pinarayi

തീമഴ പോലെ പെയ്ത ആരോപണങ്ങളെയും കടപുഴക്കാനെന്നോണം ആഞ്ഞുവീശിയ വിവാദകൊടുങ്കാറ്റിനെയും കേന്ദ്രഏജൻസികളുടെ ദംഷ്‌ട്രകളെയും അതിജീവിച്ച് കേരളത്തെ ചുവപ്പണിയിച്ച കപ്പിത്താനാണ് പിണറായി വിജയൻ. രാജ്യാന്തര തീവ്രവാദക്കേസുകൾ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) മുതൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വരെ സർക്കാരിന് കുരുക്കുമായി സെക്രട്ടേറിയറ്റിനു ചുറ്റും വട്ടമിട്ടു പറക്കുന്നതിനിടെയാണ്, ജനങ്ങളുടെ പത്തരമാറ്റ് വിശ്വാസം നേടി പിണറായി ഇടതു മിന്നൽ പായിച്ചത്. വിവാദപ്രളയത്തിൽ മുങ്ങിപ്പോവാതെ സർക്കാരിനെയും മുന്നണിയെയും താങ്ങിനിറുത്താൻ പിണറായിക്ക് തുണയായത് ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന തിരിച്ചറിവായിരുന്നു. ജനങ്ങൾ നിലപാട് തീരുമാനിക്കുന്നത് ജീവിതാനുഭവങ്ങളിലൂടെയാണെന്ന പിണറായിയുടെ ഒറ്റ വാചകം മതി ഈ വിജയത്തിന്റെ അടിത്തറയെന്താണെന്ന് മനസിലാക്കാൻ.

ഓഖിയും പ്രളയവും നിപ്പയുമൊക്കെ നേരിടേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതിപക്ഷം ന്യായം നിരത്തിയപ്പോൾ, പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിച്ചും ഉടുക്കാനില്ലാത്തവർക്ക് വസ്ത്രമെത്തിച്ചും കിടപ്പാടം പോയവർക്ക് രക്ഷാകേന്ദ്രങ്ങളൊരുക്കിയും പിണറായി ജനമനസുകളിലേക്ക് മെല്ലെ മെല്ലെ കുടിയേറുകയായിരുന്നു. മായം കലർന്നെന്നും തല്ലിപ്പൊളി കിറ്റാണെന്നും ആക്ഷേപം പറഞ്ഞവരെ വകവയ്ക്കാതെ, മാർച്ച് മുതൽ മുടങ്ങാതെ സൗജന്യമായി ഭക്ഷ്യകിറ്റ് എത്തിച്ച് 87 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ നാഥനായി. അശരണരുടെയും വൃദ്ധരുടെയും വിധവകളുടെയും പെൻഷൻതുക ഘട്ടംഘട്ടമായി 1400ലേക്ക് ഉയർത്തിയത് ഒരു നിശബ്ദ വിപ്ലവമായിരുന്നെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ് കേരളം തിരിച്ചറിഞ്ഞത്. പാരസെറ്റാമോൾ ഗുളികയ്ക്കു പോലും വിലകൂടുന്ന ഇക്കാലത്ത് ഒരുമാസത്തെ മരുന്നിന് തികയുന്ന പെൻഷൻതുക ഒരു മാസം പോലും മുടങ്ങാതെ വീടുകളിലെത്തിച്ച കരുതലിനാണ് കാലില്ലാത്തവർ ഇഴഞ്ഞുവന്നും, കൊവിഡ് രോഗികൾ പിപിഇ കിറ്റ് ധരിച്ചും വൃദ്ധജനങ്ങൾ കസേരപ്പുറത്തേറി വന്നുമൊക്കെ വോട്ടുചെയ്തത്.

ജനങ്ങൾക്ക് വേണ്ടതെന്താണെന്ന് മനസിലാക്കാൻ പിണറായിക്ക് കഴിഞ്ഞതാണ് തിരഞ്ഞെടുപ്പിന്റെ തലവര മാറ്റിവരച്ചത്. സ്വർണക്കടത്തും ഹവാലയുമൊന്നുമായിരുന്നില്ല ഈ സർക്കാരിനെ മുക്കാൻ പാകത്തിലുള്ള ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തിവിട്ടിരുന്നത്. ഒഴിവുകൾ ബക്കറ്റിൽ എടുത്തു വച്ചിരിക്കുകയാണോയെന്ന പി.എസ്.സി ചെയർമാന്റെ വെല്ലുവിളി പ്രസ്താവനയും പാർട്ടി സെക്രട്ടറിയുടെ മകനെതിരായ കേസുകളും പൊലീസിനെതിരായ ആരോപണങ്ങളും തുടങ്ങി ലൈഫിൽ അഴിമതി നടത്തി പിച്ചചട്ടിയിൽ കൈയിട്ടു വാരിയെന്നുവരെ പ്രതിപക്ഷ ആരോപണങ്ങളുണ്ടായി. എന്നാൽ ആരോപണങ്ങൾ വീശിയ വാൾത്തലപ്പുകളെ ജനക്ഷേമം, വികസനം എന്നിങ്ങനെ പരിചയുമായി പിണറായി തടുത്തു. സി.എ.ജി കിഫ്ബിയെ വിമർശിച്ചതുപോലും വികസന ചർച്ചയ്ക്ക് വഴിതുറപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു. സ്കൂളുകളും ആശുപത്രികളും റോഡുകളും തിളങ്ങുകയും പാലാരിവട്ടവും സ്വർണനിക്ഷേപവുമെല്ലാം പ്രതിപക്ഷത്തിന് ചെളിക്കുണ്ടാവുകയും ചെയ്തതോടെ പിണറായിക്ക് മുന്നിലെ കനൽവഴികൾ ഇല്ലാതാവുകയായിരുന്നു.

തീമഴകളിൽ കരിയാതെ എങ്ങനെയാണ് വിജയം നേടിയതെന്ന് പിണറായി പറയുന്നത് കേട്ടാൽ, ഇടതുസർക്കാർ ജനങ്ങളുടെ മനസു കവർന്നതെങ്ങനെയാണെന്ന് മനസിലാവും. ജനങ്ങളെ ചേർത്തുപിടിച്ചാണ് സർക്കാർ മുന്നോട്ടുനീങ്ങിയതെന്നും ഒരുഘട്ടത്തിലും ജനത്തെ കൈയൊഴിഞ്ഞില്ലെന്നും പിണറായി വ്യക്തമാക്കുന്നു. നൂറ്റാണ്ടിലെ പ്രളയവും അതിവർഷവും നിപ്പയും ഓഖിയുമെല്ലാം നേരിട്ടു. കൊവിഡ് ഘട്ടത്തിൽപോലും പട്ടിണിയില്ലാതെ ജനങ്ങൾക്ക് കഴിയാനായി. 'ആരും പട്ടിണികിടക്കരുതെന്ന തീരുമാനം ദൃഢനിശ്ചയം പോലെ ജനങ്ങൾ ഏറ്റെടുത്തു. ഇത്തരം പ്രവർത്തനങ്ങളെല്ലാം പുരപ്പുറത്തു കയറി നിന്ന് ഞങ്ങൾ കൊട്ടിഘേഷിച്ചില്ല. ജനങ്ങൾ വിലമതിച്ചു. അതിനാലാണ് ജനങ്ങൾ ഒപ്പം നിന്നത്. കഴിഞ്ഞ നാലരവർഷക്കാലം ജനങ്ങളോടൊപ്പം നിന്നാണ് പ്രവർത്തിച്ചത്

പ്രകടനപത്രികയിലെ അറുനൂറ് പരിപാടികളിൽ 570ഉം നടപ്പാക്കി. പ്രകടനപത്രികയിലില്ലാത്ത നൂറുകണക്കിന് പദ്ധതികൾ ഏറ്റെടുത്തു.' സർവമേഖലയിലും സമാനതകളില്ലാത്ത വികസനമാണ് നടത്തിയത്.

ഈ വിജയത്തോടെ എല്ലാം തികഞ്ഞെന്ന മനോഭാവമില്ല പിണറായിക്ക്. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നുണ്ട്. തുടർഭരണം നേടുകയാണ് മുന്നിലുള്ള ലക്ഷ്യം. അതിനാൽ കൂടുതൽ ചിട്ടയോടെയുള്ള പ്രവർത്തനം വേണമെന്ന് പാർട്ടി പ്രവർത്തകരെ മുഖ്യമന്ത്രി ഓർമ്മിപ്പിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ടുള്ള പ്രവർത്തനം സർക്കാർ ഉടൻ തുടങ്ങുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാലുടൻ പുതിയ നൂറുദിന പദ്ധതി പ്രഖ്യാപിക്കും. ജനങ്ങൾക്ക് ആവശ്യമുള്ള പദ്ധതികളാവും അതിൽ ഉൾപ്പെടുത്തുക. ജനങ്ങൾ അർപ്പിച്ച വിശ്വാസം ഒരുഘട്ടത്തിലും തെ​റ്റായെന്ന് തോന്നുന്ന ഒരു പ്രവർത്തിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നാണ് വിജയനിമിഷത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ്. വലിയ ഉത്തരവാദിത്തമാണ് ജനങ്ങൾ ഏൽപ്പിക്കുന്നത്. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും. അർപ്പിച്ച വിശ്വാസം ശരിയായ രീതിയിൽ നടപ്പാക്കുമെന്ന് ആവർത്തിച്ച് ഉറപ്പുനൽകുന്നു. ജനങ്ങൾക്ക് കഴിയാവുന്നത്ര ആശ്വാസം നൽകാനുള്ള നടപടികൾ തുടരും. പദ്ധതികളെല്ലാം പൂർത്തീകരിക്കാൻ തീവ്രശ്രമമുണ്ടാവും- ഇതാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.