
തിരുവല്ല: ബി.ജെ.പി സ്ഥാനാർത്ഥിയുടെ മാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. നിരണം ഗ്രാമപഞ്ചായത്ത് ആറാംവാർഡ് സ്ഥാനാർത്ഥി ശ്രീജിത്ത് സോമന്റെ മാതാവ് സരസമ്മയെ (62) ആണ് ആക്രമിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.വിജയിച്ച സി.പി.എം സ്ഥാനാർത്ഥി ബിനീഷ്‌കുമാറിന്റെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആക്രമണം. വീടിന്റെ മുന്നിൽ നിറുത്തിയിട്ടിരുന്ന ശ്രീജിത്തിന്റെ കാറിനടിയിൽ പടക്കം പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞതാണ് അക്രമത്തിൽ കലാശിച്ചത്. വലതുകൈയുടെ തോളെല്ലിന് വെട്ടേറ്റ സരസമ്മയെ പരുമലയിലെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവത്തിൽ അനന്തു, ബെറിൻ എന്നിവരെ അറസ്റ്റ് ചെയ്തതായി പുളിക്കീഴ് പൊലീസ് പറഞ്ഞു.