
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. മുനിസിപ്പൽ കൗൺസിലുകളിൽ കമ്മിഷൻ നിയോഗിച്ചിട്ടുള്ള വരണാധികാരികളും കോർപറേഷനുകളിൽ ജില്ലാ കളക്ടർമാരുമാണ് സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത്. എല്ലാ അംഗങ്ങൾക്കും രേഖാമൂലം അറിയിപ്പ് നൽകും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ രാവിലെ 10നും കോർപറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ. ചടങ്ങ് കഴിഞ്ഞാലുടൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേരണം.
ഭരണസമിതിയുടെ കാലാവധി ഈ മാസം 20ന് പൂർത്തിയാകാത്ത വണ്ടൂർ ബ്ളോക്ക് പഞ്ചായത്ത് 22നും ചോക്കോട് ഗ്രാമപഞ്ചായത്ത് 26നും തൃക്കലങ്ങോട്ട് പഞ്ചായത്ത് ജനുവരി 16നും മംഗലം, വെട്ടം,തിരുനാവായ, മക്കരപറമ്പ്, ഗ്രാമപഞ്ചായത്തുകളും തിരൂർ ബ്ളോക്ക് പഞ്ചായത്തും ഫെബ്രുവരി ഒന്നിനുമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്.
അദ്ധ്യക്ഷൻമാരുടെ
തിരഞ്ഞെടുപ്പ് 28നും 30നും
മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് 28ന് രാവിലെ 11നും ഉപാദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് 30ന് വിലെ 11നും ഉപാദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചയ്ക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികളും കോർപ്പറേഷനുകളിൽ ജില്ലാ കളക്ടർമാരും മുനിസിപ്പാലിറ്റികളിൽ കമ്മിഷൻ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുക.