തിരുവനന്തപുരം: കോർപ്പറേഷനിൽ യു.ഡി.എഫിന് കനത്ത പരാജയവും എൽ.ഡി.എഫിന് മികച്ച വിജയവും നേടിയപ്പോൾ അധികാരത്തിലേക്ക് എത്താമെന്ന് കരുതിയ ബി.ജെ.പിയുടെ സ്വപ്‌നം കൂടിയാണ് അസ്തമിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമായി ക്രൈസ്തവ,മുസ്ലിം വോട്ടുകൾ ഇക്കുറി നഗരത്തിൽ യു.ഡി.എഫിനെ തുണച്ചില്ല. എന്നാൽ ഇടതുപക്ഷത്തിന്റെ പാർട്ടി വോട്ടുകൾ കൃത്യമായി പെട്ടിയിലായി. ബി.ജെ.പി അധികാരത്തിലെത്തുമെന്ന പ്രചാരണം ശക്തമായപ്പോൾ ക്രൈസ്തവ,മുസ്ലിം വോട്ടുകൾ ഇക്കുറി ഇടത് മുന്നണി സ്ഥാനാർത്ഥികളിലേക്കെത്തി. യു.ഡി.എഫിന് അടിത്തറയുള്ള വാർഡുകളിൽ പലതിലും നിലതെറ്റിയതിന് പ്രധാനകാരണവും ഇതാണ്. കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന സാഹചര്യത്തിൽ യു.ഡി.എഫ് പിടിക്കുന്ന സീറ്റുകൾക്ക് അനുസരിച്ച് ബി.ജെ.പി കേവലഭൂരിപക്ഷമില്ലെങ്കിൽ കൂടി കുറച്ച് സീറ്റുകളുടെ വ്യത്യാസത്തിൽ അധികാരത്തിലെത്തുമെന്ന പ്രചാരണം വ്യാപകമായിരുന്നു. ഇതിന് തടയിടാനുള്ള ഏകമാർഗം അധികാരത്തിന്റെ പടിവാതിക്കൽ നിൽക്കുന്ന എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുക മാത്രമായിരുന്നു. ഇതാണ് എൽ.ഡി.എഫിനെ കേവലഭൂരിപക്ഷം കടക്കാൻ സഹായിച്ചതും യു.ഡി.എഫിനെ 10 സീറ്റിൽ ഒതുക്കിയതും.
തീരപ്രദേശങ്ങളിലെ വാർഡുകളിൽ ഫലം ഇതിന് ഉദാഹരണമാണ്. വലിയതുറ,വെട്ടുകാട്, ബീമാപള്ളി ഈസ്റ്റ്, ഹാർബർ,കോട്ടപ്പുറം തുടങ്ങിയ വാർഡുകൾ ഇത്തരമൊരു സാഹചര്യത്തിലാണ് യു.ഡി.എഫിൽ നിന്നും അകന്നത്.ഹൈന്ദവ വോട്ടുകൾക്ക് ഭൂരിപക്ഷമുള്ള വാർഡുകളിൽ രാഷ്ട്രീയ കണക്കുകൂട്ടലുകൾക്ക് ഒപ്പം ജാതി സമവാക്യങ്ങളും പരിഗണിച്ച് സ്ഥാനാർത്ഥികളെ കളത്തിലിറക്കിയതാണ് ബി.ജെ.പിയുടെ ഗ്രാഫ് താഴേക്ക് പോകാതിരിക്കാൻ കാരണം. അതേസമയം സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ശക്തരായ രണ്ട് വിമതൻമാർ ബി.ജെ.പി സ്ഥാനാർത്ഥികളുടെ വിജയത്തിന് കാരണമായി. കാലടി വാർഡ് ഇക്കുറി ബി.ജെ.പിക്ക് നിലനിറുത്താനായത് വിമതനിലൂടെയാണ്. ഇവിടെ യു.ഡി.എഫ് വിമത സ്ഥാനാർത്ഥി എം.രാജപ്പൻ നായർ 1600 വോട്ടു നേടി രണ്ടാംസ്ഥാനത്തെത്തിയപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി വി.ശിവകുമാർ 23 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി സുരേഷ് 1262 വോട്ടും നേടി.ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിലെ അഡ്വ.സതീഷ് കുമാർ 186 വോട്ടുകൾ മാത്രം നേടി നാലാം സ്ഥാനത്ത് ആവുകയും ചെയ്തു.
നെട്ടയം പിടിച്ചെടുത്തതും വിമതൻ കാരണമാണ്. ഇടത് സ്ഥാനാർത്ഥിയും സിറ്റിംഗ് കൗൺസിലറുമായ രാജിമോളുടെ വിമതനായി മത്സരിച്ച നല്ലപെരുമാളിന് 770 വോട്ടാണ് ലഭിച്ചത്. ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥി നന്ദഭാർഗവിന്റെ വിജയം 1034 വോട്ടിനായിരുന്നു.സി.പി.എം പ്രവർത്തകനായ നല്ലപെരുമാളിന്റെ സ്ഥാനാർത്ഥിത്വത്തോടെ വാർഡിലെ ഇടത് മേഖലകളിൽ ബി.ജെ.പി നിർണായക സ്വാധീനം ഉറപ്പിച്ചു.