ljd

ബാലുശ്ശേരി: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഇനി ആര് ഭരിക്കണമെന്ന് ബി.ജെ.പി. തീരുമാനിക്കും. ആകെയുള്ള 23 വാർഡുകളിൽ 10 വീതം സീറ്റുകളാണ് യു.ഡി.എഫും എൽ.ഡി.എഫും നേടിയത്. 3 സീറ്റുകൾ ബി.ജെ.പി.യ്ക്ക് ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് 12 സീറ്റുകൾ വേണമെന്നിരിക്കേ ബി.ജെ.പി.യുടെ പിന്തുണയില്ലാതെ ഒരു മുന്നണിക്കും അധികാരത്തിൽ വരാൻ കഴിയില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വിട്ടു നിന്നാൽ പോലും നറുക്കെടുപ്പിലൂടെ മാത്രമെ ആർക്കായാലും അധികാരത്തിൽ വരാൻ കഴിയൂ. അങ്ങനെ ഭരണത്തിലെത്തിയാൽ പോലും ബി.ജെ.പി.യ്ക്ക് 3 സീറ്റ് ഉള്ളിടത്തോളം കാലം ഭരണം ശാശ്വതമല്ല. അഥവാ ആർക്കെങ്കിലും ബി.ജെ.പി. പിന്തുണ നല്കിയാൽ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഭരണത്തിൽ കയറുന്നവർ നിർബന്ധിതരായേക്കും.

ഇത്തവണ ഉണ്ണികുളത്ത് എൽ.ഡി.എഫിന് ഭൂരിപക്ഷം കിട്ടാതിരുന്നത് എൽ.ജെ.ഡി.യ്ക്ക് സീറ്റ് നല്കാത്തതിനാലാണ്. ഇവിടെ എൽ.ഡി.എഫിന് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരണമെങ്കിൽ എൽ.ജെ.ഡി.യുടെ പിന്തുണ അനിവാര്യമാണെന്ന് കഴിഞ്ഞ കാലങ്ങളിലും തെളിയിച്ചിട്ടുള്ളതാണ്. ഇത്തവണ 19, 20, 21, 22 വാർഡുകൾ എൽ.ഡി.എഫിന് നഷ്ടമായത് ഇതുകൊണ്ടാണ്. ഈ വാർഡുകളിൽ നിർണ്ണായക സ്വാധീനമുണ്ടായിട്ടും തങ്ങൾക്ക് അർഹമായ പരിഗണന കിട്ടാത്തതിൽ അണികൾക്ക് അമർഷമുണ്ടായിരുന്നു. തങ്ങൾക്ക് സീറ്റ് നല്കിയില്ലെങ്കിലും നേതാക്കളിൽ ചിലർ എൽ.ഡി.എഫിന്റെ ഭാഗമായി പ്രവർത്തിച്ചതും അണികൾക്ക് അത് ഉൾക്കൊള്ളാനായില്ല. ഇതിന്റെ ഫലം തിരഞ്ഞെടുപ്പിൽ കാണുകയും ചെയ്തു. കേരളം മുഴുവൻ എൽ.ഡി.എഫ് തരംഗമുള്ളപ്പോഴാണ് ഉണ്ണികുളത്ത് എൽ.ഡി.എഫിന് ഈ ഗതി വന്നത്.