
തിരുവനന്തപുരം:ഇൻസാറ്റ്, ജി - സാറ്റ് ഉപഗ്രഹങ്ങളുടെ തുടർച്ചയായി വാർത്താവിനിമയത്തിൽ വൻകുതിപ്പിനായി ഐ. എസ്. ആ. ഒയുടെ അത്യാധുനിക ഉപഗ്രഹമായ സി.എം.എസ് 01 ഇന്നലെ ബഹിരാകാശത്തെത്തി.
വൈകിട്ട് 3.41ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് പി.എസ്.എൽ.വി സി - 50 റോക്കറ്റിൽ കുതിച്ച ഉപഗ്രഹം കൃത്യം 20.11മിനിറ്റിൽ 492.93കിലോമീറ്റർ മേലെയുള്ള ആദ്യപഥത്തിലെത്തി. സോളാർ പാനലുകൾ വിടർത്തിയ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഐ.എസ്. ആർ.ഒയുടെ ബംഗളുരു കേന്ദ്രം ഏറ്റെടുത്തു. ഉപഗ്രഹത്തിലെ ഇന്ധനം ജ്വലിപ്പിച്ച് മൂന്ന് ദിവസം കൊണ്ട് 35,000 കിലോമീറ്റർ ഉയരത്തിൽ 42,500കിലോമീറ്റർ വരെ അകലത്തായുള്ള സ്ഥിരം ഭ്രമണപഥത്തിലേക്ക് മാറും.
2006ൽ വിക്ഷേപിച്ച ഇൻസാറ്റ് 3ബിയുടെ കാലാവധി 2011ൽ പൂർത്തിയായി. അതോടെ കൂടുതൽ മെച്ചപ്പെട്ട ജിസാറ്റ് 12 വിക്ഷേപിച്ചു. അതിന്റെ കാലാവധിയും തീർന്നതോടെയാണ് അത്യാധുനിക സി.എം.എസ്. 01വിക്ഷേപിച്ചത്.
സി.എം.എസ്. 01
സ്റ്റാർട്ടപ്പിന്റെ ഉപഗ്രഹം
ബ്രസീലിന്റെ 700കിലോ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്ന വാണിജ്യ ദൗത്യമാണ് അടുത്തത്. ഇതിനൊപ്പം ഇന്ത്യൻ സ്‌പെയ്സ് ടെക്നോളജി സ്റ്റാർട്ടപ്പായ പിക്സൽ നിർമ്മിച്ച ആനന്ദ് എന്ന് ഭൗമ നിരീക്ഷണ ഉപഗ്രഹവും സ്പെയ്സ് കിഡ്സിന്റെ " സതീഷ് ", യൂണിവേഴ്സിറ്റി കൺസോർഷ്യത്തിന്റെ യൂണിവ്‌സാറ്റ് എന്നീ വാർത്താവിനിമയ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. പി.എസ്. എൽ.വി.സി. 51 റോക്കറ്റിൽ ഫെബ്രുവരിയിലാണ് ഈ ദൗത്യമെന്ന് ഐ. എസ്. ആർ. ഒ ചെയർമാൻ ഡോ.കെ.ശിവൻ പറഞ്ഞു.