പോത്തൻകോട് : മാണിക്കൽ ഗ്രാമ പഞ്ചായത്ത് ഭരണം വീണ്ടും എൽ.ഡി.എഫിന്. ആകെയുള്ള 21 വാർഡുകളിൽ 16 എണ്ണത്തിൽ വിജയിച്ചാണ് ഇടതുപക്ഷം പഞ്ചായത്ത് ഭരണം നിലനിറുത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ രണ്ട് വാർഡുകൾ അധികം നേടിയാണ് എൽ.ഡി.എഫ് വീണ്ടും അധികാരത്തിലേറുന്നത്. ഇവിടെ ഇടതുപക്ഷത്തിലെ സി.പി.ഐക്ക് ലഭിച്ച നാല് സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണ ആറ് സീറ്റുകൾ ഉണ്ടായിരുന്ന യു.ഡി.എഫിന് ഇക്കുറി നാല് സീറ്റിൽ ഒതുങ്ങി. ബി.ജെ.പിക്ക് കഴിഞ്ഞതവണ ഉണ്ടായിരുന്ന ഒരു സീറ്റ് ഇത്തവണയും നിലനിറുത്തിയിട്ടുണ്ട്. അലിയാട്, തൈക്കാട്, പിരപ്പൻകോട്, കുതിരക്കുളം, തലയിൽ, വെമ്പായം, കട്ടക്കാൽ, കൊപ്പം, അണ്ണൽ, പ്ലാക്കീഴ്, വേളാവൂർ, കോലിയക്കോട്, പൂലന്തറ, ശാന്തിഗിരി, തീപ്പുകൽ, കുന്നിട എന്നീ വാർഡുകൾ എൽ.ഡി.എഫ് വിജയിച്ചപ്പോൾ മാണിക്കൽ, ഇടത്തറ, ചിറത്തലയ്ക്കൽ, കള്ളിക്കാട് വാർഡുകളിൽ യു.ഡി.എഫും മൂളയം വാർഡിൽ ബി.ജെ.പിയും വിജയിച്ചു.
വെമ്പായം പഞ്ചായത്തിൽ ഇത്തവണ ആർക്കും ഭൂരിപക്ഷമില്ല. ബി.ജെ.പിയും എസ്.ഡി.പി.ഐയും ഇവിടെ നിർണായക ശക്തിയാകുകയാണ്. കഴിഞ്ഞ തവണ 21 ൽ 10 സീറ്റുകൾ നേടി അധികാരത്തിലെത്തിയ എൽ.ഡി.എഫ്. ഇത്തവണ ഒരു സീറ്റ് കുറഞ്ഞു 9 സീറ്റിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ എട്ടു സീറ്റുകൾ ഉണ്ടായിരുന്ന യു.ഡി.എഫിന് അത് നിലനിറുത്തനായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2 സീറ്റുകൾ ഉണ്ടായിരുന്ന ബി.ജെ.പി ഇത്തവണ നില മെച്ചപ്പെടുത്തി 3 സീറ്റു നേടി. എസ്.ഡി.പി.ഐ, ഇത്തവണയും ഒരു സീറ്റിൽ വിജയിച്ചതോടെ ഇത്തവണ പഞ്ചായത്ത് ആര് ഭരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നന്നാട്ടുകാവ്, വാഴക്കാട്, കൊഞ്ചിറ, ചീരാണിക്കര, വെട്ടുപാറ, തേക്കട, മൊട്ടമൂട്, മുളംകാട്, അയിരൂപ്പാറ തുടങ്ങിയ വാർഡുകൾ എൽ.ഡി.എഫും തീപ്പുകൽ, കാരംകോട്, ചിറമുക്ക്, പെരുംകൂർ, കണക്കോട്, കുറ്റിയാണി, നെടുവേലി, വട്ടവിള തുടങ്ങിയ വാർഡുകൾ യു.ഡി.എഫും പന്തലക്കോട്, വേറ്റിനാട്, മയിലാടും മുകൾ എന്നീ വാർഡുകൾ ബി.ജെ.പിയും കന്യാകുളങ്ങര വാർഡ് എസ്.ഡി.പി.ഐയും വിജയിച്ചു. ഇവിടെ നിലവിലെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സീനത്ത് ബീവി പരാജയപ്പെട്ടതും എൽ.ഡി.എഫിന് ക്ഷീണമായി.