
തദ്ദേശ തിരിച്ചടിയിൽ അതൃപ്തി ഹൈക്കമാൻഡിനും നാളെ യു.ഡി.എഫ് യോഗം
തിരുവനന്തപുരം: സർക്കാർ വിവാദച്ചുഴിയിൽപ്പെട്ടതിന്റെ അനുകൂല രാഷ്ട്രീയ സാഹചര്യത്തിലും തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റു വാങ്ങിയതിലെ അസംതൃപ്തി സംസ്ഥാന കോൺഗ്രസിലും യു.ഡി.എഫ് ഘടകകക്ഷികൾക്കിടയിലും കടുത്ത വിമർശനത്തിന് വഴിതുറന്നു.
പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണ് പരാജയ കാരണമെന്നും ഏതാനും നേതാക്കൾ അടച്ചിട്ട മുറിയിലിരുന്നെടുക്കുന്ന തീരുമാനങ്ങൾ അണികളെ മറന്നുള്ളതാണെന്നുമുള്ള വികാരം താഴെത്തട്ടു മുതൽ ശക്തമാണ്. നേതൃത്വത്തെ ലാക്കാക്കിയുള്ള 'കൊട്ടാരവിപ്ലവ'ത്തിന്റെ സൂചനയായി, ഇന്നലെ പാർട്ടി എം.പിമാരടക്കമുള്ളവർ രൂക്ഷവിമർശനമുയർത്തി രംഗത്തെത്തി.
കഴിഞ്ഞ ദിവസം കെ. മുരളീധരൻ തുടങ്ങിവച്ച വിമർശനം ഇന്നലെ പി.ജെ. കുര്യനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഏറ്റെടുത്തു. നേതൃമാറ്റമില്ലെങ്കിൽ പാർട്ടിക്ക് പിടിച്ചു നിൽക്കാനാവില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ തുറന്നടിച്ചു. തിരിച്ചടിയേറ്റതിലെ അസന്തുഷ്ടി ഹൈക്കമാൻഡും പ്രകടിപ്പിച്ചെങ്കിലും, നേതൃമാറ്റമെന്ന ആവശ്യം തള്ളി. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ, ഇപ്പോഴത്തെ നേതൃത്വം തുടർന്നാലും ശൈലി മാറ്റിയേ തീരൂവെന്നാണ് താഴെത്തട്ടിൽ നിന്നുയരുന്ന മുറവിളി.
തിരിച്ചടിക്ക് കോൺഗ്രസ് നേതൃത്വത്തെയാണ് യു.ഡി.എഫ് ഘടകകക്ഷികളും പഴിക്കുന്നത്. വെൽഫെയർ പാർട്ടിയെച്ചൊല്ലിയുണ്ടായ തർക്ക-വിതർക്കങ്ങൾ വിനയായതായി മുസ്ലിംലീഗും ആർ.എസ്.പിയും വിലയിരുത്തുന്നു. കോൺഗ്രസ് നേതാക്കൾക്കിടയിലെ വ്യക്തതയില്ലായ്മയെ പഴിചാരി ലീഗ്, ആർ.എസ്.പി നേതാക്കൾ രംഗത്തെത്തി. നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ഇതൊരു കൂട്ട വിമർശനത്തിന് വഴിവച്ചേക്കാം. കോൺഗ്രസ് പാലം വലിച്ചെന്ന ആക്ഷേപം പി.ജെ. ജോസഫുമുയർത്തി.
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് നാല് നേതാക്കൾ സംയുക്ത വാർത്താസമ്മേളനം നടത്തി അവകാശപ്പെട്ടതിന് പിന്നാലെ, അതു തള്ളി കെ.മുരളീധരൻ രംഗത്തുവന്നത് നേതൃത്വത്തിന് മുറിവിൽ മുളകരച്ച് തേയ്ക്കുന്നതായി. പിന്നാലെയാണ് കൂട്ട ആക്രമണം . ബുധനാഴ്ച കോഴിക്കോട്ട് മുരളിക്കനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടെങ്കിൽ, ഇന്നലെ തലസ്ഥാനത്ത് വ്യാപകമായി ജില്ലയിലെ പ്രമുഖരെ പേരെടുത്ത് ആക്രമിച്ചുള്ള പോസ്റ്ററുകൾ പതിച്ചു. കോർപറേഷനിൽ ദയനീയ പതനത്തിലേക്ക് പാർട്ടി എത്തിച്ചേർന്നത് അണികളെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുകയാണ്.
ഡൽഹി കർഷക മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ നടത്താനിരുന്ന രാജ്ഭവൻ മാർച്ച് ജില്ലയിലെ പാർട്ടിയിലുണ്ടായ അസ്വസ്ഥതകൾ കണക്കിലെടുത്ത് അവസാനനിമിഷം മാറ്റിവച്ചു. അണികളുടെ കൂട്ടബഹിഷ്കരണം ഭയന്നാണിതെന്ന സംസാരം സജീവം.തലസ്ഥാനത്ത് യൂത്ത് കോൺഗ്രസിന്റെ ലേബലിൽ ഗ്രൂപ്പ് നേതാക്കളുടെ താല്പര്യം മറയാക്കി ജനബന്ധമില്ലാത്ത പലരെയും മത്സരിപ്പിച്ചെന്ന ആക്ഷേപമുണ്ട്. എ ഗ്രൂപ്പിന്റെ ചുക്കാൻ പിടിക്കുന്ന ജില്ലയിലെ പ്രമുഖനെ ലാക്കാക്കിയാണ് ഈ ആക്രമണമെങ്കിൽ, തലസ്ഥാനത്തെ ഐ ഗ്രൂപ്പ് പ്രമുഖന്റെ ചരടുവലികളിലും വ്യാപക അമർഷമുണ്ട്.
കോട്ടയം ജില്ലയിലെ ഉറച്ച കോട്ടകളിൽ വിള്ളലുണ്ടാകുന്നതിന് വഴിവച്ച ജോസ് കെ.മാണിയുടെ പുറത്താക്കൽ അവധാനതയില്ലാത്ത തീരുമാനമായെന്ന പഴിയുമുയരുന്നു. മുന്നണി ചെയർമാനായ രമേശ് ചെന്നിത്തലയ്ക്ക് നേരെയാണ് ഒളിയമ്പ്. രണ്ടരലക്ഷം പേർക്ക് വീടുറപ്പാക്കിയ ലൈഫ് മിഷനെ, തങ്ങൾ അധികാരത്തിലെത്തിയാൽ പിരിച്ചുവിടുമെന്ന മുന്നണി കൺവീനർ ഹസ്സന്റെ പ്രതികരണവും വിനയായതായി ചൂണ്ടിക്കാണിക്കപ്പെട്ടു..
മുഖ്യമന്ത്രിയാകാൻ തയ്യാറെടുത്തിരിക്കുന്നവർ ഇൗ ശൈലി മതിയാവില്ലെന്ന് തിരിച്ചറിയണം. തൊലിപ്പുറത്തുള്ള ചികിത്സയല്ല, മേജർ സർജറി തന്നെ കോൺഗ്രസിന് ആവശ്യം.
കെ. മുരളീധരൻ
ആജ്ഞാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെ.പി.സി.സിക്കുണ്ട്. ശുപാർശയ്ക്കും വ്യക്തിതാല്പര്യങ്ങൾക്കും വഴങ്ങാത്ത നേതൃനിരവേണം.
കെ. സുധാകരൻ
സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം പാളിച്ചയുണ്ടായി. ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടു. തിരുത്തൽ അനിവാര്യമെങ്കിലും നേതൃമാറ്റം ആവശ്യമില്ല.
കെ.സി. വേണുഗോപാൽ