
തിരുവനന്തപുരം: ആരവങ്ങളും ആഹ്ലാദപ്രകടനങ്ങളുമുണ്ടായിരുന്നില്ല ബി.ജെ.പി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ. ചുരുക്കം നേതാക്കളും പ്രവർത്തകരും മാത്രമാണ് പാർട്ടി സംസ്ഥാന, ജില്ല കാര്യാലയങ്ങളിലുണ്ടായിരുന്നത്.
വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളിൽ തെെക്കാട് മാരാർജി ഭവനിൽ നേതാക്കളായ കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ, ജോർജ് കുര്യൻ, പി. സുധീർ, എം. ഗണേഷ് എന്നിവരുണ്ടായിരുന്നു. അല്പസമയം ടെലിവിഷനിൽ വോട്ട് ലീഡും മറ്റ് വിശദാംശങ്ങളും കണ്ടിരുന്ന ഇവർ പിന്നീട് പുറത്തേക്കു പോയി. ഫോണിൽ തിരക്കിട്ട ചർച്ചയിലായിരുന്നു പലരും. ഉച്ച കഴിയുന്നതുവരെ പിന്നെ നേതാക്കളാരും ഓഫീസിൽ എത്തിയില്ല. വ്യക്തമായ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞശേഷം നേതാക്കൾ പ്രതികരിക്കുമെന്ന് ഓഫീസിൽ നിന്ന് അറിയിപ്പെത്തി.
ഉച്ചയ്ക്കുശേഷം പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ വാർത്താസമ്മേളനത്തോടടുപ്പിച്ചാണ് നേതാക്കൾ മാരാർജി ഭവനിലെത്തിയത്. വൈകിട്ടും തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്ത് നേതാക്കൾ അവിടെയുണ്ടായിരുന്നു. വി.വി. രാജേഷ്, എസ്. സുരേഷ് തുടങ്ങിയവരാണ് ജില്ല കാര്യാലയത്തിലുണ്ടായിരുന്നത്. വി.വി. രാജേഷ് പൂജപ്പുരയിൽ മികച്ച വിജയം നേടിയപ്പോൾ എസ്. സുരേഷിന് വെങ്ങാനൂർ ജില്ലാ ഡിവിഷനിൽ തോൽവി ഏറ്രുവാങ്ങേണ്ടിവന്നത് ജില്ല കാര്യാലയത്തെ മൂകമാക്കി. തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെപ്പറ്റി പിന്നീട് സംസാരിക്കുമെന്ന നിലപാടാണ് സംസ്ഥാന, ജില്ലാ നേതാക്കൾ പൊതുവേ സ്വീകരിച്ചത്.
തലസ്ഥാന നഗരസഭയിൽ ആദ്യഘട്ടത്തിൽ എൽ.ഡി.എഫിന് ഒപ്പമായിരുന്ന ബി.ജെ.പിയുടെ ലീഡ്നില പിന്നീട് താഴേക്ക് പോകുകയായിരുന്നെങ്കിലും യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാനായതിൽ പ്രവർത്തകർക്കിടയിൽ സന്തോഷം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ തവണ 35 സീറ്റ് ഉണ്ടായിരുന്ന ബി.ജെ.പി ഇത്തവണയും അത്രയും സീറ്റാണ് സ്വന്തമാക്കിയത്. 11 സിറ്റിംഗ് സീറ്രുകൾ നഷ്ടമായപ്പോൾ 11 സീറ്രുകൾ പിടിച്ചെടുക്കാനുമായി. അതിന്റെ ആശ്വാസത്തിലായിരുന്നു നേതാക്കളും അണികളും.