ആറ്റിങ്ങൽ: ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫ് ഭരണത്തുടർച്ചയ്ക്കാവശ്യമായ ഭൂരിപക്ഷം ലഭിച്ചെങ്കിലും അദ്ധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച് അവ്യക്തത തുടരുന്നു. വനിതാസംവരണമാണ് ഇക്കുറി അദ്ധ്യക്ഷ സ്ഥാനം. മുൻ ചെയർപേഴ്സണായിരുന്ന അഡ്വ. എസ്. കുമാരിയെയാണ് ഇക്കുറി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാളെ പരിഗണിക്കണമെന്ന വാദവും നിലനിൽക്കുന്നുണ്ട്. വൈസ് ചെയർമാൻ സ്ഥാലത്തേക്ക് സി.പി.എം ഒരാളെ നിശ്ചയിച്ചുണ്ടെന്നാണ് രഹസ്യവിവരം. എന്നാൽ സി.പി.ഐ മൂന്നു വാർഡുകളിൽ വിജയിച്ച് കൗൺസിലിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് സി.പി.ഐ ജില്ലാ നേതൃത്വം വൈസ് ചെയർമാൻ സ്ഥാനം ആവശ്യപ്പെടാനും സാദ്ധ്യതയുണ്ട്. മൂന്ന് തവണ വിജയിക്കുകയും രണ്ട് തവണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന അവനവഞ്ചേരി രാജുവിനാണ് ഏറ്റവും കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്നത്.

സീറ്റ് നഷ്ടത്തിൽ ഞെട്ടി എൽ.ഡി.എഫ്

കഴിഞ്ഞ തവണ ലഭിച്ച അഞ്ച് സീറ്റുകൾ നഷ്ടമായത് നേതൃത്വത്തെ അമ്പരപ്പിച്ചു. 2015ൽ ആറ്റിങ്ങലിലെ വോട്ടിംഗ് ശതമാനം 74.28 ആയിരുന്നത് ഇക്കുറി 69.39 ആയപ്പോൾത്തന്നെ കൂട്ടലും കിഴിക്കലും ഒക്കെയായി വിമ്മിഷ്ടപ്പെടുകയായിരുന്നു എൽ.ഡി.എഫ്. ആദ്യഫലം വന്നപ്പോഴും ആദ്യം ഒന്ന് പകച്ചു. ആദ്യത്തെ ആറ് വാർഡുകളുടെ ഫലം വന്നപ്പോൾ മൂന്ന് മൂന്ന് എന്ന നിലയിലായിരുന്നു എൽ.ഡി.എഫും ബി.ജെ.പിയും. യു.ഡി.എഫിനാകട്ടെ ഒരു അംഗത്തെ കിട്ടാൻ പതിമൂന്നാം വാർ‌ഡ‌് എണ്ണുംവരെ കാത്തിരിക്കേണ്ടിവന്നു. അതും അഞ്ച് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വോട്ടുനിലയിലും നഷ്ടമുണ്ടായത് എൽ.ഡി.എഫിനാണ് യു.ഡി.എഫ് നില അൽപം മെച്ചപ്പെടുത്തിയപ്പോൾ കൂടുതൽ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്.

കണക്കുകൾ ഇങ്ങനെ

2015ൽ 31 വാ‌ർഡുകളിലായി എൽ.ഡി.എഫിന് ആകെ കിട്ടിയ വോട്ട് 9333 ആയിരുന്നു. യു.ഡി.എഫ് 6133, ബി.ജെ.പി 4634 എന്നിങ്ങനെയായിരുന്നു വോട്ടിംഗ് നില. എന്നാൽ ഇക്കുറി എൽ.ഡി.എഫിന് 9164 വോട്ടും യു.ഡി.എഫിന് 6322 വോട്ടും ​ ബി.ജെ.പിക്ക് 6561 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പിക്ക് 1927ഉം യു.ഡി.എഫിന് 189ഉം വോട്ട് വർദ്ധിക്കുകയും എൽ.ഡി.എഫിന് 169 വോട്ടിന്റെ കുറവും ഉണ്ടായി. യു.ഡി.എഫ് കൗൺസിലർമാരുടെ എണ്ണം നാലിൽ നിന്ന് അഞ്ചായും ബി.ജെ.പിക്ക് നാലിൽ നിന്ന് ഏഴായും വർദ്ധിച്ചു. എന്നാൽ കഴിഞ്ഞ തവണ 22 കൗൺസിലർമാരുണ്ടായിരുന്ന എൽ.ഡി.എഫിന് ഇക്കുറി 18ആയി കുറയുകയും ചെയ്തു.