കല്ലറ: ഇത്തവണയും പാങ്ങോട് പഞ്ചായത്തിൽ ഒറ്റ കക്ഷി ഭരണം ഇല്ല. കഴിഞ്ഞ തവണത്തെ ഭരണം കൊണ്ട് പ്രദേശങ്ങളിൽ ശ്രദ്ധേയമായ തിരഞ്ഞെടുപ്പാണ് പാങ്ങോട് നടന്നത്. ഇത്തവണ എൽ.ഡി.എഫിന് എട്ടും,യു.ഡി.എഫിന് ഏഴും,വെൽഫെയർ പാർട്ടിക്കും,എസ്.ഡി.പി.ഐക്കും രണ്ട് വീതം സീറ്റുകളുമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 4 സീറ്റ് ലഭിച്ച ബി.ജെ.പി ക്ക് ഒരു സീറ്റും ലഭിച്ചില്ല.19 അംഗ ഭരണ സമിതിയുള്ള പാങ്ങോട് പഞ്ചായത്തിൽ കേവല ഭൂരിപക്ഷമില്ലാതെ വന്നതോടെ കഴിഞ്ഞ പ്രാവശ്യത്തെ പോലെ വെൽഫെയർ പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും നിലപാട് നിർണായകമാകും. കഴിഞ്ഞ തവണ സീറ്റിൽ എൽ.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് നാലും എസ്.ഡി.പി.ഐക്ക് മൂന്നും വെൽഫെയർ പാർട്ടിക്ക് ഒരു സീറ്റും ആണ് ലഭിച്ചത്. വെൽഫെയർ പാർട്ടി എൽ.ഡി.എഫിന് അനുകൂലമായ നിലപാട് എടുത്തപ്പോൾ എസ്.ഡി.പി.ഐ യു.ഡി.എഫിനൊപ്പം നിന്നു. ഇതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചു. ബി.ജെ.പി സ്വതന്ത്രമായി തന്നെ നിന്നു. വൈസ് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനും ലഭിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ വെൽഫെയർ പാർട്ടി എൽ.ഡി.എഫിന്റെ പിന്തുണ പിൻവലിക്കുകയും അവിശ്വാസത്തിലൂടെ വികസനകാര്യ സ്ഥിരം സമിതി പദവി കൈക്കലാക്കുകയും ചെയ്തു. നാലുവർഷം അടുത്തപ്പോൾ എൽ.ഡി.എഫിലെ അടപ്പു പാറ പഞ്ചായത്ത് അംഗം രാജിവച്ചു. അപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. ഇതോടെ എൽ.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുകയും യു.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയും ചെയ്തു. അങ്ങനെ വിവിധ കക്ഷികളുടെ പിൻബലത്തോടെ ഭരണം നയിച്ച പാങ്ങോട് ഇത്തവണയെങ്കിലും ഒറ്റക്കക്ഷി ഭരണം വരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ നടന്നത് കഴിഞ്ഞ പ്രാവശ്യത്തിന്റെ തനിയാവർത്തനം.