cpm

തിരുവനന്തപുരം: വിവാദങ്ങൾ സൃഷ്ടിച്ച ചുഴലിയെ തടഞ്ഞ് ഇടതുമുന്നണി നേടിയ ഐതിഹാസിക ജയത്തിൽ പുറത്തുവന്നത്, തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നു ഘട്ടങ്ങളിലെയും ഉത്സാഹ പോളിംഗിൽ നിറഞ്ഞ നിശ്ശബ്ദ തരംഗത്തിന്റെ രഹസ്യം! രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ മുന്നണിയിലും പാർട്ടിയിലും പിണറായി വിജയന്റെ അപ്രമാദിത്വമുറപ്പിക്കുന്നതാണ് ഈ ഉജ്ജ്വല ജയം. ആരോപണങ്ങളെ തള്ളിയും സർക്കാരിന്റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിരോധത്തിനു ചുക്കാൻ പിടിച്ച മുഖ്യമന്ത്രിക്ക് അഭിമാനിക്കാം.

ഭരണത്തുടർച്ചയെന്ന ഇടതുമുന്നണിയുടെ സ്വപ്നത്തിന് ജീവൻ വയ്പിക്കുന്ന വിധിയാണിത്. സർക്കാരിനെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണങ്ങളാൽ വരിഞ്ഞുമുറുക്കിയിട്ടും അതിന്റെ നേട്ടം കൊയ്യാനാവാത്തത് യു.ഡി.എഫിലുണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. ഇന്നലെ പ്രതികരണത്തിനെത്തിയ കോൺഗ്രസ് നേതാക്കളുടെ ശരീരഭാഷയിൽ അത് പ്രകടമായി. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ ഇടതുതരംഗം യു.ഡി.എഫിനെ ഇരുത്തിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങാൻ മൂന്ന് മാസം ബാക്കി നിൽക്കുമ്പോൾ പ്രത്യേകിച്ചും.

മുനിസിപ്പാലിറ്റികളിൽ നേടിയ മേൽക്കൈ മാത്രമാണ് യു.ഡി.എഫിന് ആശ്വസിക്കാൻ വക. കോർപ്പറേഷനുകളിൽ സാങ്കേതികമായി ഒപ്പത്തിനൊപ്പമെന്ന് പറയാം. കഴിഞ്ഞ തവണ വരെ യു.ഡി.എഫിനൊപ്പം നിന്ന എറണാകുളത്തെ സ്ഥിതി അത്രകണ്ട് ആശ്വസിക്കാൻ വക നൽകുന്നതല്ല. സ്വതന്ത്രർ അവിടെ നിർണായകം. കഴിഞ്ഞ തവണ ഇടതിനൊപ്പം നിന്ന തൃശൂരിലും ഇതുതന്നെ സ്ഥിതി. കണ്ണൂർ കോർപ്പറേഷനിൽ മാത്രമേ യു.ഡി.എഫിന് നിറഞ്ഞു ചിരിക്കാൻ വകയുള്ളൂ.

സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങൾ പുകപടലങ്ങളുയർത്തിയെന്നല്ലാതെ, പൊതുസമൂഹം അവ അവഗണിച്ചുവെന്ന് ഇടതുമുന്നണി വിലയിരുത്തുന്നു. സർക്കാരിന്റെ ജനക്ഷേമ, വികസന പരിപാടികൾ ജനങ്ങൾ വലിയതോതിൽ സ്വീകരിച്ചുവെന്നാണവരുടെ വിശ്വാസം. വിവാദമല്ല, വികസനമാണ് ലക്ഷ്യമെന്ന മുദ്രാവാക്യം ജനം അംഗീകരിച്ചതിനാൽ, വരും നാളുകളിൽ കൂടുതൽ ജനകീയ ഇടപെടലുകളിലേക്ക് സർക്കാർ നീങ്ങിയേക്കും.

കേരള കോൺഗ്രസ്- ജോസ് കെ.മാണിയുടെ വരവോടെ ഇടതുമുന്നണിയുടെ അടിത്തറ ശക്തിപ്പെട്ടെന്ന് അവകാശപ്പെട്ട സി.പി.എമ്മിന്, കോട്ടയമുൾപ്പെട്ട മദ്ധ്യതിരുവിതാംകൂറിലെ നേട്ടമുണ്ടാക്കുന്ന ആഹ്ലാദം ചെറുതല്ല. ജോസ് കെ.മാണി തന്റെ കരുത്ത് ഇടതുമുന്നണിയിൽ തെളിയിച്ച സ്ഥിതിക്ക്, മുന്നണിക്കകത്ത് മാണി സി.കാപ്പനടക്കമുള്ളവർ ഉയർത്തുന്ന വിമതസ്വരത്തെ സി.പി.എം ഇനി അവഗണിക്കാനും മതി.

വെൽഫെയർ പാർട്ടി ബാന്ധവത്തിന്റെ പേരിൽ യു.ഡി.എഫിനെതിരെ വിമർശനമഴിച്ചുവിട്ട ഇടതുമുന്നണിക്ക്, അതിനേക്കാളേറെ ഗുണമായത് ഇതേച്ചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ടായ ആശയഭിന്നതയാണ്.വലിയ മുന്നേറ്റം അവകാശപ്പെട്ട ബി.ജെ.പിയെ 2015ലെ നിലയിൽ നിന്ന് അധികം മുന്നേറാൻ വിടാതിരുന്നതും ഇടതിന് ആശ്വാസമാണ്.