തിരുവനന്തപുരം:ഒരു സീറ്റ് കൂടി അധികം നേടി ജില്ലാ പഞ്ചായത്ത് ഭരണം ഇടതുമുന്നണി നിലനിറുത്തി. 26 അംഗ ജില്ലാ പഞ്ചായത്തിൽ 20 സീറ്റ് നേടിയാണ് ഇടതുമുന്നണി ഭരണം നിലനിറുത്തിയത്. കോൺഗ്രസ് കഴിഞ്ഞ തവണത്തെപ്പോലെ ആറു സീറ്റിൽ ഒതുങ്ങി. ബി.ജെ.പി ഇക്കുറി സംസ്ഥാന സെക്രട്ടറി അഡ്വ.എസ് .സുരേഷിനെ രംഗത്തിറക്കിയിട്ടും നിലവിലുണ്ടായിരുന്ന ഒരു സീറ്റ് നിലനിറുത്താനായില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കൈവശം വച്ചിരുന്ന വെങ്ങാനൂർ സീറ്റ് പിടിച്ചെടുത്തത് എൽ.ഡി.എഫിന് ഇരട്ടിമധുരമായി.എൽ.ജെ.ഡിയാണ് ഇവിടെ വിജയിച്ചത്.ഇടതു മുന്നണിയിൽ 19 സീറ്റിൽ മത്സരിച്ച സി.പി.എം 15 സീറ്റിലും നാലു സീറ്റിൽ മത്സരിച്ച സി.പി.ഐ മുഴുവൻ സീറ്റിലും എൽ.ജെ.ഡി ഒരു സീറ്റിലും വിജയം നേടി. പ്രസിഡന്റ് പദവി പട്ടികജാതി സംവരണമായതിനാൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി സി.പി.എം മത്സരിപ്പിച്ച പട്ടികജാതി ക്ഷേമ സമിതി പ്രസിഡന്റ് എസ്.സുനിൽകുമാർ പരാജയപ്പെട്ടത് എൽ.ഡി.എഫിന് തിരിച്ചടിയായി. കിളിമാനൂർ ജനറൽ വാർഡിൽ നിന്നാണ് സുനിൽകുമാർ മത്സരിച്ചത്. 2920 വോട്ടുകൾക്കാണ് യു.ഡി.എഫിനോട് തോറ്റത്.
കഴിഞ്ഞതവണ കോൺഗ്രസ് വിജയിച്ച മര്യാപുരം,കാഞ്ഞിരംകുളം,ആനാട്,പൂവച്ചൽ,മലയിൻകീഴ് എന്നീ ഡിവിഷനുകൾ ഇക്കുറി എൽ.ഡി.എഫ് പിടിച്ചെടുത്തു. അതേസമയം എൽ.ഡി.എഫിന്റെ കൈവശം ഉണ്ടായിരുന്ന കിളിമാനൂർ,പാലോട്,വെള്ളനാട്,വെള്ളറട,ബാലരാമപുരം എന്നീ ഡിവിഷനുകൾ കോൺഗ്രസ് നേടി. കാഞ്ഞിരംകുളം ഡിവിഷൻ ഇക്കുറിയും കോൺഗ്രസ് നിലനിറുത്തി. 24 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ച് ആറ് സീറ്റ് നേടിയത്.ഓരോ സീറ്റുകളിൽ മത്സരിച്ച യു.ഡി.എഫിലെ ഘടകകക്ഷികളായ മുസ്ലിം ലീഗ്,ആർ.എസ് .പി കക്ഷികൾ പരാജയമടഞ്ഞു. മൂന്നു ഡിവിഷനുകളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.വെങ്ങാനൂർ, കുന്നത്തുകാൽ,ചെമ്മരുതി ഡിവിഷനുകളിലാണ് ബി.ജെപി കോൺഗസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയത്.
വിജയത്തിനിടയിലും സി.പി.എമ്മിന് നിരാശ നൽകുന്ന പരാജയം
പ്രസിഡന്റ് സ്ഥാനാർത്ഥിയായി എൽ.ഡി.എഫ് ഉയർത്തിക്കാട്ടിയ സി.പി.എം സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് പിന്നാലെ നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ സിറ്റിംഗ് സീറ്റായ പാലോട് ഡിവിഷൻ കോൺഗ്രസ് പിടിച്ചെടുത്തതാണ് എൽ.ഡി.എഫിനെ ചരിത്രവിജയത്തിനിടയിലും നിരാശരാക്കുന്നത്. മുൻതിരഞ്ഞെടുപ്പിൽ വി.കെ.മധുവിനോട് പരാജയപ്പെട്ട സോഫി തോമസാണ് ഇക്കുറി വീണ്ടും മത്സരിച്ച് ഇവിടെ 224 വോട്ടിന് വിജയിച്ചത്. കഴിഞ്ഞ അഞ്ചുവർഷക്കാലം വി.കെ.മധുവിന്റെ നേതൃത്വത്തിൽ ഡിവിഷനിൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയതെങ്കിലും അതൊന്നും വിജയം നിലനിറുത്താൻ സഹായകമായില്ല. വികസന പ്രവർത്തനങ്ങൾ കുറഞ്ഞതുകൊണ്ടല്ല ഈ പരാജയമെന്ന് പ്രതിപക്ഷംപോലും സമ്മതിക്കുമ്പോൾ പരാജയത്തിന്റെ കാരണമെന്താണെന്ന് പാർട്ടി തലനാരിഴകീറി വരുംദിവസങ്ങളിൽ പരിശോധിക്കും. മുന്നണിയിലെ അസ്വാരസ്യങ്ങളോ സ്ഥാനാർത്ഥിക്ക് പ്രവർത്തകർക്കിടയിൽ സ്വീകാര്യത ലഭിക്കാത്തതോ ഇതിൽ ഏതാകും കാരണമെന്ന് വരും ദിവസങ്ങളിൽ ചർച്ചയാകും.
അക്കൗണ്ട് പൂട്ടി ബി.ജെ.പി
ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റ് ഉണ്ടായിരുന്ന ബി.ജെ.പി ഇക്കുറി കൂടുതൽ സീറ്റ് നേടാനായി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷിനെ രംഗത്തിറക്കിയെങ്കിലും നിലവിലെ സീറ്റടക്കം കൈവിട്ടുപോയി. 2064 വോട്ടിനാണ് എൽ.ജെ.ഡി സ്ഥാനാർത്ഥി ഭഗത് റൂഫസിനോട് സുരേഷ് പരാജയപ്പെട്ടത്. 2015 ലെ തിരഞ്ഞെടുപ്പിൽ 669 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബി.ജെ.പി ഇവിടെ വിജയിച്ചിരുന്നത്.