pinarayi
p

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര ഏജൻസികൾ നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും, അതിൽ തിരുത്തൽ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്.

ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര ഏജൻസികൾക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിർണയിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ സത്യം കണ്ടെത്താൻ അവർക്ക് അവകാശവുമുണ്ട്. പക്ഷേ, അധികാര പരിധി മറികടന്ന് അന്വേഷണ വിഷയത്തിനു പുറത്ത് വല്ലതും കണ്ടെത്താനാകുമോയെന്ന പരതൽ ഏജൻസികളുടെ വിശ്വാസ്യത ഇല്ലാതാക്കും. സർക്കാരിന്റെ വികസന പരിപാടികളെ തടസപ്പെടുത്തും. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം നഷ്ടപ്പെടുത്തും. ഏജൻസികളുടെ വഴിവിട്ട പോക്ക് സർക്കാരിന് ഭരണപരമായി ഗൗരവമുള്ള പ്രശ്നമാണ്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്, രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാൽ ഫലപ്രദമായ അന്വേഷണം വേണമെന്നതിനാലാണ്. യു.എ.ഇ. കോൺസുലേറ്റിലെ ചില മുൻ ജീവനക്കാർ പ്രതിചേർക്കപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് പ്രതികളുമായി ബന്ധമുണ്ടെന്ന വാർത്തകൾ വന്നപ്പോൾ അദ്ദേഹത്തെ മാറ്റി. പിന്നീട് സസ്പെൻഡ് ചെയ്തു. സ്വർണക്കടത്ത് ഫലപ്രദമായി അന്വേഷിക്കേണ്ട ഏജൻസികൾ അതൊഴികെ മറ്റെല്ലാം ചെയ്യുകയാണ്.

പ്രതികളുടെയും സാക്ഷികളുടെയും മൊഴികൾ മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നു. സമൻസയച്ചാൽ ആളിന് ലഭിക്കും മുമ്പ് മാദ്ധ്യമങ്ങളിൽ വാർത്തയാകുന്നു. ചില അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സർക്കാരിനെയും സർക്കാരിന് നേതൃത്വം നൽകുന്നവരെയും അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത പ്രചാരണമാണ് നടക്കുന്നത്. മജിസ്‌ട്രേട്ടിന് നൽകുന്ന രഹസ്യമൊഴികൾ ചോർത്തി നൽകുന്നത് ഇതിനു തെളിവാണ്.

അഞ്ചുമാസം കഴിഞ്ഞിട്ടും സ്വർണം അയച്ചവരെയോ അത് ലഭിച്ചവരെയോ കണ്ടെത്തിയിട്ടില്ല.വിദേശത്തുള്ള പ്രതികളെയും സംശയിക്കപ്പെടുന്നവരെയും പിടികൂടിയിട്ടുമില്ല. ഈ ഉത്തരവാദിത്വം നിർവഹിക്കാതെ സർക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള പ്രവർത്തനമാണ് ഏജൻസികൾ നടത്തുന്നതെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.