
തിരുവനന്തപുരം: സർക്കാരിനെതിരെ നിരന്തരം അപവാദപ്രചാരണം നടത്തിയ ബി.ജെ.പിയും യു.ഡി.എഫും ജനങ്ങളോട് മാപ്പു പറയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽ.ഡി.എഫ് നേടിയത് തിളക്കമാർന്ന വിജയമാണ്. പ്രതിപക്ഷവും ചില മാദ്ധ്യമങ്ങളും ചേർന്ന് കെട്ടിപ്പൊക്കിയ നുണപ്രചാരണങ്ങളെ അതിജീവിച്ചാണ് ഇടതു മുന്നണി വിജയം നേടിയത്.
തദ്ദേശ സ്ഥാപനങ്ങളിൽ പ്രാദേശിക വിഷയങ്ങളാണ് ചർച്ചയാകുന്നതെന്നും ജില്ലാ പഞ്ചായത്തിലാണ് രാഷ്ട്രീയപ്രശ്നങ്ങൾ ചർച്ചചെയ്യുന്നതെന്നുമാണ് പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞതവണ ഏഴ് ജില്ലാ പഞ്ചായത്തുകൾ നേടിയ എൽ.ഡി.എഫ് ഇക്കുറി 10 ജില്ലാ പഞ്ചായത്തുകളിൽ വിജയം നേടിയതിനെക്കുറിച്ച് പ്രതിപക്ഷനേതാവിന് എന്താണ് പറയാനുള്ളത്.
ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് എൽ.ഡി.എഫിൽ ചേർന്നതുകൊണ്ട് സി.പി.ഐക്ക് മുന്നണിയിലെ രണ്ടാംസ്ഥാനം നഷ്ടമാകുമെന്ന മിഥ്യാധാരണ മാദ്ധ്യമങ്ങൾ ഇനിയെങ്കിലും ഒഴിവാക്കണെന്നും കാനം പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ. പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.