കിളിമാനൂർ:ബ്ലോക്ക് പരിധിയിലെ 8 പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം രണ്ട് പഞ്ചായത്തുകളിൽ മാത്രം. പഴയകുന്നുമ്മൽ പഞ്ചായത്തിലും പള്ളിക്കൽ പഞ്ചായത്തിലും മാത്രമാണ് വ്യക്തമായ ഭൂരിപക്ഷമുള്ളത്. കഴിഞ്ഞ പ്രാവശ്യം ഭരണം നടത്തിയിരുന്ന പുളിമാത്ത്, കിളിമാനൂർ പഞ്ചായത്തുകൾ യു.ഡി.എഫും,കരവാരം പഞ്ചായത്ത് ബി.ജെ.പി യും പിടിച്ചെടുത്തു.മടവൂർ, നഗരൂർ പഞ്ചായത്തുകളിൽ കേവല ഭൂരിപക്ഷമില്ലാത്ത സ്ഥിതിക്ക് സ്വതന്ത്രരുടെ പിന്തുണയോ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയ്ക്കോ അധികാരത്തിൽ എത്താൻ കഴിയും.കഴിഞ്ഞ തവണ 8 പഞ്ചായത്തുകളിൽ ഏഴും എൽ.ഡി.എഫ് നേടിയിരുന്നു.
നഗരൂർ:17 അംഗ ഭരണസമിതിയിൽ ആർക്കും ഭൂരിപക്ഷമില്ലാതെ നഗരൂർ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ തവണ 13 സീറ്റുകൾ നേടി അധികാരത്തിൽ ഇരുന്ന എൽ.ഡി.എഫിന് ഇത്തവണ 7 സീറ്റ് നേടാനേ കഴിഞ്ഞുള്ളു. അതേ സമയം 2 സീറ്റുകൾ മാത്രമുണ്ടായിരുന്ന കോൺഗ്രസ് സീറ്റ് നില 6 ആയി വർദ്ധിപ്പിച്ചു. എൻ.ഡി.എ 2, എസ്.ഡി.പി.ഐ 1, സ്വതന്ത്രൻ 1, എന്നീ ക്രമത്തിലും സീറ്റ് നേടി, കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ എസ്.ഡി.പി.ഐ, സ്വതന്ത്രൻ ഇവരുടെ പിന്തുണ തേടേണ്ടിവരും ഇരു മുന്നണിക്കും. കേശവപുരം, ചെമ്മരത്ത് മുക്ക്, ദർശനവട്ടം, കോട്ടക്കൽ, നെടുംപറമ്പ്, തേക്കിൻകാട്, കരിം പാലോട് എന്നിവിടങ്ങളിൽ എൽ.ഡി.എഫും, പേരൂർ, മാത്തയിൽ, തണ്ണികോണം, മാടപ്പാട്, ഈഞ്ചമൂല, വെള്ളല്ലൂർ എന്നിവിടങ്ങളിൽ യു.ഡി.എഫും കീഴ് പേരൂർ, നന്തായ്‌വനം വാർഡുകളിൽ ബി.ജെ.പിയും നഗരൂരിൽ എസ്.ഡി.പി.ഐയും പാവൂർ കോണത്ത് സ്വതന്ത്രനും ജയിച്ചു. എസ്.ഡി.പി.ഐ യും, സ്വാതന്ത്രനെയും പിടിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ യു.ഡി.എഫും, സ്വാതന്ത്രനെ പിടിച്ച് അധികാരത്തിലെത്താൻ എൽ.ഡി.എഫും ശ്രമിക്കുന്നു.
മടവൂർ:15 അംഗ ഭരണസമിതിയുള്ള മടവൂർ ഗ്രാമപഞ്ചായത്തിൽ 7 സീറ്റുകൾ നേടി എൽ.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. കഴിഞ്ഞ തവണ ആറ് സീറ്റുകൾ നേടുകയും സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പിന്തുണയോടെ അധികാരത്തിലെത്തിയ എൽ.ഡി.എഫിന് ഇത്തവണ ഭൂരിപക്ഷം കിട്ടുകയായിരുന്നു. കഴിഞ്ഞ തവണ 5 സീറ്റുകൾ നേടിയ യു.ഡി.എഫിന് ഇത്തവണ 4 സീറ്റുകളെ ലഭിച്ചുള്ളൂ. മൂന്ന് സീറ്റുകളിൽ ബി.ജെ.പിയും, ഒരു സീറ്റിൽ വെൽഫെയർ പാർട്ടിയും ജയിച്ചു. പഞ്ചായത്ത് ഓഫീസ് വാർഡ്, അറു കാഞ്ഞിരം, ചാങ്ങയിൽ കോണം, മടവൂർ, തുമ്പോട്, പടിഞ്ഞാറ്റേല, ടൗൺ വാർഡ് എന്നിവിടങ്ങളിൽ എൽ.ഡി.എഫും. പുലിയൂർകോണം, കിഴക്കേനല, സീമന്തപുരം, കക്കോട് വാർഡുകളിൽ യു.ഡി.എഫും വേമൂട്, മുളവന, ആനകുന്നം വാർഡുകളിൽ എൻ.ഡി.എയും ഞാറയിൽകോണം വാർഡിൽ വെൽഫെയർ പാർട്ടിയും ജയിച്ചു.ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ എൽ.ഡി.എഫ് അധികാരത്തിൽ എത്തും.ഇത്തവണ അദ്ധ്യക്ഷ പദവി എസ്.സി വിഭാഗത്തിനാണ്.
പുളിമാത്ത്:പുളിമാത്ത് പഞ്ചായത്തിലെ 19 അംഗ ഭരണസമിതിയിൽ 10 സീറ്റുകൾ നേടി യു.ഡി.എഫ് അധികാരം പിടിച്ചെടുത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ്, പാർട്ടി പ്രാദേശിക, ജില്ല കമ്മിറ്റി ഭാരവാഹികളെയടക്കം അണി നിരത്തിയാണ് കോൺഗ്രസ് ഇത്തവണ അങ്കത്തിനിറങ്ങിയത്. കഴിഞ്ഞ തവണ 11 സീറ്റുകൾ നേടി അധികാരത്തിൽ എത്തിയ എൽ.ഡി.എഫിന് 7 സീറ്റുകൾ നേടാനേ കഴിഞ്ഞുള്ളൂ. അതേസമയം ഒരു സീറ്റ് മാത്രം ഉണ്ടായിരുന്ന എൻ.ഡി.എ സീറ്റ് രണ്ടായി വർദ്ധിപ്പിച്ചു. പുളിമാത്ത്, മഞ്ഞപ്പാറ, കുടപ്പാറ, കാട്ടുംപുറം, അരിവാരിക്കുഴി, കൊല്ലുവിള, പയറ്റിങ്ങാക്കുഴി, താളിക്കുഴി, കാരേറ്റ്, എറുത്തനാട് വാർഡുകൾ യു.ഡി.എഫ് നേടി. പുല്ലയിൽ, പൊരുന്തമൺ, കമുകിൻ കുഴി, പ്ലാവോട്, അരിനെല്ലൂർ, കൊടുവഴന്നൂർ, പന്തുവിള എൽ.ഡി.എഫും ശീമവിള, പേടികുളം വാർഡുകളിൽ എൻ.ഡി.എയും ജയിച്ചു. ഇത്തവണ അദ്ധ്യക്ഷ പദവി വനിതയ്ക്കാണ്.
പഴയകുന്നുമ്മൽ:പഴയകുന്നുമ്മൽ പഞ്ചായത്തിലെ 17 അംഗ ഭരണ സമിതിയിൽ 13 സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരം നിലനിറുത്തി. കഴിഞ്ഞ തവണയും 13 സീറ്റായിരുന്നു എൽ.ഡി.എഫിന്, അതേ സമയം രണ്ട് സീറ്റുകൾ മാത്രം ഉണ്ടായിരുന്ന യു.ഡി.എഫ് നാലായി സീറ്റ് വർദ്ധിപ്പിച്ചു. തട്ടത്തുമല, പറണ്ടക്കുഴി, ചെമ്പകശേരി, കുളപ്പാറ, ഷെഡിൽക്കട, അടയമൺ, വണ്ടന്നൂർ, മഹാദേവേശ്വരം, മഞ്ഞപ്പാറ, കുന്നുമ്മൽ, പഴയകുന്നുമ്മൽ, പാപ്പാല, മണലേത്തു പച്ച വാർഡുകളിൽ എൽ.ഡി.എഫും ചെറുനാരകം കോട്, തൊളിക്കുഴി, കാനാറ, പുതിയകാവ് വാർഡുകൾ യു.ഡി.എഫും ജയിച്ചു. കഴിഞ്ഞ തവണ രണ്ട് സീറ്റുകൾ നേടിയ പ്രാദേശിക പാർട്ടിക്ക് ഇത്തവണ ഒരു സീറ്റും ലഭിച്ചില്ല. സി. പി. എം ഏരിയാ കമ്മിറ്റി അംഗവും അടയമൺ വാർഡിൽ മത്സരിച്ച കെ.രാജേന്ദ്രനാകും അദ്ധ്യക്ഷ പദവിയിൽ മുൻതൂക്കം.
കിളിമാനൂർ:കിളിമാനൂർ പഞ്ചായത്തിലെ 15 അംഗ ഭരണസമിതിയിൽ 10 സീറ്റുകൾ നേടി യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു.കഴിഞ്ഞ തവണ 11 സീറ്റുകൾ നേടിയ എൽ.ഡി.എഫിന് 4 സീറ്റുകൾ നേടാനേ ഇത്തവണ കഴിഞ്ഞുള്ളൂ. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരടക്കമാണ് എൽ.ഡി.എഫിൽ പരാജയപ്പെട്ടത്. എൻ.ഡി.എ ഒരു സീറ്റ് നിലനിറുത്തി. മലയ്ക്കൽ, മുളക്കലത്തുകാവ്, ആരൂർ, പുളിമ്പള്ളിക്കോണം, മലയാമടം, ആർ.ആർ.വി, കൊട്ടാരം, ദേവേശ്വരം, പോങ്ങനാട്, വരിഞ്ഞോട്ടുകോണം വാർഡുകൾ യു.ഡി.എഫിനും,പനപ്പാം കുന്ന്, വിളങ്ങര, ചൂട്ടയിൽ, ആലത്തുകാവ് വാർഡുകൾ എൽ.ഡി.എഫും പുതുമംഗലം വാർഡ് എൻ.ഡി.എ യും നേടി. അദ്ധ്യക്ഷ പദവിയിലേക്കുള്ള ചർച്ച യു.ഡി.എഫിൽ നടന്നു വരുന്നു.
പള്ളിക്കൽ:പള്ളിക്കൽ പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ 8 സീറ്റുകൾ ലഭിച്ച എൽ.ഡി.എഫിന് തുടർ ഭരണം. കഴിഞ്ഞതവണ രണ്ട് സീറ്റുകൾ മാത്രം നേടിയ യു.ഡി.എഫിന് ഇക്കുറി 5 സീറ്റുകൾ ലഭിച്ചു. പകൽക്കുറി ,മൂതല, കെ.കെ.കോണം, മോളിച്ചന്ത, പളളിക്കൽ ജംഗ്ഷൻ, ചെമ്മരം, പ്ലാച്ചിവിള, കൊട്ടിയംമുക്ക് എന്നീ വാർഡുകളിൽ എൽ.ഡി.എഫിനും, അറയിൽ,മൂല ഭാഗം, ഊന്നൻ കല്ല്, കാട്ടു പുതുശേരി, പള്ളിക്കൽ വാർഡുകൾ യു.ഡി.എഫിനും ലഭിച്ചു. ഇത്തവണ അദ്ധ്യക്ഷപദവി വനിതാസംവരണമാണ്.
നാവായിക്കുളം:22 വാർഡുകളുള്ള നാവായിക്കുളം പഞ്ചായത്തിൽ എൽ.ഡി.എഫും ,യു.ഡി.എഫും 8 സീറ്റുകൾ വീതവും ബി.ജെ.പി 5 സീറ്റും സ്വതന്ത്രൻ ഒരു സീറ്റും നേടി.ഇതോടെ സ്വതന്ത്ര സ്ഥാനാർത്ഥി നിർണായക ശക്തിയായി മാറി.എന്നാൽ സ്വതന്ത്ര സ്ഥാനാർത്ഥിക്കും അഞ്ചാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കും തുല്യ വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ എൽ.ഡി.എഫ് 9,യു.ഡി .എഫ് 8 എന്നീ നിലയിലായി. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ എൽ.ഡി.എഫ് ഭരണത്തിലെത്തും.
കരവാരം: കരവാരം പഞ്ചായത്തിൽ ബി.ജെ.പി ക്ക് അട്ടിമറി വിജയം.18 വാർഡുകളുള്ള പഞ്ചായത്തിൽ 9 സീറ്റുകൾ നേടിയതോടെ ബി.ജെ.പി അധികാരത്തിൽ എത്തും. കഴിഞ്ഞ തവണ 10 സീറ്റുകൾ നേടിയ എൽ.ഡി.എഫ് ഇപ്രാവശ്യം 5 ആയി ചുരുങ്ങി. യു.ഡി.എഫിനും ,എസ്.ഡി.പി.ഐക്കും 2 സീറ്റുകൾ വീതം ലഭിച്ചു.കഴിഞ്ഞ തവണ ഒറ്റ സീറ്റ് പോലും ലഭിക്കാതിരുന്ന ബി.ജെ.പി യാണ് ഇത്തവണ അധികാരത്തിലെത്താൻ പോകുന്നത്.