തിരുവനന്തപുരം:വ്യക്തമായ ഭൂരിപക്ഷം നേടി ജില്ലാപഞ്ചായത്ത് ഭരണം ഇടതുമുന്നണി നിലനിറുത്തിയെങ്കിലും പ്രസിഡന്റ് സ്ഥാനാർത്ഥി പരാജയപ്പെട്ടതോടെ ഇനിയാര് എന്ന ചോദ്യം മുന്നണിയിൽ സജീവമായി. പ്രസിഡന്റ് പദവി പട്ടികജാതി സംവരണമായതിനാൽ കിളിമാനൂർ ഡിവിഷനിൽ നിന്നും മത്സരിച്ച സുനിൽകുമാറിനായിരുന്നു ആദ്യ പരിഗണന സി.പി.എം നൽകിയിരുന്നത്.നാട്ടുകാരനല്ലാത്ത സുനിൽകുമാറിനെ കിളിമാനൂരിൽ മത്സരിപ്പിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് ഇനിയാരെ പ്രസിഡന്റാക്കണമെന്ന ചർച്ച ആരംഭിച്ചത്. മലയിൻകീഴ് സംവരണ വാർഡിൽ നിന്നും വിജയിച്ച അഡ്വ.ഡി.സുരേഷ്‌കുമാർ,ആര്യനാട്, മര്യാപുരം എന്നീ പട്ടികജാതി വനിതാ വനിതാ വാർഡുകളിൽ നിന്നും വിജയിച്ച മിനി,സൂര്യ എസ് .പ്രേം എന്നിവരിൽ ഒരാളാകും പ്രസിഡന്റ് ആകുക. മലയിൻകീഴ് നിന്നും വിജയിച്ച ഡി.സുരേഷ്‌കുമാറിനാണ് സാദ്ധ്യത കൂടുതൽ.

2005ൽ ബാലരാമപുരം ജില്ലാ ഡിവിഷനിൽ നിന്ന് വിജയിച്ചയാളാണ് സുരേഷ്‌കുമാർ.നേമം ബ്ലോക്ക് പഞ്ചായത്ത്
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു.കാട്ടാക്കട ക്രിസ്ത്യൻ കോളേജ്,ലാ അക്കാഡമി ലാ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയുടെ ജില്ലാ ജോയിന്റ് സെക്രട്ടറി, സി.പി.എം ബാലരാമപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം നേമം ഏരിയാകമ്മിറ്റി അംഗമാണ് റസൽപുരം പാറക്കുഴി സ്വദേശിയായ സുരേഷ്‌കുമാർ.നെയ്യാറ്റിൻകര, കാട്ടാക്കട,വഞ്ചിയൂർ കോടതികളിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. രജനി എസ്. ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന വിദ്യാത്ഥി സമരത്തിൽ പങ്കെടുത്ത് 96 ദിവസം ജയിൽവാസമനുഭവിച്ചിട്ടുണ്ട്. ആര്യനാട് ഡിവിഷനിൽ നിന്നും വിജയിച്ച എം.മിനി നിലവിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ്. കുറ്റിച്ചൽ സ്വദേശിയായ മിനി ഡി.വൈ.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം കൂടിയാണ്.പ്രീഡിഗ്രിയാണ് വിദ്യാഭ്യസ യോഗ്യത. മര്യാപുരം ഡിവിഷനിൽ നിന്നും വിജയിച്ച സൂര്യ എസ് .പ്രേം വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ പ്രവർത്തനത്തിലേക്ക് കടന്നയാളാണ്. ബി.എസ് .സി ബിരുദധാരി. ഡി.വൈ.എഫ്.ഐ ഏരിയ കമ്മിറ്റി അംഗമായ സൂര്യയുടെ ആദ്യ മത്സരമാണ്.