
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ 82 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്തു. വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിന്റെ കുടുംബമാണ് പരാതി നൽകിയത്.
സംസ്ഥാന സർക്കാർ, മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് നോഡൽ ഓഫീസറായിരുന്ന ഡോ. അരുണ, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് കേസ് നൽകിയിരിക്കുന്നത്.
രോഗിയുടെ ആരോഗ്യനില മോശമായിട്ടും ചികിത്സയും പരിചരണവും നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും കുടുംബത്തിന് അത്താണിയാകേണ്ടയാളെ കിടപ്പുരോഗിയാക്കിയെന്നും പരാതിയിൽ പറയുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം അനിൽകുമാറിന്റെ കൈകൾ തലയോട് ചേർന്ന് ഉറച്ചുപോയിരുന്നു. ഇതിന്റെ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കും. ഇപ്പോഴും ചികിത്സ തുടരുകയാണെന്നും പാലിയേറ്റീവ് കെയറിൽ നിന്ന് ആഴ്ചയിലൊരിക്കൽ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി ആവശ്യമായ മരുന്നും ചികിത്സയും നൽകുന്നുണ്ടെന്നും മകൾ അർച്ചന പറയുന്നു. അനിൽകുമാറിന്റെ ഭാര്യ അനിതകുമാരി കാൻസർ രോഗിയാണ്.
കഴിഞ്ഞ ആഗസ്റ്റിലാണ് 21നാണ് ജോലിക്ക് പോയി തിരിച്ചുവരുന്ന വഴിക്ക് വീടിന് മുന്നിൽ വീണ് അനിൽകുമാറിന് പരിക്കേറ്റത്. ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.