kusala

വർക്കല: രോഗം തളർത്തിയ ജീവിതത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് അർബുദരോഗിയായ അയിരൂർ കായൽപുറം ഇടയിലഴികം വീട്ടിൽ കുശല (54)യും പ്ലസ്ടു വിദ്യാർത്ഥിയായ മകൻ വിപിനും. ഗ്രാമപഞ്ചായത്തിൽ നിന്നും കിട്ടിയ മൂന്ന് സെന്റിലെ പണിതീരാത്ത വീട് മാത്രമാണ് ഇവരുടെ ഏക സമ്പാദ്യം. 17 വർഷം മുൻപ് കുശലയെ ഭർത്താവ് ഉപേക്ഷിച്ചു പോയതാണ്. കൂലിപ്പണി ചെയ്തായിരുന്നു പിന്നീടുള്ള ജീവിതം. രണ്ട് വർഷം മുൻപ് രോഗം കണ്ടുതുടങ്ങിയെങ്കിലും ആറ് മാസം മുൻപാണ് ഡോക്ടർമാർ തൊണ്ടയിലെ അർബുദം സ്ഥിരീകരിച്ചത്. ഏറെനാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. ഇപ്പോൾ തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിലാണ്. നിത്യജീവിതം പോലും പരുങ്ങലിലായ ഇവർക്ക് ചില സുമസുകളുടെ സഹായമേയുളളൂ. ചികിത്സയ്ക്ക് തിരുവനന്തപുരത്ത് പോകാൻ വണ്ടിക്കൂലിക്ക് പോലും മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടാതെ വയ്യ. ഇപ്പോൾ സംസാരിക്കാനുമാകില്ല. ട്യൂബ് വഴി ദ്രവരൂപത്തിലെ ആഹാരമാണ് നൽകുന്നത്. തുടർചികിത്സയ്ക്ക് നല്ലൊരു തുകവേണം. അതോടൊപ്പം അമ്മയുടെയും മകന്റെയും നിത്യജീവിതവും കഴിഞ്ഞുപോകണം. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ അയിരൂർ ശാഖയിൽ കുശലകുമാരിയുടെ പേരിൽ 033901000060389 നമ്പരായി അക്കൗണ്ടുണ്ട്. IFSC: IOBA0000339. സന്മനസുളളവരുടെ സഹായം പ്രതീക്ഷിക്കുന്നു.