pic

വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് മലയാളികൾക്ക് പ്രിയപ്പെട്ട നടനായി മാറിയ ഇന്ദ്രജിത്തിന്റെ നാൽപത്തൊന്നാം പിറന്നാളായിരുന്നു ഇന്നലെ. ഇന്ദ്രജിത്തിന് ആശംസകളുമായി സിനിമാലോകവും ആരാധകരും എത്തിയിരുന്നു. ഇന്ദ്രജിത്തിന്റെ സഹോദരനായ പൃഥ്വിരാജിന്റെ ആശംസയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് 'ഹാപ്പി ബർത്ത്‌ഡേ ചേട്ടാ' എന്ന വാചകത്തോടൊപ്പം പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇരുവരും മൊട്ടയടിച്ചിരിക്കുന്ന ചിത്രമാണിത്. ചെറിയ ഒരു ചിരിയോടെയുള്ള ഇരുവരുടെയും ചിത്രം സൂപ്പർ ക്യൂട്ടാണെന്നാണ് ഫോട്ടോക്ക് താഴെ വരുന്ന കമന്റുകളിൽ ഒട്ടുമിക്കതും.

pic

നല്ല സുന്ദരൻ മൊട്ടകൾ എന്നും ഇതിൽ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും മനസിലാക്കാൻ പറ്റുന്നില്ലല്ലോയെന്നുമെല്ലാം ചിലർ കമന്റുകളിൽ പറയുന്നുണ്ട്.'എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു….എത്രയോ നല്ല. ഫോട്ടോ ഉണ്ടായിരുന്നു എന്നിട്ടും നീ..' എന്നായിരിക്കും ഇന്ദ്രജിത്ത് ഇപ്പോൾ പൃഥ്വിരാജിനോട് പറഞ്ഞിരിക്കുകയെന്നും ചില ട്രോൾ കമന്റുകൾ വരുന്നുണ്ട്. ഭാര്യ പൂർണിമ ഇന്ദ്രജിത്ത് ഒരു വീഡിയോ പങ്കുവച്ച്കൊണ്ടാണ് പ്രയതമന് ജന്മദിനാശംസകൾ നേർന്നത്. വീട്ടിൽ ഇരുന്ന് ഫോണിൽ ആനിമൽ ഗെയിം രസിച്ച് കാണുന്ന ഇന്ദ്രജിത്തിനെയാണ് വീഡിയോയിൽ കാണാനാവുക. പലപ്പോഴായി ഷൂട്ട് ചെയ്ത വീഡിയോകളുടെ കൊളാഷ് ആണിത്. ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവിന് ജന്മദിനാശംസകൾ എന്നാണ് പൂർണിമ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായ ഇന്ദ്രജിത്ത് 'പടയണി' എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമയിലെത്തുന്നത്. വർഷങ്ങൾക്കു ശേഷം ‘ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിൽ വില്ലനായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ രണ്ടാം വരവ്. ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രമാണ് ഇന്ദ്രജിത്തിനെ ശ്രദ്ധേയനാക്കിയത്. മിഴിരണ്ടിലും, പട്ടാളം, റൺവേ, വേഷം, ചാന്തുപൊട്ട്, ക്ലാസ്‌മേറ്റ്സ്, അറബിക്കഥ, കൽക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം, ട്വന്റി 20, ഹാപ്പി ഹസ്ബെന്റ്സ്, സിറ്റി ഓഫ് ഗോഡ്, ത്രീ കിംഗ്സ്, ആമേൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലക്ഷ്യം, ഹലാൽ ലവ് സ്റ്റോറി എന്നിങ്ങനെ അമ്പതിലേറെ ചിത്രങ്ങളിലായി വൈവിധ്യമാർന്ന ധാരാളം വേഷങ്ങൾ ഇന്ദ്രജിത്ത് അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷാചിത്രങ്ങളിലും ഇന്ദ്രജിത്ത് അഭിനയിച്ചു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ റോഡ് ടു ദി ടോപ്പിലും ഇന്ദ്രജിത്ത് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.