| നാഗർകോവിൽ: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചത് നല്ല ഭരണം നടത്തിയതു കൊണ്ടാണെന്ന് മക്കൾ നീതിമയ്യം നേതാവും പ്രമുഖ നടനുമായ കമലഹാസൻ പറഞ്ഞു. കന്യാകുമാരി ജില്ലയിൽ പാർട്ടി പരിപാടിക്കെത്തിയ കമലഹാസൻ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. താനും രജനികാന്തും ഒരുമിക്കുമോയെന്ന് മറ്റ് പാർട്ടി നേതാക്കൾ ഭയപ്പെടുന്നു, എന്നാൽ, ഞങ്ങളുടെ ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന കാര്യമാണത്. ഡി.എം.കെയുമായി സഖ്യമുണ്ടാക്കാൻ സ്റ്റാലിനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിട്ടില്ല. സിനിമയിൽ ഞാൻ പണവും പേരും പ്രശസ്തിയും സമ്പാദിച്ചു. എന്നാൽ പൊതുജനങ്ങളുടെ സ്നേഹം സമ്പാദിക്കാൻ കഴിഞ്ഞത് രാഷ്ട്രീയത്തിലിറങ്ങിയപ്പോഴാണ്. ബുധനാഴ്ച ശുചീന്ദ്രം, നാഗർകോവിൽ, തക്കല, മാർത്താണ്ഡം, ഇരയിമ്മൻതുറ, തൂത്തൂർ എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം വിമാനത്താവളം വഴി കമൽ ചെന്നൈയിലേക്ക് പോയി. |