
തിരുവനന്തപുരം: പൊലീസ് വാഹനങ്ങളിലെ വിൻഡോ കർട്ടനുകളും വാഹനത്തിന് മുന്നിലെ ബുൾബാറും ഗ്ലാസിലെ കറുത്ത ഫിലിമുകളും ഉടൻ നീക്കാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. സ്വകാര്യ വാഹനങ്ങളിൽനിന്ന് ഇവ നീക്കം ചെയ്യുകയും സർക്കാർ വാഹനങ്ങളിൽ നിലനിറുത്തുകയും ചെയ്യുന്നത് ജനങ്ങൾക്കിടയിൽ തെറ്റായസന്ദേശം നൽകുമെന്ന് ഡി.ജി.പി വ്യക്തമാക്കി. വിൻഡോ കർട്ടനുകൾക്കും കറുത്ത ഫിലിമുകൾക്കും കേന്ദ്ര മോട്ടർ വാഹന ഭേദഗതി അനുസരിച്ച് 5000 രൂപ വരെ പിഴ ഈടാക്കാനാകും. സുപ്രീംകോടതി വിധിയനുസരിച്ചാണ് ഗ്ലാസിലെ കറുത്ത ഫിലിമുകൾ നീക്കിയത്. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലും ഗതാഗതവകുപ്പിലെ വാഹനങ്ങളിലും കർട്ടനുപയോഗിച്ചു. എന്നാൽ ഇത് നിയമവിരുദ്ധമാണെന്നു ഹൈക്കോടതി പറഞ്ഞതോടെ കർട്ടനുകളും നിയമവിരുദ്ധമായി. വാഹനത്തിൽ ബുൾബാർ, ക്രാഷ് ഗാർഡ് എന്നിവ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.