തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാന മന്ദിരങ്ങൾ ഇരിക്കുന്ന വാർഡുകൾ പോലും ഇത്തവണ എതിർ മുന്നണികൾ വിജയിച്ചുകയറി. സി.പി.എമ്മിന്റെ ആസ്ഥാന മന്ദിരമായ എ.കെ.ജി സെന്റർ ഇരിക്കുന്ന വാർഡായ കുന്നുകുഴിയിൽ ഇത്തവണ വിജയക്കൊടി പാറിച്ചത് കോൺഗ്രസാണ്. കോൺഗ്രസ് സ്ഥാനാർത്ഥി മേരിപുഷ്പമാണ് ഇവിടെ വിജയിച്ചത്.എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ കുന്നുകുഴിയിൽ എ.ഒ. ഒലീനയാണ് മേരിപുഷ്പ്പത്തോട് പരാജയപ്പെട്ടത്. കൂടാതെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവൻ ഇരിക്കുന്ന വാർഡായ ശാസ്തമംഗലം വാർഡ് ഇത്തവണ പിടിച്ചെടുത്തത് ബി.ജെ.പിയാണ്. ബി.ജെ.പി സ്ഥാനാർത്ഥി മധുസൂദനൻ നായരാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ ശാസ്തമംഗലം ഗോപനെ പരാജയപ്പെടുത്തിയത്. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ ശാസ്തമംഗലം വാർഡാണ് ഇത്തവണ ബി.ജെ.പി പിടിച്ചെടുത്തത്.എൽ.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്താണ്.ബി.ജെ.പി ആസ്ഥാനമായ മാരാർജിഭവൻ ഇരിക്കുന്ന വാർഡായ തൈക്കാട് ഇത്തവണ പിടിച്ചെടുത്തത് എൽ.ഡി.എഫ് സ്ഥാനാർത്ഥി മാധവദാസാണ്. ഇവിടെ സി.പി.എമ്മിന്റെ സീറ്റ് അവർ നിലനിറുത്തി. ബി.ജെ.പി സ്ഥാനാർത്ഥിയായ ലക്ഷ്മി ഇവിടെ മൂന്നാം സ്ഥാനത്താണ്.സെക്രട്ടറിയേറ്റ് സ്ഥിതിചെയ്യുന്ന വാർഡായ തമ്പാനൂരും ഇത്തവണ എ.ഡി.എഫ് തന്നെ നിലനിറുത്തി.സി.പി.ഐ സ്ഥാനാർത്ഥിയായ ഹരികുമാർ.സിയാണ് ഇവിടെ വിജയിച്ചത്.എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്രാണ് ഇവിടം.