
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും പരസ്പരം വോട്ടു കച്ചവടം നടത്തിയതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. മുസ്ലിംലീഗും ജമാ അത്തെ ഇസ്ലാമിയുമാണ് ഇതിന് മദ്ധ്യസ്ഥം വഹിച്ചത്. എൽ.ഡി.എഫിന്റെ വിജയം ഇരുമുന്നണികളും തമ്മിലുള്ള സഖ്യത്തിന്റെ ജാരസന്തതിയാണ്. എന്തിനാണ് എൽ.ഡി.എഫുമായി ധാരണയുണ്ടാക്കിയതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥികളോടെങ്കിലും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കണം. വിശ്വാസ്യതയില്ലാത്ത നേതൃത്വമാണ് യു.ഡി.എഫിനുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ യു.ഡി.എഫിന്റെ വോട്ട് എവിടെപ്പോയെന്ന് നേതാക്കൾ ജനങ്ങളോട് പറയണം. തിരുവനന്തപുരത്ത് 21 സീറ്റ് കോർപറേഷനിലുണ്ടായിരുന്ന യു.ഡി.എഫിന് ഇത്തവണ പത്ത് സീറ്റ് മാത്രമാണ് കിട്ടിയത്. ബി.ജെ.പിക്ക് ജയസാദ്ധ്യതയുള്ള എല്ലാ ഇടങ്ങളിലും ഇരുമുന്നണികളും പരസ്യധാരണ ഉണ്ടാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ തിരുവനന്തപുരത്ത് ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തിയെന്ന് പറഞ്ഞത് എങ്ങനെയാണെന്ന് ഫലത്തിൽ നിന്ന് വ്യക്തമാണ്.
എൽ.ഡി.എഫിന്റെ സഹായം പാലക്കാട് മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫിന് ലഭിച്ചു. പല വാർഡിലും എൽ.ഡി.എഫിന് നൂറിൽ താഴെയാണ് വോട്ട്. ബി.ജെ.പിയെ തടയാൻ വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് ഇരുമുന്നണികളും തന്ത്രം മെനഞ്ഞത്. എന്നിട്ടും പാലക്കാട്, പന്തളം നഗരസഭകളിൽ മികച്ച വിജയം നേടി അധികാരത്തിലെത്താൻ എൻ.ഡി.എക്ക് സാധിച്ചു. മാവേലിക്കരയിൽ ഏറ്റവും വലിയ കക്ഷിയാകാനും കൊടുങ്ങല്ലൂരിലും വർക്കലയിലും ഭരണത്തിനടുത്തെത്താനും കഴിഞ്ഞത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.