
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിലെ ജനവിധി യു.ഡി.എഫിന് എതിരല്ലെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരാണ് വാർത്താസമ്മേളനത്തിന് ഒരുമിച്ചെത്തിയത്.
സർക്കാരിനെതിരായ ജനവികാരം പൂർണമായി പ്രതിഫലിച്ചില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വ്യക്തിബന്ധങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രധാനമാകുക. സർക്കാരിന്റെ അഴിമതിക്കും കൊളളയ്ക്കും ജനം വെളളപൂശിയെന്ന എൽ.ഡി.എഫ് പ്രചാരണം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ അടിത്തറ ഭദ്രമാണ്, തകർന്നിട്ടില്ല. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മുൻവർഷവും ഇപ്പോഴും ജയിച്ച പഞ്ചായത്തുകളുടെ എണ്ണം കാട്ടിയായിരുന്നു നേതാക്കളുടെ പ്രതികരണം.2010ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മാത്രമാണ് യു.ഡി.എഫ് മികച്ച പ്രകടനം നടത്തിയത്.അത് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഇത്തവണ നില മെച്ചപ്പെടുത്തിയതിൽ സംതൃപ്തിയുണ്ട്. യു.ഡി.എഫിനും കോൺഗ്രസിനും തിരിച്ചടി എന്നത് ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. ബി.ജെ.പി അവരുടെ ചെറിയ പോക്കറ്റുകളിലാണ് നേട്ടമുണ്ടാക്കിയത്. അല്ലാത്ത പക്ഷം കേരളത്തിൽ ബി.ജെ.പി പരാജയമാണ്. തിരുവനന്തപുരം കോർപ്പറേഷനിലടക്കം സംഭവിച്ച പാളിച്ചകൾ ഇന്ന് രാഷ്ട്രീയകാര്യസമിതി പരിശോധിച്ച് മാറ്റങ്ങൾ വരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.സി.പി.എമ്മിന് അമിതമായി ആഹ്ളാദിക്കാൻ വക ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ബി.ജെ.പി യുമായി വോട്ടു കച്ചവടം നടത്തി എന്നു പറയുന്നത് തെറ്റാണ്.പാർലമെന്റ് തിരഞ്ഞെടുപ്പ് രാഷ്ട്രീയ അടിസ്ഥാനത്തിലായിരുന്നു. ഈ തിരഞ്ഞെടുപ്പ് അങ്ങനെയല്ല. കേരളത്തിൽ ബി.ജെ.പിക്ക് സ്ഥാനം ഇല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. യു.ഡി.എഫിന് ആത്മവിശ്വാസമുണ്ടാകുന്ന പ്രകടനമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.പുതുപ്പളളിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ യു.ഡി.എഫിനാണ്‌നേട്ടമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഗ്രാമപഞ്ചായത്തുകളിൽ വ്യക്തിപരമായ കാര്യങ്ങളാണ് നിർണായകമാവുകയെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കാലുവാരിയെന്ന് കേരള കോൺഗ്രസ് (ജോസഫ്) നേതാവ് പി.ജെ ജോസഫിന്റെ ആരോപണത്തോട് നേതാക്കൾ പ്രതികരിച്ചില്ല.