തിരുവനന്തപുരം:നഗരസഭയിലെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ യൂത്ത് ട്രന്റ് ഗുണം ചെയ്തു. ഇത്തവണത്തെ സ്ഥാനാർത്ഥി നിർണയത്തിൽ ഇടത് മുന്നണി യുവത്വത്തിനാണ് കൂടുതൽ പരിഗണന നൽകിയത്. അതിൽ വിജയം കൈവരിക്കാനും എൽ.ഡി.എഫിനായി. ആദ്യം തന്നെ നഗരസഭയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം എൽ.ഡി.എഫ് നടത്തിയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനർത്ഥിയും എൽ.ഡി.എഫിനാണ്. മുടവൻമുകളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ആര്യ രാജേന്ദ്രൻ ഇത്തവണ വിജയക്കൊടിപ്പാറിച്ചു.21 വയസിന്റെ ചുറുചുറുക്കിൽ ആര്യ വാർഡ് നിലനിറുത്തി. കൂടാതെ വഞ്ചിയൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഗായത്രി ബാബുവും കണ്ണമ്മൂലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശരണ്യ.എസ്.എസ് എന്നിവരും വിജയക്കൊടിപ്പാറിച്ചു. ഞാണ്ടൂർക്കോണത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആശാ ബാബു,ഉള്ളൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആതിര,നന്ദൻകോട്ടേ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. റീന എന്നിവരും വിജയിച്ചു. ആദ്യം യുവത്വത്തെ ഇറക്കി പരീക്ഷിച്ച് വിജയം നേടിയ മുന്നണിയാണ് ബി.ജെ.പി. 2015ൽ യുവതാരങ്ങളെ ഇറക്കി ബി.ജെ.പി നഗരസഭയിൽ മുന്നേറ്രം കുറിച്ചു. ഇത്തവണയും യുവതാരങ്ങളെ ഇറക്കി പരീക്ഷിച്ചതിൽ ബി.ജെ.പിക്കും ഗുണമുണ്ടായി. പാപ്പനംകോട് സിറ്റിംഗ് കൗൺസിലാറായി ആശനാഥ്,വലിയശാല വാർഡിൽ വിജയിച്ച ദേവിമ,നേമത്ത് വിജയിച്ച് ദീപിക എന്നിവരും ബി.ജെ.പി സ്ഥാനാർത്ഥികളുടെ യുവതാരങ്ങളാണ്. എന്നാൽ യു.ഡി.എഫ് നഗരസഭയിൽ യുവതാരങ്ങളെ വേണ്ടത്ര പരിഗണിച്ചില്ല.