
മലയാള സിനിമയുടെ സിനിമാവർഷം ഇവിടെ പടിയകലാനൊരുങ്ങുകയാണ്. മറ്റുവർഷങ്ങളെ അപേക്ഷിച്ച് റിലീസുകൾ വളരെ കുറവായിരുന്നെങ്കിലും സംഗീതപ്രേമികളുടെ പുത്തൻ ഗാനശാഖയിൽ കുറച്ച് പുതിയ അപ്ഡേറ്റുകളും സമ്മാനിച്ചാണ് 2020 അവസാനിക്കുന്നത്. കൊവിഡ് നിറം കെടുത്തിയ ലോകസിനിമയുടെ പകിട്ട് ഒരു പരിധി വരെ തിരികെ പിടിച്ചത് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തിയ സിനിമകളിലൂടെയാണ്. റിലീസായെത്തിയ സിനിമാ ഗാനങ്ങളും ഇതോടൊപ്പം നോൺ സിനിമാ ഗാനങ്ങളും വരെ സംഗീതപ്രേമികളുടെ നെഞ്ചിൽ ഇടം പിടിച്ച കൊല്ലം കൂടിയാണിത്. ഇക്കൊല്ലം സംഗീത പ്രേമികളുടെ ചുണ്ടുകളിൽ തത്തിക്കളിച്ച ഗാനങ്ങൾ ദാ ഇതൊക്കെയാണ്.

വാതിക്കലു വെള്ളരിപ്രാവ്
ജയസൂര്യയെയും ദേവ് മോഹനെയും ബോളിവുഡ് താരം അദിതി റാവു ഹൈദരിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രമായ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കലു വെള്ളരിപ്രാവ് എന്ന് തുടങ്ങുന്ന ഗാനമാണ് ഏറെ സംഗീതപ്രേമികളും നെഞ്ചേറ്റിയത്. പ്രായഭേദമന്യേ ഏറ്റെടുത്ത ഗാനം കുഞ്ഞുങ്ങൾ വരെ ഏറ്റെടുത്തിരുന്നു. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നത് എം.ജയചന്ദ്രനാണ്. നിത്യ മാമൻ, അർജ്ജുൻ കൃഷ്ണ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. ചിത്രത്തിലെ അൽഹം ദുലില്ലാ എന്ന് തുടങ്ങുന്ന ഗാനവും ഏറെ ആരാധകരെ സ്വന്തമാക്കിയിരുന്നു.
കലാക്കാത്ത സന്ദനമേറി...

പൃഥ്വിരാജിനെയും ബിജു മേനോനെയും മുഖ്യ കഥാപാത്രങ്ങളാക്കി സംവിധായകൻ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലാക്കാത്ത സന്ദനമേറി എന്ന് തുടങ്ങുന്ന ഗാനവും 2020ൽ ഏറെ വൈറലായി മാറിയിരുന്നു. ഒട്ടനവധി സംഗീതപ്രേമികൾ ഏറ്റെടുത്ത ഈ ഗാനം ആലപിച്ചത് ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നഞ്ചമ്മയാണ്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. തനി നാടൻ കഥ നാട്ടിൻപുറത്തിന്റെ നറുമണത്തോടെ അവതരിപ്പിച്ചതിനാൽ ചിത്രം തിയേറ്ററുകളിൽ വലിയ വിജയമായി.
മൊഞ്ചത്തിപ്പെണ്ണേ

ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിച്ച് പുറത്തിറക്കിയ ചിത്രമായ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ ഉണ്ണിമായ ഗാനമാണ് ഇക്കൊല്ലം സൂപ്പർഹിറ്റായി മാറിയ ഗാനങ്ങളിൽ മറ്റൊന്ന്. മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്ന് തുടങ്ങുന്ന ഗാനം എഴുതിയത് ഷിഹാസ് അഹമ്മദ് കോയ ആയിരുന്നു. ശ്രീഹരി കെ. നായർ ആയിരുന്നു ചിത്രത്തിന് സംഗീതം പകർന്നത്. ദുല്‍ഖര്‍ സല്‍മാനും, ജേക്കബ് ഗ്രിഗറിയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഗാനത്തിന് സംഗീതപ്രേമികൾ വലിയ സ്വീകരണമായിരുന്നു നൽകിയത്. നവാഗതനായ ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ളിക്‌സില്‍ നേരിട്ട് റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമെന്ന പേരും സ്വന്തമാക്കി. ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരന്‍, ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പണിപാളി...

ലോക്ക്ഡൗൺ കാലത്ത് മലയാളികൾ പ്രായഭേദമന്യേ മൂളിയ ഗാനമാണ് പണിപാളി ഗാനം. നടനും തിരക്കഥാകൃത്തും ഡാൻസറുമൊക്കെയായ നീരജ് മാധവ് എഴുതി ആലപിച്ച റാപ്പ് സോംഗ് മലയാളികളൊന്നടങ്കം ഏറ്റുപിടിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞുങ്ങൾ പോലും ഈ ഗാനം മൂളിപ്പാടുന്നത് മലയാളികൾ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. സിനിമകളിലെ ഗാനമല്ലെങ്കിൽ കൂടി 2020ൽ മലയാളികൾ സൂപ്പർഹിറ്റാക്കിയ ഗാനങ്ങളുടെ പട്ടികയിൽ പണിപാളിയുമുണ്ട്. നീരജിന്റെ റാപ്പിന് നിരവധി കവർ വേർഷനുകളും പാരഡികളും ചലഞ്ച് ഡാൻസ് വീഡിയോകളുമൊക്കെ പുറത്തിറക്കിയിരുന്നു.
കിം..കിം..
'ജാക്ക് ആൻഡ് ജിൽ’ എന്ന സന്തോഷ് ശിവൻ ചിത്രത്തിനു വേണ്ടി മഞ്ജു വാര്യർ പാടിയ ‘കിം കിം കിം’ എന്ന ഗാനം അടുത്തിടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട ലിറിക്കൽ വീഡിയോ മണിക്കൂറുകൾക്കകം വൈറലായിരുന്നു. ഇതിനു പിന്നാലെ പാട്ടിന് അനുസരിച്ച് ചുവടുവയ്ക്കുന്ന മഞ്ജുവിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഒരു ചലഞ്ചായാണ് മഞ്ജു വീഡിയോ പങ്കുവച്ചിരുന്നത്. പാട്ടിന് അനുസരിച്ച് ചുവടുവച്ച് വീഡിയോ ഷെയർ ചെയ്യൂ, അൽപ്പം ഫൺ ആസ്വദിക്കൂ എന്നായിരുന്നു മഞ്ജു പറഞ്ഞത്. ഉടൻ തന്നെ ചാലഞ്ച് ആളുകൾ ഏറ്റെടുക്കുകയും kim kim challenge എന്ന ഹാഷ് ടാഗ് വൈറലാകുകയും ചെയ്തു. ഇതിനോടകം മുപ്പത് ലക്ഷത്തോളം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഇപ്പോൾ കെനിയയിലെ കുറച്ചു കുട്ടികൾ ‘കിം കിം’ എന്ന പാട്ടിന് ചുവടുവയ്ക്കുന്നതിന്റെ വീഡിയോ ആണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്. കിം കിമ്മിന് കെനിയയിൽ നിന്നും സ്നേഹം ലഭിക്കുന്നു എന്നാണ് മഞ്ജു പറയുന്നത്.