
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ, പുതിയ നൂറുദിന കർമ്മപദ്ധതികളുമായി സംസ്ഥാന സർക്കാർ. 24ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം അംഗീകരിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചേക്കും.
ഇന്നലത്തെ മന്ത്രിസഭായോഗത്തിൽ നൂറുദിന കർമ്മപദ്ധതികൾ ചർച്ചചെയ്യാൻ ആലോചിച്ചെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. 23വരെ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. നേരത്തേയുള്ള പ്രഖ്യാപനമനുസരിച്ച് നിലവിലെ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം വരെയേ ഉള്ളൂ. ഈ സാഹചര്യത്തിൽ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ഏപ്രിൽ വരെ നീട്ടാൻ സർക്കാർ ആലോചിക്കുന്നുണ്ട്. കുടിശികയില്ലാതെ ക്ഷേമപെൻഷൻ വിതരണവും അതത് മാസം തന്നെ നടത്തും. രണ്ടിനുമായി വലിയ സാമ്പത്തികബാദ്ധ്യതയാണ് സർക്കാർ നേരിടേണ്ടി വരികയെങ്കിലും,അത് തുടരണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്.
മന്ത്രിമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു
പുതിയ നൂറുദിന കർമ്മപരിപാടിയിൽ ജനകീയ പ്രഖ്യാപനങ്ങൾ ഇടം പിടിച്ചേക്കും. സർക്കാരിന്റെ വികസന, ജനക്ഷേമ പരിപാടികൾ ജനം അംഗീകരിച്ചതിന് തെളിവാണ് തിരഞ്ഞെടുപ്പു വിധിയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. സർക്കാരിന്റെ കൂട്ടായ്മയുടെ വിജയമാണെന്ന് യോഗത്തിൽ പറഞ്ഞ മുഖ്യമന്ത്രി, സർക്കാർ ഏറ്റെടുത്ത പദ്ധതികളെല്ലാം വിജയകരമായി പൂർത്തീകരിച്ച മന്ത്രിമാരെ അഭിനന്ദിച്ചു. ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ചില അഴിച്ചുപണികളും അടുത്ത മന്ത്രിസഭായോഗത്തിലുണ്ടായേക്കും.