nss

കാട്ടാക്കട: കൊവിഡ് അതിജീവനത്തിനായി കാട്ടാക്കട എൻ.എസ്.എസ് കരയോഗ യൂണിയനിൽ ആരംഭിച്ച സ്വയംതൊഴിൽ സംരംഭക വായ്പാ പദ്ധതി ശ്രദ്ധേയമാകുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ ജോലികളിൽ ഏർപ്പെട്ടിരുന്ന കരയോഗ അംഗങ്ങൾക്ക് തൊഴിലുകൾ നഷ്ടമാവുകയും സാമ്പത്തികക്ലേശം അനുഭവിക്കേണ്ടിവരികയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാട്ടാക്കട താലൂക്ക് യൂണിയനും കാട്ടാക്കട താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സമുദായാഗങ്ങൾക്ക് വരുമാന മാർഗമുണ്ടാകത്തക്ക വിധത്തിൽ പദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചത്.

കൃഷി, കൃഷി അനുബന്ധ മേഖലകളിൽ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിച്ച് അതിലൂടെ ഭക്ഷ്യ സ്വയം പര്യാപ്തതയും അംഗങ്ങൾക്ക് സുസ്ഥിര വരുമാനം ഉണ്ടാക്കാനും കഴിയുമെന്ന് യൂണിയൻ പ്രസിഡന്റ് ബി. ചന്ദ്രശേഖരൻ നായരും സെക്രട്ടറി ബി.എസ്. പ്രദീപ് കുമാറും പറയുന്നു. യൂണിയന്റെ സ്വയംതൊഴിൽ വായ്പാ പദ്ധതിക്ക് ആര്യനാട് ധനലക്ഷ്മി ബാങ്കും ധനസഹായവുമായി രംഗത്തെത്തിയതോടെ യൂണിയന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാവുകയായിരുന്നു.

പശുവളർത്തൽ ഉപജീവനമാർഗമായി സ്വീകരിച്ചുള്ള കരയോഗാംഗങ്ങൾക്കും വനിതാ സ്വയംസഹായാംഗങ്ങൾക്കും മിനി ഡെയറി യൂണിറ്റ് പദ്ധതിക്കായി വായ്പ അനുവദിക്കും.18നും 65നും മദ്ധ്യേ പ്രായമുള്ള അംഗങ്ങൾ അഞ്ചുപേർ ചേർന്ന കരയോഗ-വനിതാ സ്വയംസഹായാംഗങ്ങൾക്കും അഞ്ച് അംഗങ്ങളെ ചേർത്ത് ജെ.എൽ.ജികൾ രൂപീകരിച്ച് പ്രത്യേക സ്വയംതൊഴിൽ വായ്പയ്ക്കും അപേക്ഷിക്കാം.

ആടുവളർത്തൽ, കോഴി വളർത്തൽ, ജൈവ പച്ചക്കറി കൃഷി, കൃഷി അനുബന്ധമേഖലകളിൽ സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ജെ.എൽ.ജികൾ രൂപീകരിച്ച് കാട്ടാക്കട താലൂക്ക് യൂണിയനുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ അറിയിച്ചു.