malayoram

പേരാവൂർ: മലയോരത്തെ പഞ്ചായത്തുകളായ കോളയാട്, മാലൂർ, പേരാവൂർ, കണിച്ചാർ, കേളകം പഞ്ചായത്തുകൾ എൽ.ഡി.എഫ്. ഭരിക്കും. യു.ഡി.എഫ് ഭരണത്തിലിരുന്ന കൊട്ടിയൂരിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന കോളയാട് പഞ്ചായത്ത് ഇക്കുറിയും ഇടതിനൊപ്പമാണ്. ആകെയുള്ള 14 വാർഡുകളിൽ 8 ലും എൽ.ഡി.എഫ് വിജയിച്ചപ്പോൾ യു.ഡി.എഫ്. 6ൽ ഒതുങ്ങി. ഇടതുഭരണത്തിലായിരുന്ന മാലൂർ പഞ്ചായത്തിലെ 15 വാർഡുകളിൽ 9ഉം എൽ.ഡി.എഫ്. നേടിയപ്പോൾ യു.ഡി.എഫ്. 6 സീറ്റ് നേടി.

പേരാവൂർ പഞ്ചായത്തിൽ ആകെയുള്ള 16 വാർഡുകളിൽ 10 ലും വിജയിച്ച് എൽ.ഡി.എഫ്.ഭരണം നിലനിറുത്തി.യു.ഡി.എഫിന് 5 സീറ്റുകളും, 1 സീറ്റിൽ എൻ.ഡി.എ.യും വിജയിച്ചു. കണിച്ചാർ പഞ്ചായത്ത് 48 വർഷങ്ങൾക്ക് ശേഷം ഇടതുപക്ഷത്തേക്ക് ചാഞ്ഞു. ആകെയുള്ള 13 വാർഡുകളിൽ എൽ.ഡി.എഫിന് 7 ഉം യു.ഡി.എഫിന് 6 വാർഡുകളും ലഭിച്ചു. എൽ.ഡി.എഫ്.ഭരണത്തിലിരുന്ന കേളകത്ത് 13 ൽ 9 വാർഡുകളിൽ വിജയിച്ച് എൽ.ഡി.എഫ് ഭരണത്തുടർച്ച നേടി. ആദ്യ ഏഴു വാർഡുകളിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴേയ്ക്കും എൽ.ഡി.എഫ്.ഭരണം ഉറപ്പിച്ചു. എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി വിജയിച്ചിരുന്നിടത്ത് തുടർ ഭരണം നേടിയതോടൊപ്പം യു.ഡി.എഫിൽ നിന്നും രണ്ടു സീറ്റുകൾ പിടിച്ചെടുക്കാനും കഴിഞ്ഞു. കൊട്ടിയൂർ പഞ്ചായത്തിലെ ആകെയുള്ള 14 സീറ്റുകളിൽ ഇരു മുന്നണികളും 7 വാർഡുകളിൽ വീതം വിജയിച്ച് ഒപ്പത്തിനൊപ്പമായതോടെ നറുക്കെടുപ്പിലൂടെ പഞ്ചായത്ത് ആരു ഭരിക്കുമെന്ന്തീരുമാനിക്കും.

കണിച്ചാർ പഞ്ചായത്തിൽ ചരിത്ര വിജയം നേടി ഇടതുപക്ഷം

കണിച്ചാർ: പഞ്ചായത്ത് രൂപീകരണത്തിന് ശേഷം 48 വർഷം തുടർച്ചയായി യു.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്ന കണിച്ചാറിൽ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനായത് എൽ.ഡി.എഫിന്റെ ചരിത്രവിജയമായി മാറി.

ഈ തിരഞ്ഞെടുപ്പിൽ കണ്ട ഏറ്റവും വലിയ അട്ടിമറി വിജയങ്ങളിലൊന്നാണ് കണിച്ചാറിലേത്. ആകെയുള്ള 13 വാർഡുകളിൽ
ഏഴിലും വിജയിച്ചതോടൊപ്പം 3, 4, 11 എന്നീ വാർഡുകളിൽ യഥാക്രമം 19, 11, 15 വോട്ടുകൾക്കാണ് എൽ.ഡി.എഫ്. പരാജയപ്പെട്ടത്. കഴിഞ്ഞ തവണ 10 സീറ്റുണ്ടായിരുന്ന യു.ഡി.എഫ്. ഇത്തവണ ആറ് സീറ്റിലേക്ക് ചുരുങ്ങി.
മുൻ ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ സണ്ണി മേച്ചേരിയടക്കം പരാജയപ്പെട്ടു.
യു.ഡി.എഫ്. ഭരണത്തിലെ അഴിമതിയാരോപണങ്ങളും മുന്നണിയിലെ പടലപ്പിണക്കങ്ങളും തമ്മിലടിയും യു.ഡി.എഫിന് വിനയായപ്പോൾ, ചിട്ടയായ പ്രവർത്തനവും, സ്ഥാനാർത്ഥി നിർണ്ണയത്തിലെ മികവും പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് അനുകൂലമായി.