pinarai

തിരുവനന്തപുരം: സർക്കാരിനെതിരെ സംഘടിതമായ അപവാദപ്രചാരണത്തിലൂടെ കോൺഗ്രസും ബി.ജെ.പിയും ശ്രമിച്ച വലിയ പുകമറ ജനഹിതത്തെ സ്വാധീനിച്ചിരുന്നെങ്കിൽ വോട്ടും സീറ്റുമല്ല, എൽ.ഡി.എഫ് തന്നെ ഉണ്ടാവുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാലു ഭാഗത്തു നിന്നും വളഞ്ഞിട്ട് ആക്രമിച്ച് ഇല്ലാതാക്കിക്കളയാമെന്ന് കരുതി. അങ്ങനെയൊന്നും തകർന്നു പോകുന്നവരല്ല ഞങ്ങൾ. 2015ൽ ഏഴ് ജില്ലാ പഞ്ചായത്ത് വീതമായിരുന്നു എൽ.ഡി.എഫിനും യു.ഡി.എഫിനും. ഇപ്പോൾ 11 ജില്ലാ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് അധികാരത്തിലെത്തി. 98 ബ്ലോക്കിൽ കഴിഞ്ഞതവണ ജയിച്ചെങ്കിൽ ഇക്കുറി 108ബ്ലോക്കിൽ. 941പഞ്ചായത്തുകളിൽ 514ഇടത്ത് എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈ നേടാനായി. അപവാദം പ്രചരിപ്പിച്ചവർക്ക് ജനങ്ങൾ മറുപടി നൽകുമെന്ന് ഞങ്ങൾ പറഞ്ഞതാണ് സംഭവിച്ചത്.

ആരും പട്ടിണികിടക്കരുതെന്ന് ദൃഢനിശ്ചയം പോലെ ജനങ്ങൾ ഏറ്റെടുത്തു. ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചിടത്തു പോലും ഗുണമുണ്ടായില്ല. ശരിയായ നിലപാട് സ്വീകരിച്ച യു.ഡി.എഫ് അണികൾ ഞങ്ങൾക്കൊപ്പം നിന്നു. പറ്റിയ തെറ്റ് തിരിച്ചറിഞ്ഞ് യു.ഡി.എഫ് തിരുത്തണം.