിലപാടിനൊപ്പമാണ്‌ നിലയുറപ്പിച്ചത്‌.
ഏതറ്റം വരെയും പോകാൻ മടിക്കാത്ത അപവാദ പ്രചാരണമാണ് ഭൂരിപക്ഷം മാദ്ധ്യമങ്ങളും നടത്തിയത്‌. അവർ പറയുന്ന നുണകൾ വിശ്വസിക്കുന്നവരല്ല മലയാളികളെന്ന്‌ ഈ തിരഞ്ഞെടുപ്പ്‌ വീണ്ടും തെളിയിച്ചു. സ്വയം അപഹാസ്യമാകുന്ന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയവർ അതെല്ലാം തിരുത്തിയാൽ മാദ്ധ്യമ വിശ്വാസ്യത തിരിച്ചുപിടിക്കാം.
ഇടതു ഗവൺമെന്റിന്റെ വികസന പ്രവർത്തനങ്ങൾ തകർക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കാനാണ്‌ ബി.ജെ.പി ശ്രമിച്ചത്‌. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കോൺഗ്രസും അതിന്റെ ഭാഗമായി. ഈ കേരള വിരുദ്ധ മുന്നണിയെ ജനങ്ങൾ തള്ളിക്കളഞ്ഞു.
ഈ വൻവിജയത്തിലും അപൂർവം ചിലയിടങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റം കഴിയാതെ പോയത്‌ പാർട്ടിയും മുന്നണിയും പരിശോധിച്ച് തിരുത്തലുകൾ വരുത്തും. ജനങ്ങൾ നൽകിയ അംഗീകാരം, വികസന പ്രവർത്തനങ്ങൾ അഭിമാനത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ഊർജ്ജം പകരുന്നതാണെന്നും സി.പി.എം സെക്രട്ടേറിയറ്റ്‌ പറഞ്ഞു.