
ചിറയിൻകീഴ് : അഴൂർ ഗ്രാമപഞ്ചായത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഇക്കുറി വ്യക്തമായ ഭൂരിപക്ഷം നേടി. ആകെയുളള 18 വാർഡുകളിൽ 11 ലും വിജയിച്ചാണ് കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായുളള ആധിപത്യം എൽ.ഡി.എഫ് നിലനിറുത്തിയത്. കഴിഞ്ഞ പ്രാവശ്യം സ്വതന്ത്രയെ കൂട്ടുപിടിച്ചാണ് എൽ.ഡി.എഫ് ഭരണം നിലനിറുത്തിയതെങ്കിൽ ഇക്കുറി മൂന്ന് സീറ്റുകൾ കൂടുതൽ പിടിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം തുടരാം. എൽ.ഡി.എഫ് 8, യു.ഡി.എഫ് 7, ബി.ജെ.പി 2, സ്വതന്ത്ര 1 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷി നില. ബി.ജെ.പിക്ക് നിലവിൽ ഉണ്ടായിരുന്ന രണ്ട് സിറ്റിംഗ് വാർഡുകൾ നിലനിറുത്താൻ കഴിഞ്ഞില്ലെങ്കിലും പഞ്ചായത്തിൽ മൂന്നിടത്ത് വിജയിച്ച് കരുത്ത് വർദ്ധിപ്പിച്ചു. പഞ്ചായത്തിൽ ഏഴിടത്ത് ബി.ജെ.പി രണ്ടാംസ്ഥാനത്താണ്. കഴിഞ്ഞ തവണ ഏഴ് സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ് മൂന്ന് സീറ്റായി ചുരുങ്ങി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ, കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഴൂർ വിജയൻ, സ്വതന്ത്രയായി മത്സരിച്ച നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര എന്നീ സ്ഥാനാർത്ഥികൾ ഇവിടെ തോൽക്കുകയും ചെയ്തു.ഇക്കുറി കോൺഗ്രസ് സീറ്റ് നൽകാത്തതിനെത്തുടർന്ന് സ്വതന്ത്രനായി ഗാന്ധിസ്മാരകം വാർഡിൽ മത്സരിച്ച ബി.മനോഹരൻ തുടർച്ചയായി ഏഴാം തവണയും വിജയിച്ചു. പോളിംഗ് ശതമാനത്തിൽ പഞ്ചായത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന വാർഡാണ് ഗാന്ധിസ്മാരകം. വാർഡ്, വിജയിച്ച സ്ഥാനാർത്ഥികൾ:
മാടൻവിള: നെസിയ സുധീർ, യു.ഡി.എഫ് (96),അഴൂർ ക്ഷേത്രം :കെ.ഓമന, യു.ഡി.എഫ് (110),ഗണപതിയാം കോവിൽ: ഷീബ, എൽ.ഡി.എഫ് (67),മാവിന്റെമൂട്:കെ.സിന്ധു, ബി.ജെ.പി (37),കോളിച്ചിറ:ആർ.അനിൽ,എൽ.ഡി.എഫ് (319),അഴൂർ എൽ.പി.എസ്:ബി.ഷീജ,എൽ.ഡി.എഫ് (106),കൃഷ്ണപുരം:അനിൽകുമാർ കെ.എസ്, ബി.ജെ.പി (11),മുട്ടപ്പലം: എസ്.വി.അനിലാൽ,എൽ.ഡി.എഫ് (378),തെറ്റിച്ചിറ:സജിത്ത്, യു.ഡി.എഫ് (269),ഗാന്ധിസ്മാരകം : ബി.മനോഹരൻ, സ്വതന്ത്രൻ (102),കന്നുകാലിവനം:ലതിക മണിരാജ്,എൽ.ഡി.എഫ് (60),നാലുമുക്ക്:റിജി .ടി.കെ, എൽ.ഡി.എഫ് (179),ചിലമ്പ് : ജയകുമാർ.ബി, ബി.ജെ.പി (168),അക്കരവിള: ബി.എസ് കവിത, എൽ.ഡി.എഫ് (413),പെരുങ്ങുഴി ജംഗ്ഷൻ:ലിസി, എൽ.ഡി.എഫ് (168),പഞ്ചായത്ത് ഓഫീസ്:ആർ.അംബിക,എൽ.ഡി.എഫ് (150),റെയിൽവേ സ്റ്റേഷൻ: സി.സുര, എൽ.ഡി.എഫ് (239),കൊട്ടാരം തുരുത്ത്:ഷാജഹാൻ, എൽ.ഡി.എഫ് (146) എന്നിങ്ങനെയാണ്.