പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പരിധിയിലെ മംഗലപുരം, പോത്തൻകോട്, അണ്ടൂർക്കോണം, കഠിനംകുളം ഗ്രാമ പഞ്ചായത്തുകളിൽ ഇടത് ആധിപത്യം. കഠിനംകുളം, മംഗലപുരം, പോത്തൻകോട്, അഴൂർ പഞ്ചായത്തുകളിൽ ഭരണം നിലനിറുത്തിയ എൽ.ഡി.എഫ്, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. കഠിനംകുളം ഗ്രാമ പഞ്ചായത്തിലെ 23 വാർഡിൽ 15 വാർഡുകൾ എൽ.ഡി.എഫ് നേടി. ഇവിടെ യു.ഡി.എഫ് - 6, ബി.ജെ.പി -1, പി.ഡി.പി -1 എന്നിങ്ങനെയാണ് സീറ്റുനില. ചേരമാൻ തുരുത്ത്, കഠിനംകുളം, കണ്ടവിള, പടിഞ്ഞാറ്റുമുക്ക്, ചിറക്കൽ, കല്പന, തുമ്പ, സെന്റ് ആൻഡ്രൂസ്, പുത്തൻതോപ്പ് സൗത്ത്, പുത്തൻതോപ്പ് നോർത്ത്, വെട്ടുതുറ, പുതുവൽ, ശാന്തിപുരം, പുതുക്കുറിച്ചി വെസ്റ്റ്, പുതുക്കുറിച്ചി നോർത്ത് വാർഡുകൾ എൽ.ഡി.എഫും അണക്കപിള്ള, ചിറ്റാറ്റുമുക്ക്, വിളയിൽക്കുളം, മര്യാനാട് സൗത്ത്, മര്യനാട് നോർത്ത്, പുതുക്കുറിച്ചി ഈസ്റ്റ് എന്നിവ യു.ഡി.എഫും മേനംകുളം വാർഡിൽ ബി.ജെ.പിയും ചാന്നാങ്കര വാർഡിൽ പി.ഡി.പിയുമാണ് വിജയിച്ചത്. എന്നാൽ മികച്ച വിജയത്തിലും നിലവിലെ പ്രസിഡന്റ് ഫെലിക്സ് തോറ്റത് എൽ.ഡി.എഫിന് ക്ഷീണമായി.

20 വാർഡുകളുള്ള മംഗലപുരം ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ് 9 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. യു.ഡി.എഫ് -5, ബി.ജെ.പി - 3, മറ്റുള്ളവർ - 3 എന്നിങ്ങനെയാണ് കക്ഷി നില. കൈലാത്തുകോണം, ചെമ്പകമംഗലം, പുന്നൈക്കുന്നം, പാട്ടം, തോന്നയ്ക്കൽ, കാരമൂട്, ഇടവിളാകം, മുണ്ടയ്ക്കൽ, വാലിക്കോണം എന്നിവ എൽ.ഡി.എഫും പൊയ്‌കയിൽ, മുരിങ്ങമൻ, മംഗലപുരം, കോഴിമട, ശാസ്‌തവട്ടം എന്നീ വാർഡുകൾ യു.ഡി.എഫും, കുടവൂർ, മുല്ലശേരി, വെയിലൂർ എന്നിവ ബി.ജെ.പിയും വരിക്കമുക്ക്, മുരുക്കുംപുഴ, കൊട്ടറക്കരി എന്നീ വാർഡുകൾ സ്വതന്ത്രന്മാരും വിജയിച്ചു. എന്നാൽ എൽ.ഡി.എഫ് ഭരണം നിലനിറുത്തിയെങ്കിലും രണ്ടര വർഷം വീതം പ്രസിഡന്റുമാരായിരുന്ന മംഗലപുരം ഷാഫിയും വേങ്ങോട് മധുവും പരാജയപ്പെട്ടു.

25 വർഷത്തോളം പഞ്ചായത്തുഭരിച്ച യു.ഡി.എഫിനെ കൈവിട്ട അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ ആകെയുള്ള 18 സീറ്റിൽ 9 എണ്ണം നേടിയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്. ഇവിടെ യു.ഡി.എഫ് അഞ്ച് സീറ്റിലേക്ക് ഒതുങ്ങി. ബി.ജെ.പി മൂന്ന് സീറ്റും പി.ഡി.പി ഒരുസീറ്റും നേടി. കൊയ്‌ത്തൂർക്കോണം, അണ്ടൂർക്കോണം, പറമ്പിൽ പാലം, പള്ളിച്ചവീട്, കുന്നിനകം, ആലുംമൂട്, തെക്കേവിള, പള്ളിപ്പുറം,മൈതാനി എന്നീ വാർഡുകൾ എൽ.ഡി.എഫ് വിജയിച്ചപ്പോൾ കരിച്ചാറ, വെള്ളൂർ, വലിയവീട്, കണ്ടൽ, ശ്രീപാദം, എന്നീ വാർഡുകൾ യു.ഡി.എഫും തിരുവള്ളൂർ, കീഴാവൂർ, കണിയാപുരം വാർഡുകൾ ബി.ജെ.പിയും, പായ്ച്ചിറ വാർഡ് പി.ഡി.പിയും വിജയിച്ചു.

കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം ഭരിച്ച പോത്തൻകോട് ഗ്രാമ പഞ്ചായത്തിൽ ഇക്കുറി എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടി അധികാരം നിലനിറുത്തി. ആകെയുള്ള 18 വാർഡിൽ 10 എണ്ണവും എൽ.ഡി.എഫാണ് നേടിയത്. കഴിഞ്ഞ തവണ വലിയ മുന്നേറ്റം നടത്തിയ ബി.ജെ.പിക്ക് ഇക്കുറി മൂന്ന് സീറ്റുകൾ നഷ്ടമായി. ഒരു സീറ്റ് അധിക നേടി യു.ഡി.എഫ് നില മെച്ചപ്പടുത്തി. മൂന്ന് സീറ്റിൽ യു.ഡി.എഫും നാല് സീറ്റിൽ ബി.ജെ.പിയും ഒരു സീറ്റിൽ സ്വതന്ത്രനും ജയിച്ചു. മണലകം, നേതാജിപുരം, വാവറഅമ്പലം, പുലിവീട്, പോത്തൻകോട് ടൗൺ, അയിരൂപ്പാറ, കാട്ടായിക്കോണം, ഇടത്തറ, മഞ്ഞമല, കല്ലുവെട്ടി എന്നീ വാർഡുകൾ എൽ.ഡി.എഫും പ്ലാമൂട്, മേലേവിള, കരൂർ, മണ്ണറ വാർഡുകൾ ബി.ജെ.പിയും പണിമൂല, കല്ലൂർ ,തച്ചപ്പള്ളി എന്നീ വാർഡുകൾ യു.ഡി.എഫും വേങ്ങോട്ട് സ്വതന്ത്രനും വിജയിച്ചു.