
തിരുവനന്തപുരം: അക്ഷരാർത്ഥത്തിൽ ചോര വീണ മണ്ണിൽ നിന്നാണ് ഇടവക്കോട് വാർഡിലെ സി.പി.എം സ്ഥാനാർത്ഥി എൽ.എസ്.സാജുവിന്റെ ഉയിർത്തെഴുന്നേൽപ്പ്. സാജു ചോരയിൽ കുളിച്ചുകിടന്ന ഡിസംബറിലെ ആ രാത്രി ഇടവക്കോടുകാർ മറന്നിട്ടില്ല.ആ ഓർമ്മ കൂടി വോട്ടിന് കരുത്തായി.2017 ഡിസംബർ 27നാണ് രാഷ്ട്രീയ എതിരാളികൾ മാരകായുധങ്ങളുമായി സാജുവിനെ ആക്രമിക്കുന്നത്. വെട്ടി വീഴ്ത്തുകയായിരുന്നു ലക്ഷ്യം.ശിരസിലും കാലുകളിലും കൈകളുമെല്ലാം ആഴത്തിലുള്ള മുറിവുകൾ കൈവിരലുകൾ അറ്റനിലയിലായിരുന്നു.മേയ് 28 വരെ തുടർച്ചയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞത് മരണത്തെ മുഖാമുഖം കണ്ട്.പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ടിടത്തുമായി ഏഴ് ശസ്ത്രക്രിയകൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ നേരിട്ടെത്തെത്തി ചികിത്സാ പുരോഗതി വിലയിരുത്തി.ഒടുവിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോഴും സാജു ചെങ്കൊടി മുറുകെ പിടിച്ചു. തിരഞ്ഞെടുപ്പ് വിജയത്തോടെ അത് ഇടവക്കോടും ശരിവച്ചു.കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാത്ഥി ഇടവക്കോട് ജയിച്ചത് 45 വോട്ടുകൾക്ക് ഇത്തവണ സാജുവിനെ വിജയിച്ചത് 343 വോട്ടുകൾക്ക്. നിരവധി തവണ സാജുവിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇന്നലെ പോലും ഇടവക്കോട് ജംഗ്ഷനിൽ സംഘർഷാന്തരീക്ഷമുണ്ടായി.