വർക്കല: വർക്കല നിയോജകമണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച സമ്മദിദായകർക്കും അവരെ വിജയിപ്പിക്കുന്നതിന് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച പ്രവർത്തകർക്കും അഡ്വ. വി. ജോയി എം.എൽ.എ നന്ദി രേഖപ്പെടുത്തി. വർക്കല നിയോജകമണ്ഡലം അതിന്റെ ഇടതുപക്ഷ ആധിപത്യം നിലനിറുത്തിയതായും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ ഉൾപ്പെട്ട നഗരസഭയും ഏഴ് ഗ്രാമപഞ്ചായത്തുകളും എൽ.ഡി.എഫിനൊപ്പമാണ്. കഴിഞ്ഞ തവണ കോൺഗ്രസ് ഭരണത്തിലായിരുന്ന നാവായിക്കുളം, വെട്ടൂർ ഗ്രാമപഞ്ചായത്തുകൾ എൽ.ഡി.എഫ് തിരിച്ചുപിടിച്ചു.

നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി എൽ.ഡി.എഫാണ്. വർക്കല നഗരസഭയിൽ എൽ.ഡി.എഫിന്റെ തുടർഭരണമുണ്ടാകും. 17 സീറ്റുകളിൽ 13 എണ്ണവും നേടി ഇടവ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് അത്യുജ്ജ്വലവിജയമാണ് നേടിയത്. വെട്ടൂരിൽ 14ൽ 10 സീറ്റും നേടി. ഇലകമണിലും ചെമ്മരുതിയിലും ഭരണം നിലനിറുത്തും. പള്ളിക്കലിൽ 13ൽ 8 സീറ്റ് എൽ.ഡി.എഫ് നേടി. ഏഴ് സീറ്റ് മടവൂരിൽ ഭരണം നിലനിറുത്തും. കഴിഞ്ഞ തവണ ഭരണം നഷ്ടപ്പെട്ട നാവായിക്കുളം ഇക്കുറി പിടിച്ചെടുത്തു. മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിൽ ഭൂരിപക്ഷവും നേടി. ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥികൾ എല്ലാപേരും വിജയിച്ചു. അതിൽ ചെമ്മരുതി ജില്ലാ ഡിവിഷനിൽ മത്സരിച്ച ഗീതാ നസീറിന് 9320 വോട്ടിന്റെ ഭൂരിപക്ഷവും മണമ്പൂരിൽ വിജയിച്ച പ്രിയദർശിനിക്ക് 1536 വോട്ടിന്റെ ഭൂരിപക്ഷവും നാവായിക്കുളത്ത് വിജയിച്ച ബേബിസുധയ്ക്ക് 3840 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. മൂന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും കൂടി മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ലഭിച്ചത് 14686 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഇതൊരു സർവകാല റെക്കാഡാണെന്ന് അഡ്വ. ജോയി എം.എൽ.എ പറഞ്ഞു.