
* പഠിച്ചിറങ്ങാൻ ചെലവ് ഒരു കോടിയിലേറെ ;ഇനി പ്രതീക്ഷ ഹൈക്കോടതിയിൽ
തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ അമിത ഫീസീടാക്കാനുള്ള നീക്കത്തിനെതിരായ സർക്കാർ ഹർജി സുപ്രീംകോടതി തള്ളിയതോടെ, ഹൈക്കോടതി നിശ്ചയിക്കുന്ന ഫീസിൽ പ്രതീക്ഷയർപ്പിക്കുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.
19 സ്വാശ്രയ കോളേജുകളിൽ 6.22-7.65 ലക്ഷം ഫീസാണ് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ചത്. മാനേജ്മെന്റുകളുടെ ആവശ്യം 11-22ലക്ഷവും. കൂടിയ ഫീസ് നൽകാമെന്ന് സത്യവാങ്മൂലം നൽകിയാണ് കുട്ടികൾ പ്രവേശനം നേടിയിട്ടുള്ളത്. മാനേജ്മെന്റുകൾ ആവശ്യപ്പെട്ട ഫീസ്, ഹൈക്കോടതി ഉത്തരവു പ്രകാരം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് പ്രകാരമായിരിക്കും ഇക്കൊല്ലത്തെ ഫീസ്.
കഷ്ടപ്പെട്ടു പഠിച്ച് റാങ്കിൽ മുന്നിലെത്തിയ പാവപ്പെട്ട കുട്ടികൾക്ക് താങ്ങാനാവുന്നതല്ല മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ്. ട്യൂഷൻഫീസിനു പുറമെ 70,000രൂപ സ്പെഷ്യൽ ഫീസും ഒരു ലക്ഷം രൂപ ഹോസ്റ്റൽഫീസുമുണ്ട്. ഇതെല്ലാം ചേരുമ്പോൾ ഒരു കോടിക്ക് മുകളിലാവും ചെലവ്. സമ്പന്നർക്കേ ഇത്രയും പണം മുടക്കി പഠിക്കാനാവൂ. വിദ്യാർത്ഥികളുടെ സാമ്പത്തിക ശേഷി കണക്കാക്കി ഫീസ് നിശ്ചയിക്കണമെന്ന് മുൻപ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരമാണ് ഒമ്പതു ലക്ഷത്തിൽ കവിയാത്ത ഫീസ് സർക്കാർ നിശ്ചയിച്ചത്. ഇതിനെതിരെ ഹൈക്കോടതിയിൽ കേസുകൊടുത്താണ്, തങ്ങൾ ആവശ്യപ്പെട്ട ഫീസ് വിജ്ഞാപനം ചെയ്യണമെന്ന ഉത്തരവ് സ്വാശ്രയ മാനേജ്മെന്റുകൾ നേടിയത്.
സമർത്ഥരും സാധാരണക്കാരുമായ കുട്ടികൾക്ക് മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ ചേരാനും സാധിക്കാത്ത സ്ഥിതിയാണെന്ന് പേരന്റ്സ് അസോസിയേഷൻ ഒഫ് മെഡിക്കൽ സ്റ്റുഡന്റ്സ് പറയുന്നു. കൽപ്പിത സർവകലാശാലകളിൽപ്പോലും ഇത്ര ഉയർന്ന ഫീസില്ല. തമിഴ്നാട്ടിലും, കർണ്ണാടകയിലും 50% കുട്ടികൾക്ക് 2 ലക്ഷത്തിനു താഴെയുള്ള ഫീസിൽ പഠിക്കാനാവും.
സുതാര്യമല്ലാത്ത
കണക്കുകൾ
@22ലക്ഷം ആവശ്യപ്പെട്ട പി.കെ.ദാസ് കോളേജ്, സർക്കാർ വിജ്ഞാപമിറക്കി രണ്ടുദിവസം കഴിഞ്ഞപ്പോൾ ഫീസ് 16ലക്ഷമാക്കി കുറച്ചു.
@14, 15, 16 ലക്ഷം എന്നിങ്ങനെ മൂന്ന് ഫീസ്‌ഘടന സർക്കാരിന് നൽകിയ കോഴിക്കോട് കെ.എം.സി.ടി വിജ്ഞാപനത്തിനായി ആവശ്യപ്പെട്ടത് 12ലക്ഷം.
@സർക്കാരിനായി കോളേജുകളുടെ വരവ്-ചെലവ് രേഖകൾ പരിശോധിച്ച് ഹൈക്കോടതി നിയോഗിച്ച സമിതി നിശ്ചയിച്ച ഫീസാണ് മാനേജ്മെന്റുകൾ തള്ളിയത്.
ഫീസ് കൂടിയാൽ
ദോഷം പലത്
1)ഉയർന്ന റാങ്കുള്ള മിടുക്കരായ വിദ്യാർത്ഥികൾ അലോട്ട്‌മെന്റിൽ പങ്കെടുക്കാതെ മാറിനിൽക്കും. റാങ്കിൽ താഴെയുള്ള സമ്പന്നരായ വിദ്യാർത്ഥികൾക്ക് അവസരമൊരുങ്ങും.
2) കോഴക്കളി തടയാൻ 100% സീറ്റിലും നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. സമർത്ഥർ പിന്മാറുന്നതോടെ കോഴക്കളിക്ക് വഴിയൊരുങ്ങും.
സ്വാശ്രയ ഫീസ്:
സംസ്ഥാന സർക്കാർ ഹർജി
സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഉയർന്ന ഫീസ് ഈടാക്കുന്നതിന് വഴിയൊരുക്കുന്ന ഹൈക്കോടതി വിധി ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഫീസ് നിർണയ സമിതിക്കെതിരായ ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവും എൽ. നാഗേശ്വരറാവു അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചില്ല.
ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവാണെന്നും, ഈ ഘട്ടത്തിൽ അത് റദ്ദാക്കാനാകില്ലെന്നും സുപ്രീകോടതി ചൂണ്ടിക്കാട്ടി. അന്തിമ ഉത്തരവിൽ അതൃപ്തിയുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന് സുപ്രീകോടതിയെ സമീപിക്കാം. ഇതോടെ, സ്വാശ്രയ കോളേജുകളിൽ ഹൈക്കോടതി പുറപ്പെടുവിക്കുന്ന അന്തിമ വിധിക്ക് അനുസൃതമായി ഫീസ് നൽകാമെന്ന് വിദ്യാർത്ഥികൾ ഉറപ്പു നൽകേണ്ടി വരും.
പ്രവേശന പരീക്ഷാകമ്മിഷണർ വിജ്ഞാപനം ചെയ്തതു പ്രകാരം സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ മെരിറ്റ് സീറ്റിൽ 7.5- 22 ലക്ഷവും, എൻ.ആർ.ഐ സീറ്റിൽ 20- 34ലക്ഷവുമാണ് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം വിദ്യാർത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത്. മാനദണ്ഡങ്ങൾ പരിഗണിക്കാതെയാണ് ഫീസ് നിർണയ സമിതി സ്വാശ്രയ മെഡിക്കൽ ഫീസ് നിശ്ചയിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈക്കോടതി വിധി അംഗീകരിച്ചാൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനം സാദ്ധ്യമാകാതെ വരുമെന്ന് സർക്കാർ വാദിച്ചു. 2019ലെ കേന്ദ്ര മെഡിക്കൽ കമ്മിഷൻ നിയമപ്രകാരം ഫീസ് നിർണയിക്കാൻ കമ്മിഷന് മാത്രമേ അധികാരമുള്ളൂവെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാൽ, കമ്മിഷൻ ഇതുവരെ നിലവിൽ വന്നിട്ടില്ല. ഈ സാഹചര്യത്തിൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം രൂപംകൊണ്ട ഫീസ് നിർണയസമിതി നിശ്ചയിക്കുന്ന ഫീസാണ് ഈടാക്കേണ്ടതെന്നും സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിംഗ് കോൺസൽ ജി.പ്രകാശും ചൂണ്ടിക്കാട്ടി. മുൻ ഹൈക്കോടതി ജഡ്ജിയായ സമിതി അദ്ധ്യക്ഷനെതിരെ ഹൈക്കോടതി വിധിയിലുള്ള പരാമർശങ്ങൾ നീക്കണമെന്ന ആവശ്യം കോടതി തള്ളി.