
എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ
ഡിഗ്രി, പി.ജി ഫൈനൽ ഇയറിന് ക്ളാസ്
പരീക്ഷകൾ കൊവിഡ് മാനദണ്ഡം പാലിച്ച്
തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങളിൽ വീണ്ടും അദ്ധ്യയനത്തിന് മണിമുഴക്കം. സ്കൂളുകളും കോളേജുകളും വരുന്ന ജനുവരി ഒന്നിന് ഭാഗികമായി തുറക്കാനും, എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ക്ളാസുകൾ.
ജനുവരി ഒന്നു മുതൽ കുട്ടികൾക്ക് സ്‌കൂളുകളിലെത്തി പ്രാക്ടിക്കൽ പരീക്ഷകൾക്ക് തയ്യാറെടുക്കാം.
ഒൻപത് വരെയുള്ള സ്കൂൾ ക്ളാസുകളിലെ പരീക്ഷകൾ ഒഴിവാക്കണമോ എന്ന് പിന്നീട് തീരുമാനിക്കും. അവസാന വർഷ ബിരുദ, ബിരുദാനന്തര, കാർഷിക, ഫിഷറീസ് കോഴ്സുകളുടെയും മെഡിക്കൽ രണ്ടാം വർഷം കോഴ്സിന്റെയും ക്ലാസുകൾ ജനുവരി ആദ്യം ആരംഭിക്കും. ഓൺലൈൻ ക്ളാസുകൾ തുടരും.
പരീക്ഷയ്ക്ക് ഒരു മീറ്റർ വീതം അകലമിട്ടുള്ള ബെഞ്ചിൽ രണ്ടു കുട്ടികളെയേ അനുവദിക്കൂ. പഠിക്കുന്ന സ്‌കൂളുകളിലാവില്ല പലർക്കും പരീക്ഷ. കൊവിഡ് ലക്ഷണമുള്ളവരെ പ്രത്യേക മുറികളിൽ ഇരുത്തും.സാനിറ്റൈസിംഗ് നിർബന്ധമാണ്. സ്‌കൂൾ വളപ്പിലേക്ക് കുട്ടികളെ മാത്രമേ കടത്തിവിടൂ. യാത്രാസൗകര്യത്തിന് തദ്ദേശ സ്ഥാപനങ്ങളുടെയും സുരക്ഷയയ്ക്ക് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും സഹായം തേടും.
സിലബസ് ചുരുക്കിയേക്കും
സിലബസ് ചുരുക്കണമെന്ന് അദ്ധ്യാപകർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് എസ്.സി.ഇ.ആർ.ടിയുമായി ആലോചിച്ച് തീരുമാനിക്കും. മുഴുവൻ പാഠങ്ങളിൽ നിന്നും ചോദ്യം ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് സൂചിപ്പിക്കുന്നു.
പ്രാക്ടിക്കൽ ക്ലാസുകൾ
സ്കൂളുകളിൽ ജനുവരി ഒന്നിനു തന്നെ ഓൺലൈൻ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും നടക്കും. മാതൃകാപരീക്ഷകൾക്കൊപ്പം വിദ്യാർത്ഥികളുടെ മാനസികസംഘർഷം ഒഴിവാക്കാൻ കൗൺസലിംഗും ഉണ്ടാവും. ഇതിന് 10, 12 ക്ലാസ് വിദ്യാർത്ഥികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതത്തോടെ സ്‌കൂളിലെത്താം.
ഓൺലൈൻ ക്ളാസുകളുടെ പ്രയോജനം എല്ലാവർക്കും വേണ്ടപോലെ കിട്ടിയിട്ടില്ല. കാര്യങ്ങൾ എത്രത്തോളം മനസിലായെന്ന് വിലയിരുത്തിയിട്ടുമില്ല. ഓണം, ടേം പരീക്ഷകൾ ഇല്ലാതിരുന്നതിനാൽ ഏതൊക്കെ പാഠങ്ങളിൽ നിന്ന് എങ്ങനെയൊക്കെ ചോദ്യങ്ങൾ വരുമെന്ന് കുട്ടികൾക്ക് ആശങ്കയുണ്ട്. ക്ളാസില്ലാത്തതിനാൽ അദ്ധ്യാപകരോട് നേരിട്ടു ചോദിച്ച് സംശയങ്ങൾ തീർക്കാനുമാകുന്നില്ല.
എം. സലാഹുദ്ദീൻ,
ജനറൽ സെക്രട്ടറി, കെ.പി.എസ്.ടി.എ