congress-lost

തിരുവനന്തപുരം: ആരോപണ പ്രളയത്തിൽ ഇടതുസർക്കാർ വലഞ്ഞിട്ടും തദ്ദേശതിരഞ്ഞെടുപ്പ് വിധി അനുകൂലമാക്കാനാവാതെ പോയത് യു.ഡി.എഫിലും കോൺഗ്രസിലും അസ്വസ്ഥതകളുയർത്തുന്നു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വൻനേട്ടത്തിന്റെ ലാഞ്ചന പോലും ഇടതുസർക്കാരിന്റെ അവസാന ലാപ്പിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടമാക്കാൻ കഴിഞ്ഞില്ലെന്നതാണ് മുന്നണി നേതൃത്വത്തെ അലോസരപ്പെടുത്തുന്നത്. കോൺഗ്രസിൽ നീറിപ്പുകയുന്ന അസ്വസ്ഥത നേതൃത്വത്തിനെതിരെയടക്കം വരുംനാളുകളിൽ കലാപമാകാം. നേതൃശൈലിക്കെതിരായ ആദ്യവെടി പതിവുപോലെ കെ. മുരളീധരൻ ഇന്നലെ പൊട്ടിച്ചു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇന്ന് വിളിച്ച രാഷ്ട്രീയകാര്യസമിതി യോഗത്തിൽ തുടർവെടികൾ മുഴങ്ങും.

ജില്ലാ പഞ്ചായത്തുകളിലാണ് യു.ഡി.എഫിന് കനത്ത പ്രഹരമേറ്റത്. മലപ്പുറം, എറണാകുളം, വയനാട് ഒഴിച്ച് പത്ത് ജില്ലകളും പോയി. കാസർകോട്ട് ഒപ്പത്തിനൊപ്പമെന്ന് പറയാം. ജോസ് കെ.മാണിയുടെ പുറത്തുപോകലിന് വഴിയൊരുക്കിയ സംഭവങ്ങൾ പാടില്ലായിരുന്നുവെന്ന അഭിപ്രായങ്ങൾ പുറത്താക്കൽ പ്രഖ്യാപനം നടത്തിയപ്പോൾ തന്നെ മുന്നണിയിലുയർന്നതാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടലിനെച്ചൊല്ലിയുണ്ടായ ചെറിയൊരു തർക്കത്തിലാണ് ജോസ് വിഭാഗത്തെ പുറത്താക്കിയതെങ്കിൽ, ഇപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്തും കെ.എം. മാണിയുടെ തട്ടകമായ പാലാ മുനിസിപ്പാലിറ്റിയുമടക്കം യു.ഡി.എഫിന് നഷ്ടമായി. പി.ജെ. ജോസഫിന്റെ പ്രകോപനത്തിന് വഴങ്ങിയുണ്ടായ എടുത്തുചാട്ടമെന്ന വിമർശനത്തിന് നേതൃത്വം മറുപടി പറയേണ്ട സ്ഥിതിയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജോസ് അണികൾക്ക് ആത്മവിശ്വാസമേകുന്ന ജനവിധിയാണിത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫിന്റെ വിലപേശലിന് ഈ വിധിയുടെ ബലത്തിൽ തടയിടാമെന്ന ആശ്വാസം കോൺഗ്രസിനുണ്ട്.

മുനിസിപ്പാലിറ്റികളിലെ മേൽക്കൈയും ഗ്രാമപഞ്ചായത്തുകളിൽ സീറ്റുകളുടെ എണ്ണം കൂട്ടാനായതും മാത്രമാണ് യു.ഡി.എഫിന് ആശ്വാസം. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലെ കനത്ത തോൽവി സംഘടനാദൗർബല്യം വിളിച്ചോതുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ട് തുടങ്ങിയ ദൗർബല്യം ഇനിയും പരിഹരിച്ചിട്ടില്ലെന്ന വിമർശനം പാർട്ടിയിൽ തന്നെ ഉയരുന്നു. ദേശീയതലത്തിലെ സ്വാധീനവും രാഹുൽഗാന്ധിയുടെ വരവുമാണ് ലോക്‌സഭയിൽ മുന്നണിയെ സഹായിച്ചതെന്നാണ് വാദം. തൊട്ടുപിന്നാലെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ അത് അടിവരയിടുന്നുവെന്നും വിമർശകർ പറയുന്നു.

തിരുവനന്തപുരം ജില്ലയിലാണ് കോൺഗ്രസിന്റെ സംഘടനാദൗർബല്യം ഏറ്റവും രൂക്ഷമായി പ്രകടമായത്. തലസ്ഥാന കോർപ്പറേഷനിൽ വെറും പത്തംഗങ്ങളുമായി ഇടതുമുന്നണിക്കും ബി.ജെ.പിക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2015ലും മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇക്കുറി കൂടുതൽ ദയനീയമായി. തുടക്കത്തിൽ സ്ഥാനാർത്ഥി നിർണയത്തിലടക്കം ഉണ്ടായ തർക്കങ്ങൾ വരും ദിവസങ്ങളിൽ പൊട്ടിത്തെറിക്കാം. സമയമുണ്ടായിട്ടും തിരഞ്ഞെടുപ്പിന് ഗൃഹപാഠം ചെയ്‌തില്ലെന്ന വിമർശനം നേതൃത്വത്തിനെതിരെ ഉയരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് ഈ ശൈലിയുമായി പോയിട്ട് കാര്യമില്ല. ഇത് നേതൃമാറ്റത്തിനായുള്ള മുറവിളി ഉയർത്തുമോയെന്നൊക്കെ കണ്ടറിയണം. വെൽഫെയർ പാർട്ടിയുമായി പരോക്ഷ നീക്കുപോക്കിന് രാഷ്ട്രീയകാര്യസമിതി പച്ചക്കൊടി കാട്ടിയിട്ടും അതിത്ര വലിയ ചർച്ചയാക്കിയതിനും പഴി നേതൃത്വത്തിനാണ്. ആ തർക്കങ്ങളാകട്ടെ വിനയാവുകയും ചെയ്തു.