pinarayi

*വീണ്ടും നൂറുദിന കർമ്മ പരിപാടി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ ആവേശകരമായ വിജയം ഈ ഭരണം തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടെയും വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തെയും അതിന്റെ നേട്ടങ്ങളെയും തകർക്കാൻ ശ്രമിക്കുന്നവർക്ക് നാടിനെ സ്നേഹിക്കുന്നവർ നൽകിയ മറുപടിയാണിത്. കുപ്രചാരകർക്കും ദല്ലാൾമാർക്കും പ്രത്യേക ലക്ഷ്യംവച്ച് നീങ്ങിയ കേന്ദ്ര ഏജൻസികൾക്കും ജനം ഉചിതമായ മറുപടി നൽകി. യു.ഡി.എഫ് കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാവുകയാണ്. ബിജെപിയുടെ അവകാശവാദങ്ങൾ ഒരിക്കൽക്കൂടി തകർന്നടിഞ്ഞു.

നാലര വർഷം സർക്കാർ നടപ്പാക്കിയ വികസന, ജനക്ഷേമ പരിപാടികൾക്കുള്ള പിന്തുണ നൽകിയ ജനങ്ങൾ, അതിന് തുടർച്ചയുണ്ടാവണമെന്നും ആഗ്രഹിക്കുന്നു. ജനങ്ങളെ ചേർത്തുപിടിച്ചാണ് സർക്കാർ മുന്നോട്ടുനീങ്ങിയത്. ഒരു ഘട്ടത്തിലും കൈയൊഴിഞ്ഞില്ല. വലിയ ഉത്തരവാദിത്വമാണ് ജനങ്ങൾ ഏൽപ്പിക്കുന്നത്. അർപ്പിച്ച വിശ്വാസം തെ​റ്റായെന്ന് ജനങ്ങൾക്ക് തോന്നുന്ന ഒരു പ്രവൃത്തിയും സർക്കാരിൽ നിന്നുണ്ടാവില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങളാണ് ബാക്കി. ജനങ്ങൾക്ക് കഴിയാവുന്നത്ര ആശ്വാസം നൽകാനുള്ള നടപടികൾ തുടരും. പദ്ധതികളെല്ലാം പൂർത്തീകരിക്കാൻ തീവ്രശ്രമമുണ്ടാവും. പെരുമാറ്റച്ചട്ടം കഴിഞ്ഞാലുടൻ വീണ്ടുമൊരു നൂറു ദിവസ പരിപാടി പ്രഖ്യാപിക്കും. കേരളത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള പരിപാടിയായിരിക്കുമിത്. ജനങ്ങളെ ചുരുക്കിക്കാണാതെ, ജനവികാരം ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ യു.ഡി.എഫും ബിജെപിയും തയ്യാറാവണം.

ഒരുതരം അവിശുദ്ധ കൂട്ടുകെട്ടോ ധാരണയോ നീക്കുപോക്കോ ഇല്ലാതെയാണ് 55ശതമാനത്തോളം ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് വിജയിച്ചത്. നാടിന്റെ നേട്ടങ്ങൾ തകർക്കാനും പ്രതിസന്ധികളിൽ ഒന്നിച്ചു നിൽക്കുന്നതിന് പകരം പ്രതിലോമ പ്രവർത്തനങ്ങൾ നടത്തിയതിനും ജനങ്ങൾ യു.ഡി.എഫിന് നൽകിയ ശിക്ഷയാണിത്. ജനകീയ അടിത്തറ വിപുലമായി. കൂടുതൽ ജനാധിപത്യ ശക്തികളും ജനങ്ങളും എൽ.ഡി.എഫിനൊപ്പം അണിചേർന്നു. അതിന്റെ ആകെത്തുകയാണ് ഈ വിജയം.

ജനങ്ങളോടുള്ള

യുദ്ധപ്രഖ്യാപനം

കേന്ദ്രഏജൻസികൾ സർക്കാരിന്റെ വൻകിട പദ്ധതികളെ തകർത്താൻ ഇടപെട്ടപ്പോൾ കോൺഗ്രസ് പിന്തുണച്ചു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് പറഞ്ഞു.

രണ്ടര ലക്ഷം പേർക്ക് വീടുനൽകിയ ലൈഫ് പദ്ധതി പിരിച്ചുവിടാൻ ഏതെങ്കിലും പാർട്ടി തയ്യാറാവുമോ? ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമല്ലേ ഇത്?.-മുഖ്യമന്ത്രി ചോദിച്ചു.