indrajith

സൂപ്പർഹിറ്റ് ചിത്രങ്ങൾക്കപ്പുറം മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഒത്തിരി സിനിമകൾ മലയാളിക്ക് സമ്മാനിച്ച നടനാണ് ഇന്ദ്രജിത്ത്. ഇന്ന് താരം 41-ാം പിറന്നാൾ ആഘോഷിക്കുകയാണ്. കുടുംബവുമൊത്ത് ലളിതമായ ചടങ്ങുകളോടെയായിരിക്കും പിറന്നാൾ ആഘോഷം. കഴിഞ്ഞ ദിവസം പൂർണിമയുടെ പിറന്നാളും ഇരുവരുടെയും വിവാഹവാർഷികവും ഗംഭീരമാക്കിയതിന്റെ ആഘോഷചിത്രങ്ങൾ പുറത്തുവന്നിരുന്നു. ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. 1986ൽ പുറത്തിറങ്ങിയ പടയണി എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിലെത്തിയ ഇന്ദ്രജിത്ത് പിന്നീട്

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. തുടർന്ന് 2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചു. പിന്നീട് വൈവിധ്യമാർന്ന നൂറോളം വേഷങ്ങൾ അവതരിപ്പിച്ചു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ റോഡ് ടു ദി ടോപ്പിലും അഭിനയിച്ചു. അഭിനയജീവതത്തിലെ ഏറ്റവും നല്ല കഥാപാത്രമായിട്ടാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയനെ ഇന്ദ്രജിത്ത് കാണുന്നത്. നല്ലൊരു പാട്ടുകാരൻ കൂടിയാണ് ഇന്ദ്രജിത്ത്. എന്തായാലും പിറന്നാൾ ദിനത്തിൽ പുതിയ സിനിമാ വിശേഷങ്ങൾക്കും മറ്റും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

'ആഹാ ' വീഡിയോ ഗാനം റിലീസ്

ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന വടം വലി പാശ്ചാത്തലമായ 'ആഹാ ' യുടെ വീഡിയോ ഗാനം മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി, സൂപ്പർ താരം മോഹൻലാൽ, തമിഴ് സിനിമയുടെ ' സുൽത്താൻ ' കാർത്തി, വിജയ് സേതുപതി എന്നിവർ ചേർന്ന് പുറത്തിറക്കി. സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ' ആഹാ' ഇന്ദ്രജിത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ. ടോബിത് ചിറയത്താണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജുബിത് നമ്രടത്ത്, ടിറ്റോ പി. തങ്കച്ചൻ എന്നിർ എഴുതിയ ഗാനങ്ങൾക്ക് സയനോര ഫിലിപ്പ് സംഗീതം പകർന്നിരിക്കുന്നു. കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ ആധാരമാക്കി, സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ ഒരു മുഴു നീള സ്‌പോർട്സ് ഡ്രാമയാണ്. ശാന്തി ബാലചന്ദ്രൻ ഇന്ദ്രജിത്തിന്റെ നായികയാകുന്ന ചിത്രത്തിൽ അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ. ജയൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.