
കിളിമാനൂർ : നഗരൂരിൽ കോൺഗ്രസിൽ പ്രബലൻമാരായ പലരും പരാജയപ്പെട്ടപ്പോൾ അമ്മയും മകളും വിജയിച്ചത് പാർട്ടിക്ക് ആശ്വാസമായി. പഞ്ചായത്തിലെ വെള്ളല്ലൂർ വില്ലേജിൽപ്പെട്ട അടുത്തടുത്തുള്ള വാർഡുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളായ രണ്ടുപേരും വിജയിച്ചത്. ഒരു പഞ്ചായത്തിൽ അമ്മയും മകളും സ്ഥാനാർത്ഥികളായത് പ്രദേശത്ത് ഏറെ ചർച്ചയായിരുന്നു. നഗരൂർ പഞ്ചായത്തിലെ ഈഞ്ചമൂല വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഉഷ 149 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തൊട്ടടുത്ത പതിനാറാം വാർഡായ വെള്ളല്ലൂരിൽ മത്സരിച്ച ഉഷയുടെ മകൾ അർച്ചന സഞ്ജു 47 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കുടുംബപരമായി കോൺഗ്രസ് അനുഭാവിയായ ഉഷയും അർച്ചനയും ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വാർഡു തല എ.ഡി.എസ് പ്രസിഡന്റ്, തൊഴിലുറപ്പ് കൺവീനർ എന്നീ മേഖലകളിലെ നേതൃപാടവമാണ് തിരഞ്ഞെടുപ്പിലേക്ക് ഒരു കൈ നോക്കാൻ പ്രേരിപ്പിച്ചതെന്ന് ഉഷ പറഞ്ഞു. സി.പി.എമ്മിൽ നിന്ന് ബിജിയും ബി.ജെ.പിയിൽനിന്ന് ദീപയും ആയിരുന്നു ഉഷയുടെ എതിരാളികൾ. നഗരൂർ പതിനാറാം വാർഡിൽ അർച്ചനയുടെ എതിരാളികൾ സി.പി.ഐയിലെ ഗീതുവും ബി.ജെ.പിയിൽനിന്ന് ബിന്ദുവുമായിരുന്നു.