
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമാക്കാൻ ബി.ജെ.പി . യു.ഡി.എഫ് ദുർബലമാകുന്നത് ബി.ജെ.പിക്ക് നേട്ടമാവുമെന്നാണ് ഇന്നലെ ഓൺലൈനായി ചേർന്ന ബി.ജെ.പി കോർ കമ്മിറ്റിയുടെ വിലയിരുത്തൽ.
സി.പി.എം ജയിച്ചാലും ബി.ജെ.പി ജയിക്കരുതെന്ന പിടിവാശി പലയിടങ്ങളിലും യു.ഡി.എഫ് പ്രകടിപ്പിച്ചതായാണ് അനുമാനം. ഇടതുപക്ഷത്തിന് സഹായകരമായ വിധത്തിൽ പലയിടത്തും മുസ്ലീം വോട്ടുകൾ ഏകീകരിക്കാൻ മുന്നണി ബന്ധങ്ങൾ മറന്നും മുസ്ലീംലീഗ് ശ്രമിച്ചു. അതേ സമയം ബി.ജെ.പിക്കെതിരായി ന്യൂനപക്ഷ വിഭാഗങ്ങളുടെ കേന്ദ്രീകരണത്തിന് പ്രത്യാഘാതമുണ്ടായി. ''റിവേഴ്സ് പോളാറൈസേഷൻ'' എന്നാണ് ബി.ജെ.പി ഇതിനെ വിശേഷിപ്പിക്കുന്നത്.
ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് ജയസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ എതിർ സ്ഥാനാർത്ഥികൾക്ക് മുന്നണി ബന്ധങ്ങൾ മറന്ന് വോട്ടുചെയ്യാൻ പ്രേരിപ്പിക്കുന്ന ന്യൂനപക്ഷ ഏകീകരണം പലയിടത്തും ഭൂരിപക്ഷ ഏകീകരണമുണ്ടാക്കിയതായാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.
യു.ഡി.എഫ് ദുർബലമാണെന്ന് വ്യാഖ്യാനിച്ച് കേരളത്തിൽ എൽ.ഡി.എഫ് വിരുദ്ധ ശക്തിയാവാൻ തങ്ങൾക്കേ കഴിയൂ എന്ന് പ്രചരിപ്പിക്കാനാണ് ബി.ജെ.പി ശ്രമം. ജനപിന്തുണയിലും സംഘടനാ സംവിധാനത്തിലും മുന്നിൽ നിൽക്കുന്ന 50 ഓളം മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തനം കൂടുതൽ സജീവമാക്കും.
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി നേട്ടങ്ങളുണ്ടാക്കിയെന്നാണ് ബി.ജെ.പി വിലയിരുത്തൽ. നഗര ,ഗ്രാമപ്രദേശങ്ങളിൽ നേട്ടമുണ്ടാക്കാനായി. തിരുവല്ലം, തിരുവനന്തപുരം കോട്ടയ്ക്കകം,കരിക്കകം, ശിവഗിരി,ചെമ്പഴന്തി,പന്തളം, ശബരിമല , ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, വൈക്കം, ഗുരുവായൂർ, കൊടുങ്ങല്ലൂർ, തളിപ്പറമ്പ് തുടങ്ങിയ ആത്മീയ കേന്ദ്രങ്ങളിലൊക്കെ ബി.ജെ.പി ജയിച്ചു. പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് പാർട്ടിക്ക് ലഭിച്ചത്. പട്ടികജാതിക്കാരെ ജനറൽ സീറ്റിൽ നിറുത്തി മത്സരിപ്പിക്കാനും കഴിഞ്ഞു. പിന്നാക്കക്കാർക്കിടയിൽ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാനാണ് തീരുമാനം.