
ഇസ്ലാമാബാദ്: രാജ്യത്ത് ബലാത്സംഗ കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കുറ്റവാളികളെ രാസ ഷണ്ഡീകരണത്തിന് വിധേയമാക്കുന്ന നിയമം പാകിസ്ഥാൻ അംഗീകരിച്ചു. ചൊവ്വാഴ്ച പ്രസിഡന്റ് ആരിഫ് ആൽവി അംഗീകരിച്ച പുതിയ നിയമം ഇത്തരം കേസുകളിൽ കോടതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നിർദ്ദേശിക്കുന്നതാണ്.
പുതിയ നിയമപ്രകാരം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ബലാത്സംഗ, ലൈംഗിക പീഡനക്കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേക കോടതികൾ സ്ഥാപിക്കും. വിചാരണ നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കണം. രാജ്യത്തുടനീളം ബലാത്സംഗ വിരുദ്ധ സെല്ലുകൾ സ്ഥാപിക്കും. പൊലീസ് പരാതി നൽകി ആറ് മണിക്കൂറിനുള്ളിൽ വൈദ്യപരിശോധനയും നടത്തണം.
സെപ്തംബറിൽ ലാഹോറിൽ മക്കളുടെ മുന്നിൽ വെച്ച് യുവതി ബലാത്സംഗത്തിനിരയായത് പാകിസ്ഥാനിൽ വൻ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. ഇതേ തുടർന്ന്, പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് ആദ്യമായി ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. ഏറ്റവും ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പരസ്യമായി വധ ശിക്ഷ നടപ്പിലാക്കുന്നത് പരിഗണിച്ചെങ്കിലും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധത്തെ ഇത് ബാധിക്കുമെന്ന ആശങ്കയിൽ പിന്തിരിയുകയായിരുന്നു.
അതേസമയം. വധശിക്ഷയെ എതിർക്കുന്ന നിയമത്തെപ്പറ്റി സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നു വരുന്നത്. വനിതാ അവകാശ പ്രവർത്തകയായ നിഗാത് ഡാഡ് പുതിയ നിയമനിർമ്മാണത്തെ പ്രശംസിച്ചെങ്കിലും രാസ ഷണ്ഡീകരണം എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയും പങ്കു വച്ചു. നിയമം ഉടനടി പ്രാബല്യത്തിൽ വരുമെങ്കിലും മൂന്ന് മാസത്തിനുള്ളിൽ പാർലമെന്റ് ഇത് അംഗീകരിക്കണം.