
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വലിയ തിരിച്ചടിക്കു പിന്നാലെ യു.ഡി.എഫിനെ നയിക്കുന്ന കോൺഗ്രസ് പാർട്ടി ആത്മപരിശോധനയ്ക്കുള്ള ശ്രമത്തിലാണ്. വിശകലനങ്ങളും വിലയിരുത്തലുകളുമായി പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമമാണു നടക്കുന്നത്. ഏതു തിരഞ്ഞെടുപ്പു കഴിയുമ്പോഴും ഇതൊക്കെ സാധാരണ നടപടിക്രമങ്ങൾ തന്നെ. എന്നാൽ ഫലപ്രഖ്യാപനം കഴിഞ്ഞ ഉടനെ കോൺഗ്രസ് നേതാക്കളിൽ നിന്നു പുറത്തുവന്ന പ്രതികരണങ്ങൾ യാഥാർത്ഥ്യങ്ങൾ പൂർണമായും ഉൾക്കൊണ്ടവയാണെന്നു പറയാനാവില്ല. ഏറ്റവും വിചിത്രമായി തോന്നിയത് ജനവിധി യു.ഡി.എഫിന് എതിരല്ലെന്ന നേതാക്കളുടെ വിലയിരുത്തൽ കണ്ടപ്പോഴാണ്. യു.ഡി.എഫിന്റെ അടിത്തറ ഇപ്പോഴും ഭദ്രം തന്നെ. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നില മെച്ചപ്പെട്ടിട്ടുമുണ്ട്. യു.ഡി.എഫിനും കോൺഗ്രസിനും തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെന്ന വിലയിരുത്തൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുള്ളതാണ്. യു.ഡി.എഫിന് കൂടുതൽ ആത്മവിശ്വാസമുണ്ടാക്കാൻ പോരുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ - ഇങ്ങനെ പോകുന്നു നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാന കോൺഗ്രസിന്റെ അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയും സംയുക്തമായി മാദ്ധ്യമങ്ങളെ കണ്ടപ്പോൾ അവരിൽ നിന്നുണ്ടായ പ്രതികരണങ്ങളാണ് മേൽ ഉദ്ധരിച്ചത്. യാഥാർത്ഥ്യങ്ങൾ അതേ നിലയിൽ അംഗീകരിക്കാൻ നേതാക്കൾ ഇപ്പോഴും വൈമനസ്യം കാണിക്കുന്നു എന്നാണ് ഇതിൽ നിന്നു മനസിലാക്കേണ്ടത്. കോൺഗ്രസിനോ മുന്നണിക്കോ ഒരു ഗുണവും ചെയ്യാത്ത സമീപനമാണിത്. വിജയവും പരാജയവുമൊക്കെ ഏതു തിരഞ്ഞെടുപ്പിലും സ്വാഭാവികമാണ്. അത് ഉൾക്കൊള്ളാൻ കഴിയണം. വീഴ്ചകൾ സംഭവിച്ചത് എവിടെയൊക്കെയാണെന്നും എങ്ങനെ അത് തിരുത്തി മുന്നേറാനാകുമെന്നും ബോദ്ധ്യമുണ്ടാകണം. ജനവിധി യു.ഡി.എഫിന് എതിരല്ലെന്ന് ആശ്വാസം കൊള്ളുന്ന കോൺഗ്രസ് നേതാക്കൾ ഫലത്തിൽ പാർട്ടിയെ കൂടുതൽ ക്ഷീണിപ്പിക്കുകയാണു ചെയ്യുന്നത്. സംസ്ഥാനത്തൊട്ടാകെ വലിയ ക്ഷീണം സംഭവിച്ചിട്ടും അതു ബോദ്ധ്യമാകുന്നില്ലെന്നു വന്നാൽ എന്തു പറഞ്ഞാണ് കീഴ്‌ഘടകങ്ങളെ കർമ്മോത്സുകരാക്കുന്നത്. നേടിയതു തന്നെ ധാരാളം എന്നു കരുതിയിരുന്നാൽ കാലുറപ്പിച്ചു നിൽക്കുന്ന ശേഷിക്കുന്ന മണ്ണും ഒലിച്ചുപോകുമെന്ന് എന്തുകൊണ്ട് മനസിലാക്കുന്നില്ല.
കോൺഗ്രസ് പിന്തുടരുന്ന ഇപ്പോഴത്തെ പ്രവർത്തനശൈലി ഒട്ടും പര്യാപ്തമല്ലെന്നു പരസ്യമായി പറയുന്നവർ പാർട്ടിയിൽത്തന്നെ ഉണ്ട്. തദ്ദേശ ഫലങ്ങൾ പുറത്തുവന്ന ഉടനെ മുൻ കെ.പി.സി.സി അദ്ധ്യക്ഷനും എം.പിയുമായ കെ. മുരളീധരൻ അതിനു തുടക്കമിട്ടുകഴിഞ്ഞു. കോൺഗ്രസിന് മേജർ ശസ്ത്രക്രിയ തന്നെ ആവശ്യമായി വന്നിരിക്കുകയാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവർ പാർട്ടിയിൽ ധാരാളമുണ്ട്. പാർട്ടി യോഗങ്ങളിൽ മുഖം നോക്കാതെ അഭിപ്രായം പറയുന്നവരെ വിമതരായി കാണുന്ന പ്രവണത ഉണ്ട്. പി.സി.സി ഓഫീസിൽ ഏതാനും പേർ മുറിയടച്ചിരുന്ന് ചർച്ച നടത്തി തീരുമാനങ്ങളെടുക്കുന്ന രീതി പാർട്ടിക്കു ഗുണകരമല്ല. ജനമദ്ധ്യത്തിലിറങ്ങി ആത്മാർത്ഥമായി പ്രവർത്തിക്കാൻ നേതാക്കളും തയ്യാറാകണം. ഇപ്പോഴത്തെ രീതി തുടർന്നാൽ തിരഞ്ഞെടുപ്പു പരാജയം ആവർത്തിച്ചുകൊണ്ടിരിക്കും. ജംബോ കമ്മിറ്റികൾ പാർട്ടിക്ക് ഒരു ഗുണവും ചെയ്യുകയില്ലെന്ന മുരളീധരന്റെ അഭിപ്രായം തള്ളിക്കളയേണ്ട ഒന്നല്ല. ഓരോ കമ്മിറ്റിയുടെയും വലിപ്പം പാർട്ടിക്കു പോലും താങ്ങാനാവാത്തതാണ്. രാഷ്ട്രീയ പ്രത്യാഘാതങ്ങൾ മനസിലാക്കാതെ ഘടകകക്ഷികളിൽ ചിലതിനെ പുറത്താക്കിയത് എത്രമാത്രം ദോഷം ചെയ്തുവെന്ന് തെളിയിച്ച തിരഞ്ഞെടുപ്പ് കൂടിയാണിത്. ദീർഘവീക്ഷണമില്ലാതെ കൈക്കൊണ്ട ഒരു തീരുമാനമാണ് പാലാ നഗരസഭയും കോട്ടയത്തെ വലിയ തോൽവിക്കും കാരണമായതെന്ന് ഇപ്പോൾ മനസിലാക്കുന്നുണ്ടാകണം. സ്ഥാനാർത്ഥി നിർണയത്തിൽ കാണിച്ച നെറികേടും പക്ഷപാതവും ഒട്ടേറെ സീറ്റുകളിലെ വിജയം ഇല്ലാതാക്കിയിട്ടുണ്ട്. എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതാണ് കോൺഗ്രസ് എന്ന് അഭിമാനത്തോടെ പറയുമ്പോഴും പിന്നാക്ക - അധഃസ്ഥിത വിഭാഗങ്ങൾക്ക് സീറ്റ് നൽകുന്നതിൽ പുലർത്തിയ നിഷേധാത്മക നിലപാട് എത്രമാത്രം നഷ്ടമുണ്ടാക്കി എന്ന് ഇപ്പോഴെങ്കിലും നേതൃത്വത്തിന് ബോദ്ധ്യമായിട്ടുണ്ടാകും. സീറ്റ് വിഭജനത്തിൽ ഈഴവർ ഉൾപ്പെടെ പിന്നാക്ക സമുദായങ്ങളോട് കോൺഗ്രസ് കാണിച്ച അനീതിയുടെ സ്വയം സംസാരിക്കുന്ന കണക്കുകൾ ഞങ്ങൾ പലവട്ടം ബോദ്ധ്യപ്പെടുത്തിയിരുന്നു.
നയപരമായ വിഷയങ്ങളിൽ ആലോചിച്ച് തീരുമാനമെടുക്കേണ്ട സംഗതികളിൽ നേതൃനിരയിലുള്ളവർ തോന്നിയ പടി പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിലെ ഔചിത്യമില്ലായ്മ ഈ തിരഞ്ഞെടുപ്പു കാലത്തും കാണാനായി. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ എന്നൊരു വകുപ്പേ ഉണ്ടാവുകയില്ല എന്നായിരുന്നു ഒരു നേതാവിന്റെ പ്രഖ്യാപനം. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ആഭിമുഖ്യത്തിൽ നിർമ്മാണം തുടങ്ങിയ ഫ്ളാറ്റ് സമുച്ചയം കോഴവിവാദത്തിലും കേസിലുമൊക്കെ പെട്ടുവെന്നതു ശരിതന്നെ. അതുകൊണ്ട് സ്വന്തമായി വീടില്ലാത്ത ലക്ഷക്കണക്കിനു പാവങ്ങൾക്കു തുണയാകേണ്ട ലൈഫ് മിഷൻ പദ്ധതി തന്നെ നിറുത്തലാക്കുമെന്ന വിവേകശൂന്യമായ പ്രഖ്യാപനം ആർക്ക് അംഗീകരിക്കാനാവും.
സർക്കാരിനെതിരായ ജനവികാരം തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർണമായും പ്രതിഫലിച്ചില്ലെന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നത്. അതുകൊണ്ടാണത്രെ എൽ.ഡി.എഫ് കൂടുതൽ നേട്ടമുണ്ടാക്കിയത്. രാഷ്ട്രീയത്തിനുപരി വ്യക്തിബന്ധങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രധാന ഘടകമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതിനർത്ഥം ജനങ്ങളുമായി നല്ല വ്യക്തിബന്ധമുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ കോൺഗ്രസിന് സാധിച്ചില്ലെന്നു തന്നെയല്ലേ? ജനങ്ങളിൽ നിന്ന് പാർട്ടി കൂടുതൽ അകന്നകന്നു പോകുന്നതിന്റെ തെളിവു കൂടിയാണ് തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം. നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കാനുള്ള വഴിയെക്കുറിച്ചാണ് നേതൃത്വം ആലോചിക്കേണ്ടത്. പാർട്ടിക്ക് മേജർ ശസ്ത്രക്രിയ തന്നെ വേണ്ടിവരുമെന്ന് കെ. മുരളീധരനും യു.ഡി.എഫും കോൺഗ്രസും ആഴത്തിൽ ആത്മപരിശോധന നടത്തണമെന്ന് മുസ്ളിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞുവച്ചത് ഒരു തുടക്കം മാത്രമാണ്. കോൺഗ്രസ് നേതൃത്വം ചെവികൊടുക്കേണ്ട വാക്കുകളാണത്. അടിത്തറ ഭദ്രമായിത്തന്നെ ഉണ്ടെന്ന പാർട്ടി അദ്ധ്യക്ഷന്റെ ആശ്വാസപ്രകടനം കൊണ്ട് പ്രത്യേകിച്ചൊരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. അടിസ്ഥാനത്തിനു മുകളിലും എടുപ്പുകൾ ഉണ്ടെങ്കിലല്ലേ ഒരു പാർട്ടി പൂർണമാകുകയുള്ളൂ.