
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ബഹിരാകാശ ശാസ്ത്ര എൻജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പെയ്സ് സയൻസ് ആൻഡ് ടെക്നോളജിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാഷണൽ ഇംപോർട്ടന്റ്സ് പദവി ഉടൻ ലഭിക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. ഐ.ഐ.എസ്.ടി.യുടെ എട്ടാമത് ബിരുദദാന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്ക് ഏറെ സംഭാവനകൾ ചെയ്യാനാകുന്ന മേഖലയാണ് ബഹിരാകാശ ശാസ്ത്രം. ആഗോളതലത്തിൽ 370 ബില്ല്യൺ ഡോളറാണ് ബഹിരാകാശ വ്യവസായ മേഖലയ്ക്കുള്ളത്. ഇതിൽ ഇന്ത്യയുടെ പങ്കാളിത്തം കൂടി വരികയാണെന്നും ഡോ. ശിവൻ പറഞ്ഞു.
സമ്മേളനം സി.എസ്.ഐ.ആർ ഡയറക്ടർ ജനറൽ ഡോ. ശേഖർ ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചാൻസലർ ഡോ. ബി.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥ്, ഡോ. വി.കെ. ധദ്വാൾ തുടങ്ങിയവർ സംസാരിച്ചു. 230 വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ വിതരണം ചെയ്തു.