
വർക്കല: വർക്കല നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട വർക്കല മുനിസിപ്പാലിറ്റി ഉൾപ്പെടെ ,7 ഗ്രാമപഞ്ചായത്തുകളും എൽ.ഡി.എഫി നോടൊപ്പം. കഴിഞ്ഞതവണ രണ്ട് ഗ്രാമപഞ്ചായത്തുകളായ നാവായിക്കുളവും വെട്ടൂരും കോൺഗ്രസ് ഭരണത്തിൽ ആയിരുന്നു ഇക്കുറി ഈ രണ്ടുപഞ്ചായത്തുകളും എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. മുനിസിപ്പാലിറ്റിയിൽ ഒറ്റ കക്ഷി എന്ന നിലയിൽ എൽ.ഡി.എഫിനാണ് മുൻ തൂക്കം. ചില സ്വതന്ത്ര അംഗങ്ങൾ എൽ.ഡി.എഫിന് പിന്തുണ അറിയിച്ചതായി പാർട്ടി നേതൃത്വം അറിച്ചു.
മുൻസിപ്പൽ ഭരണം ഇടതുപക്ഷം നിലനിറുത്തുമെന്നാണ് നേതൃത്വം സൂചിപ്പിക്കുന്നത്. ഇടവഗ്രാമപഞ്ചായത്തിൽ അത്യുജ്വല വിജയം നേടി 17 സീറ്റുകളിൽ 13 എണ്ണവും എൽ.ഡി.എഫിന് സ്വന്തം. കഴിഞ്ഞ തവണ കോൺഗ്രസ് ഭരിച്ച വെട്ടൂരിൽ 14 സീറ്റുകളിൽ എൽ.ഡി.എഫ് 10 സീറ്റ് നേടി. ഇലകമണ്ണിലും ചെമ്മരുതിയിലും ഭരണം നിലനിറുത്തും. പളളിക്കലിൽ 13-ൽ 8 സീറ്റ് എൽ.ഡി.എഫ് നേടി. മടവൂരിൽ 7 സീറ്റും നേടി ഭരണം നിലനിറുത്തും. കഴിഞ്ഞതവണ ഭരണം നഷ്ടപ്പെട്ട നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഇക്കുറി എൽ.ഡി.എഫ് പിടിച്ചെടുത്തു. മണ്ഡലത്തിൽ വരുന്ന ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിൽ ഭൂരിപക്ഷം സീറ്റും നേടി. മണ്ഡലത്തിൽ വരുന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ എല്ലാം വിജയിച്ചു. അതിൽ ചെമ്മരുത്തി ജില്ലാ ഡിവിഷനിൽ മത്സരിച്ച ഗീത നസീറിന് 9320 വോട്ടിന്റെ ഭൂരിപക്ഷവും നാവായിക്കുളം ഡിവിഷനിൽ നിന്നും തിരഞ്ഞെടുത്ത ബേബി സുധയ്ക്ക് 3840 വോട്ടിന്റെ ഭൂരിപക്ഷവും മണമ്പൂർ ഡിവിഷനിൽ നിന്നും തിരഞ്ഞെടുത്ത പ്രിയദർശിനിക്ക് 1536 വോട്ടിന്റെ ഭൂരിപക്ഷവും മണ്ഡലത്തിൽ നിന്നും ലഭിച്ചു. മൂന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് മാത്രം 14686 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇത് സർവ്വകാല റെക്കാഡ് ആണെന്ന് അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എൽ.ഡി.എഫിനെ വിജയിപ്പിച്ച എല്ലാ സമ്മതിദായകർക്കും പ്രവർത്തകർക്കും അഡ്വ: വി. ജോയി എം.എൽ.എ നന്ദി അറിയിച്ചു.